ജോഷി ജോര്‍ജ്
സംഭവബഹുലമായൊരു സംരംഭക ജീവിതത്തിനുടമയായിരുന്ന ചാക്കുട്ടി എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന സി. വി ജേക്കബ് ഇനിയില്ല.
എന്നും പുതിയ പുതിയ ആശയങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ച നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമായിരുന്നു ഈ കടയിരിപ്പുകാരന്‍ സി. വി ജേക്കബ്.
കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതി ചേര്‍ത്ത സാങ്കേതികമായി കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തിയ കല്ലാര്‍കുട്ടി ഹൈഡല്‍ പ്രോജകറ്റ്, ആനയിറങ്ങല്‍ ടണല്‍, അപ്പര്‍ കല്ലാര്‍ ടണല്‍, മൂലമറ്റം അണ്ടര്‍ഗ്രൗണ്ട് റോഡ് ടണല്‍, പമ്പ ഡാമിന്റെയും ഇടുക്കി ഡാമിന്റെയും ടണല്‍ ഇങ്ങനെ നീളുന്ന വിജയകരമായ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പിന്നില്‍ സിവിജെ എന്ന സിവില്‍ കോണ്‍ട്രാക്റ്ററുടെ മുഖമുദ്രയുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ഒലിയോറെസിന്‍സ് (സുഗന്ധവ്യഞ്ജനങ്ങളില്‍ നിന്ന് സംസ്‌കരിച്ചെടുക്കുന്ന വിവിധയിനം സത്തുകളാണ് ഒലിയോറെസിന്‍സ്) കമ്പനിയായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനും ചെയര്‍മാനുമായിരുന്നു സിവി. ജേക്കബ്. ഏറ്റവും മികച്ച കയറ്റുമതിക്കാരനുള്ള കേന്ദ്ര സര്‍ക്കാര്‍ ബഹുമതി 1976-77 മുതല്‍ ഒട്ടേറെ വര്‍ഷം രാഷ്ട്രപതിയില്‍ നിന്ന് ലഭിച്ചു. ഇതിനുപുറമേ മറ്റനേകം പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ കോലഞ്ചേരിയില്‍ കടയിരുപ്പ് എന്ന ഗ്രാമത്തില്‍ 1972ല്‍ അദ്ദേഹം തുടങ്ങിയ 'സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്' ഇന്ന് സുഗന്ധവ്യഞ്ജനങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്ന രംഗത്ത് ലോകത്തെ തന്നെ ഏറ്റവും വലിയ ഉത്പാദകരാണ്. കുരുമുളക് സത്തില്‍ നിന്നും ആരംഭിച്ച സിന്തൈറ്റ് ഇന്ന് അഞ്ഞൂറിലധികം വ്യത്യസ്ത ഉല്‍പ്പന്നങ്ങളുമായി സുഗന്ധവ്യഞ്ജന വ്യവസായ മേഖലയില്‍ ഒന്നാമന്‍ ആയി നിലകൊള്ളുന്നു. കേരളത്തിനു പുറമേ ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും ഇന്ത്യയ്ക്ക് വെളിയില്‍ ചൈന, ശ്രീലങ്ക, വിയറ്റ്‌നാം, ഉക്രൈന്‍, ബ്രസീല്‍, എന്നിവിടങ്ങളില്‍ ഫാക്ടറികളും, യുഎസ്, യൂറോപ്പ്എന്നിവിടങ്ങളില്‍ സെയില്‍സ് ഓഫീസുകളും ഉണ്ട്.
പ്രമുഖ കോണ്‍ട്രാക്ടറായിരുന്ന കോലഞ്ചേരി നെച്ചുപ്പാടം സി.യു. വര്‍ക്കിയുടെയും ഏലിയുടെയും മകനായി 1933 സപ്തംബര്‍ 27ന് ആണ് ജനനം. മേപ്പാടം കുടുംബാംഗമായ ഏലിയാമ്മയാണ് ഭാര്യ. ഡോ. വിിജു ജേക്കബ്, അജു ജേക്കബ്, എല്‍വി, സില്‍വി, മിന്ന, മിന്നി എന്നിങ്ങനെ ആറുമക്കള്‍.
1962ല്‍ സി. വി ജേക്കബും സഹോദരന്‍ പോളും പൗലോസും ചേര്‍ന്ന് തുടങ്ങിയ വര്‍ക്കി സണ്‍സ് എന്‍ജിനീയേഴ്സ് ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയത് കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ നിരവധി വന്‍കിട പദ്ധതികളാണ്.
എന്നാല്‍, മൂലമറ്റം ടണല്‍ നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ ജേക്കബിന്റെ ഗുരുവും സുഹൃത്തും മാര്‍ഗദര്‍ശിയുമായ പൗലോസ് മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണം സി. വി ജേക്കബില്‍ സൃഷ്ടിച്ചത് കനത്ത ആഘാതമാണ്. കണ്‍സ്ട്രക്ഷന്‍ജോലികളില്‍ നിന്ന് കുറേക്കാലം അകന്നുനിന്ന സിവിജെ, പുതിയൊരു ബിസിനസ് ആശയം കണ്ടെത്തിയത് ക്രഷര്‍ മേഖലയിലയിലാണ്. കേരളത്തില്‍ തന്നെ ആദ്യമായി വ്യാവസായിക അടിസ്ഥാനത്തില്‍ യന്ത്രവല്‍ക്കൃത ക്രഷര്‍ യൂണിറ്റ് സ്ഥാപിച്ചതും സി വി ജെ തന്നെ.
ഒരു കൊല്‍ക്കത്ത സന്ദര്‍ശനത്തിനിടെയാണ് അടുത്ത ബിസിനസ് ആശയം സിവിജെയില്‍ മൊട്ടിട്ടത്. അവിടെ കണ്ടു പരിചയിച്ച പ്ലൈവുഡ് രംഗത്തേക്കുള്ള പശ നിര്‍മാണ യൂണിറ്റ് കേരളത്തില്‍ തുടങ്ങി. പശ നിര്‍മിക്കാന്‍ ആവശ്യമായ അസംകൃതവസ്തു ദൗര്‍ലഭ്യം പരിഹരിക്കാന്‍ നടത്തിയ ജപ്പാന്‍ യാത്രയാണ് ഒലിയോറെസിന്‍ എന്ന സ്പൈസ് എക്സ്ട്രാറ്റ് നിര്‍മാണ മേഖലയിലേക്ക് വഴി തുറന്നത്.
അവിടെ തുടങ്ങുന്നു സിന്തൈറ്റ് എന്ന ആഗോള കമ്പനിയുടെ ചരിത്രം.
Comments