Foto

പ്രൊഫ. ഡോ. സ്കറിയാ സക്കറിയ കരിക്കംപള്ളിൽ അന്തരിച്ചു

പ്രമുഖ മലയാളഭാഷാ പണ്ഡിതനും ഗവേഷകനും അധ്യാപകനുമായ പ്രൊഫ. ഡോ.സ്‌കറിയാ സക്കറിയ കരിക്കംപള്ളിൽ (75) അന്തരിച്ചു. അർദ്ധരാത്രിയിൽ ഉറക്കത്തിലായിരുന്നു മരണം. മകൻ അരുൾ സമീപമുണ്ടായിരുന്നു.

അസുഖങ്ങള്‍ മൂലം ഏതാനും മാസങ്ങളായി ചങ്ങനാശ്ശേരി പെരുന്നയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. എടത്വ ചെക്കിടിക്കാട് കരിക്കംപള്ളിൽ കുടുംബാംഗമാണ്.

സംസ്‌കാരം നാളെ 2022 ഒക്ടോബർ 20-ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശ്ശേരി സെന്റ് മേരീസ് കത്തീഡ്രലി (വലിയ പള്ളി).-ൽ.

മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ. ഇന്നു 2022 ഒക്ടോബർ 19-ന് ബുധനാഴ്ച വൈകുന്നേരം നാലു മണി മുതൽ ചങ്ങനാശ്ശേരി പെരുന്നയിലെ കരിക്കംപള്ളിൽ വീട്ടിൽ പൊതുദർശനം.

ദീര്‍ഘകാലം ചങ്ങനാശ്ശേരി എസ്ബി കോളേജിലും തുടര്‍ന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും മലയാളം വകുപ്പധ്യക്ഷനായിരുന്നു. ജര്‍മനി, ഇസ്രയേല്‍, അമേരിക്ക തുടങ്ങി വിവിധ വിദേശ രാജ്യങ്ങളിലെ ഭാഷാശാസ്ത്രജ്ഞരുമായും സംസ്‌കാര ഗവേഷകരുമായും ചേര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ ഒട്ടേറെ ഗവേഷണ പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംസ്‌കാര പഠനം -കള്‍ച്ചറല്‍ സ്റ്റഡീസ്- എന്ന വിജ്ഞാന ശാഖയ്ക്ക് കേരളത്തില്‍ തുടക്കമിട്ടത് അദ്ദേഹമാണ്.

മലയാള ഭാഷയുടെ വികാസ പരിണാമങ്ങളുമായി ബന്ധപ്പെട്ട അതിവിപുലമായ ഗവേഷണങ്ങൾ ഡോ. സ്കറിയ സക്കറിയ നടത്തിയിട്ടുണ്ട്. ജർമനിയിലെ ടൂബിങ്ങൻ സർവകലാശാലയിൽനിന്ന് ഹെർമൻ ഗുണ്ടർട്ടിന്റെ രേഖാ ശേഖരങ്ങൾ കണ്ടെത്തി പ്രസിദ്ധീകരിച്ചത് അക്കൂട്ടത്തിൽ ഏറെ പ്രധാനമാണ്. പിന്നീട് സർവകലാശാലയിൽ ഹെർമൻ ഗുണ്ടർട്ട് ചെയർ പ്രൊഫസർ ആയി മലയാളം സർവകലാശാല നിയമിച്ചു. 2015 ഒക്‌ടോബർ 9-നാണ് ട്യൂബിങ്ങൻ സർവകലാശാലയിലെ ചെയർ സ്ഥാപിതമായത്. ഹെർമൻ ഗുണ്ടർട്ടിന്റെ കൃതികൾ 1986-ൽ ഡോ. സ്കറിയ സക്കറിയ തിരിച്ചറിഞ്ഞു.

വിപുലമായ അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങളിൽ പ്രധാനപ്പെട്ടവ മലയാള വഴികൾ എന്ന പേരിൽ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദയം പേരൂർ സുന്നഹദോസിന്റെ കാനോനകൾ, മലയാളവും ഹെർമൻ ഗുണ്ടർട്ടും തുടങ്ങി ഗവേഷണ പ്രധാനമായ ഒട്ടേറെ കൃതികൾ പ്രസിദ്ധീകരിച്ചു.

മലയാള ഭാഷാ പഠനം, സംസ്കാര പഠനങ്ങൾ, ഭാഷാ ചരിത്രം, ജൂത പഠനം, സ്ത്രീപഠനങ്ങൾ, വിവർത്തന പഠനങ്ങൾ, ഫോക്ക്ലോർ തുടങ്ങി മലയാളവും കേരളവുമായി ബന്ധപ്പെട്ട ഒട്ടേറെ പഠനമേഖലകൾക്ക് അന്താരാഷ്ട്ര നിലവാരം നൽകിയ മുതിർന്ന ഗവേഷകനാണ്. ഓക്സ്ഫോഡ്, കേംബ്രിഡ്ജ് തുടങ്ങി ഒട്ടേറെ വിദേശ സർവകലാശാലകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

മലയാളം സർവകലാശാലയും അടുത്തിടെ എം.ജി. സർവകലാശാലയും ഡി. ലിറ്റ് നൽകി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചിട്ടുണ്ട്.

ഭാര്യ: മേരിക്കുട്ടി സ്കറിയ പാലാ കുമ്മണ്ണൂർ കലേക്കാട്ടിൽ കുടുംബാംഗം. മക്കൾ: പ്രൊഫ. ഡോ. അരുൾ ജോർജ് സ്കറിയ (നാഷണൽ ലോ യൂണിവേഴ്സിറ്റി ബെംഗളൂരു), പ്രൊഫ.ഡോ. സുമ സ്കറിയ (കേന്ദ്ര സർവകലാശാല, ഗുൽബെർഗ). മരുമക്കൾ: ഡോ. നിത മോഹൻ (ബെംഗളൂരു), മലപ്പുറം പെരുംകുളം വേക്കൽ പ്രൊഫ. ഡോ. വി.ജെ. വർഗീസ് (ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി).

കരിക്കംപള്ളിൽ പുതുചിറയ്ക്കൽ കറിയാച്ചൻ - ചങ്ങംകരി നീലികാട്ട് ക്ലാരമ്മ ദമ്പതികളുടെ എട്ടു മക്കളിൽ ഏഴാമനാണ് സ്കറിയാ സക്കറിയ (കുഞ്ഞൂഞ്). മറ്റു മക്കൾ: പരേതനായ അപ്പച്ചൻ (ഡെറാഡൂൺ), പരേതനായ കുഞ്ഞുവർക്കി, പായിപ്പാട് വെട്ടികാട് പോളച്ചിറ പരേതയായ അച്ചാമ്മ, പരേതനായ ഫാ. തോമസ് മൂർ കരിക്കംപള്ളിൽ സിഎംഐ., എസ്. ബേബി (ചെക്കിടികാട്), പരേതനായ ജോണമ്മ (കാനഡ), ജയിംസ്കുട്ടി (കാനഡ).

Comments

leave a reply

Related News