ദിവസങ്ങൾ കഴിഞ്ഞാലും 'വടി' പോലെ
വെണ്ടയ്ക്കയും പാവയ്ക്കയും,
ഫോർമാലിന്റെ ബലത്തിൽ ബ്യൂട്ടി പോകാതെ
'മിസ്റ്റർ മത്സ്യകന്യകനും' മറ്റും!
കൊച്ചി : വിഷം തളിച്ച പച്ചക്കറികളും ഫോർമലിൻ കലർന്ന മീനുകളും വ്യാജ ആട്ടിറച്ചിയും കൊച്ചി നഗരത്തിൽ വ്യാപകമാകുന്നു. ചില സൂപ്പർ മാർക്കറ്റുകളിൽ പോലും ഇത്തരം വിഷം കലർന്ന ഭക്ഷ്യവിഭവങ്ങൾ വിൽപ്പനയ്ക്കുണ്ടെന്ന് വീട്ടമ്മമാർക്ക് പരാതിയുണ്ട്.
ഇതിനു വീട്ടമ്മമാർ ചില തെളിവുകളും നിരത്തുന്നുണ്ട്. ഒന്നാമതായി പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിച്ചില്ലെങ്കിൽ പോലും ചീഞ്ഞുപോകാതിരിക്കുന്ന അവസ്ഥയാണുള്ളത്. ചില മീനുകൾ വറുത്തു കഴിഞ്ഞാൽ സ്റ്റീൽ പാത്രങ്ങളിൽ വീഴുന്ന പാടുകളാകട്ടെ എത്ര കഴുകിയിട്ടും മായുന്നില്ല. ചില കടകളിൽ നിന്ന് കിട്ടുന്ന ആട്ടിറച്ചി പുഴുങ്ങിക്കഴിയുമ്പോൾ, ഒരുതരം ദുർഗന്ധമുയരുന്നതായും വീട്ടമ്മമാർ പരാതിപ്പെടുന്നു. ആട്ടിറച്ചിയാണെന്നു പറഞ്ഞ് അന്യസംസ്ഥാനങ്ങളിൽ നിന്ന് മറ്റുവല്ല മൃഗങ്ങളുടെയും ഇറച്ചി കേരളത്തിലെത്തുന്നുണ്ടോയെന്നും അന്വേഷിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. നഗരങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽ മാംസവിഭവങ്ങൾ മൊത്തമായി സപ്ലൈ ചെയ്യുന്ന ചിലരുടെ തരികടയും സംശയിക്കപ്പെടണമെന്നും ജനം പറയുന്നു.
ആറ്റിങ്ങലിൽ അൽഫോൻസിയയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവം ഓർമയില്ലേ . തീരദേശ ജനത പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോൾ മുൻസിപ്പൽ ചെയർ പേഴ്സൺ സംഭവത്തിൽ കുറ്റക്കാരന്ന് ആരോപിതരായ രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. അൽഫോൻസിയയെ മന്ത്രി വി. ശിവൻകുട്ടി വീട്ടിലെത്തി ആശ്വസിപ്പിക്കുകയും ചെയ്തു. കുറ്റാരോപിതർ അംഗങ്ങളായുള്ള രണ്ട് ഇടതു സംഘടനകൾ കലിപ്പിലായി. ഇതോടെ സസ്‌പെൻഷൻ പിൻവലിച്ച്, കുറ്റാരോപിതർ 'സത്യസന്ധമായി ജോലി നിർവ്വഹിക്കുകയായിരുന്നുവെന്ന' വിശദീകരണവും മുൻസിപ്പാലിറ്റി നൽകി. സമരം നടത്തിയവർ 'ശശി'യോ 'സോമനോ' ഒക്കെ ആയെന്ന് ജനം തമ്മിൽ പറഞ്ഞു.
ഇനി നടൻ സുരാജ് വെഞ്ഞാറമൂടിന്റെ നാട്ടിലേക്കു പോകാം. ഒപ്പം പോത്തൻ കോടുമുണ്ട്. ഇവിടെയുള്ള പ്രശ്‌നം മത്സ്യ വിൽപ്പനകാരികൾ, മീനിൽ മണൽവിതറുന്നത് പകർച്ച വ്യാധി പരത്തുമെന്ന ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതരുടെ ഇണ്ടാസാണ് മീൻ കേടാകാതെ സൂക്ഷിക്കാൻ 10 ശതമാനം വരെ ഫോർമാലിൻ എന്ന് മാരകമായ വിഷം തളിക്കാമെന്ന് വ്യവസ്ഥയിൽ മാറ്റം വരുത്തിയിട്ടുള്ളത് കേന്ദ്ര ഭക്ഷ്യ വകുപ്പാണ്.
ഇതേ കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അലംഭാവം കൂടി ഇനി പറയട്ടെ. സംസ്ഥാനത്തെ ഭക്ഷ്യസരക്ഷാ വകുപ്പിൽ നാൽപ്പതോളം തസ്തികകൾ സർക്കാർ ഇനിയും നികത്തിയിട്ടില്ല. തൃശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ 7 വീതവും, എറണാകുളം ജില്ലയിൽ നാലും മലപ്പുറത്ത് മൂന്നും, കാസർഗോഡ് രണ്ടും കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട് ഒന്നുവീതം എന്നിങ്ങനെ ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. കോഴിക്കോട് ഭക്ഷ്യ സുരുക്ഷാ വകുപ്പിന് ഒരു മൊബൈൽ സ്‌ക്വാഡുണ്ട്. ഈ സ്‌ക്വാഡിലെ രണ്ട് തസ്തികകൾ ഇനിയും നികത്തിയിട്ടില്ല.
ഭക്ഷ്യ സുരക്ഷാ ഡയറക്ടറേറ്റിലെ അവസ്ഥ കൂടി പറയാം : കഴിഞ്ഞ ഓണക്കിറ്റിൽ ഉണ്ടായിരുന്ന പപ്പടവും ശർക്കരയും ഉപയോഗശൂന്യമായിരുന്നു. ഇത് സപ്ലൈ ചെയ്ത കമ്പനിക്ക് എതിരെ നടപടി സ്വീകരിക്കാൻ ഏതോ നന്മ നിറഞ്ഞ ഉദ്യോഗസ്ഥൻ ശുപാർശ അയച്ചിട്ട് ഒരു വർഷം കഴിഞ്ഞു. ഇതുവരെ നടപടിയില്ല. ഇതിനിടെ പി.എസ്.സി. യുടെ വക വെടിക്കെട്ട് വേറെയുമുണ്ട്. ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ നിയമനത്തിനായുള്ള പരീക്ഷ നടത്തിയിട്ട് നാളുകുറെയായി. ഇനിയും റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചിട്ടില്ല.
ആന്റണി ചടയംമുറി
Video Courtesy: SLO HCC
Comments