എൻഐഎ യെ പ്രതിരോധത്തിലാക്കി മസാച്യുസെറ്റ്‌സിലുള്ള ഫോറൻസിക് ലാബായ ആഴ്‌സനൽ കൺസൽട്ടിങിന്റെ വിദഗ്ധ പരിശോധനാ റിപ്പോർട്ട്
ഫാ.സ്റ്റാൻ സ്വാമി ഉൾപ്പെടെ ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ മനുഷ്യാവകാശപ്രവർത്തകരെ കുടുക്കിയ 'തെളിവുകൾ' ലാപ്‌ടോപ്പിൽ ഹാക്കർമാർ തിരുകിയതാണെന്ന് വ്യക്തമാക്കിയുള്ള ഫോറൻസിക് പരിശോധനാ റിപ്പോർട്ട് പുറത്ത്. പ്രതി സ്ഥാനത്തുള്ള മലയാളി റോണാ വിൽസന്റെ കമ്പ്യൂട്ടറിൽ കൃത്രിമ തെളിവുകൾ തിരുകിക്കയറ്റിയെന്ന് അമേരിക്കയിലെ മസാച്യുസെറ്റ്‌സിലുള്ള ഫോറൻസിക് ലാബായ ആഴ്‌സനൽ കൺസൽട്ടിങിന്റെ പരിശോധനയിൽ കണ്ടെത്തി.
വാഷിങ്ടൺ പോസ്റ്റ് ആണ് ലാബ് റിപ്പോർട്ട് പുറത്തുവിട്ടത്.ആഴ്‌സനൽ മേധാവി മാർക്ക് സ്‌പെൻസർ പറയുന്നത് വളരെ ആസൂത്രിതമായ നീക്കമാണ് ലാപ്‌ടോപ്പ് കേന്ദ്രീകരിച്ച് നടന്നതെന്നാണ്. അറസ്റ്റിലായ റോണ വിൽസണിന്റെ ലാപ്‌ടോപ്പിൽ നിന്നെടുത്തതായി പറയുന്ന ഇലക്ട്രോണിക് പതിപ്പിലെ കൃത്രിമത്വം അദ്ദേഹത്തിന്റെ അഭിഭാഷകൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.അഭിഭാഷകന്റെ അപേക്ഷ മാനിച്ച് വാഷിങ്ടൺ പോസ്റ്റിന്റെ അഭ്യർഥന പ്രകാരം പരിശോധനാഫലം വിലയിരുത്തിയ മൂന്നംഗ വിദഗ്ധസംഘമാണ് ഈ കണ്ടെത്തൽ സാധുവാണെന്ന് വ്യക്തമാക്കിയത്.
ഫോറൻസിക് പരിശോധനാ റിപ്പോർട്ട് റിപ്പോർട്ട് ചൂണ്ടിക്കാട്ടി ബോംബൈ ഹൈക്കോടതിയിൽ റോണ വിൽസണെതിരായ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ സുദീപ് പസ്‌ബോള അപേക്ഷ നൽകിക്കഴിഞ്ഞു.തന്റെ കക്ഷിയുടെ നിരപരാധിത്വം വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. ഫാ.സ്റ്റാൻ സ്വാമി ഉൾപ്പെടെ ഭീമ കൊറേഗാവ് കേസിലെ മുഴുവൻ പ്രതികളെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ് ഈ നിയമ നീക്കം.
കൊല്ലം സ്വദേശിയായ റോണ വിൽസൺ ഡൽഹിയിലെ ഒറ്റമുറി ഫ്‌ളാറ്റിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ഹാക്കർമാർ പത്തോളം കത്തുകൾ അദ്ദേഹത്തിന്റെ ലാപ്‌ടോപിൽ നിക്ഷേപിച്ചു. അതേസമയം എത്ര പേരുടെ സംഘമാണു ഹാക്കിംഗിനു പിന്നിലുണ്ടായിരുന്നതെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ലാപ് ടോപ്പിൽ മാൽവെയർ ഉപയോഗിച്ച് കത്തുകൾ തിരുകിക്കയറ്റിയെന്നാണ് വിദഗ്ധ പരിശോധനയിൽ വ്യക്തമായത്. മോദി സർക്കാരിനെ മറിച്ചിടാൻ ഗൂഢാലോചന നടത്തിയതിന്റെ തെളിവ് ഈ ലാപ്‌ടോപ്പിലുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു.രാജീവ് ഗാന്ധി വധത്തിന് സമാനമായ ഓപ്പറേഷനിലൂടെ നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ടു എന്നായിരുന്നു ആരോപണം.ഇതിനായുള്ള ഗൂഢാലോചന സംബന്ധിച്ച കത്ത് റോണയുടെ ലാപ്‌ടോപിൽ നിന്ന് പിടിച്ചെടുത്തതായി പൊലീസ് അവകാശപ്പെട്ടിരുന്നു.
ഏകദേശം 300 മണിക്കൂർ ചെലവഴിച്ചാണ് ലാപ്‌ടോപ്പ് പരിശോധിച്ചതെന്ന് ആഴ്‌സനൽ മേധാവി പറഞ്ഞു. ബോസ്റ്റൺ മാരത്തൺ ബോംബിംഗ് ഉൾപ്പെടെ പല വിവാദ കേസുകളും തെളിയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സ്ഥാപനമാണ് ആഴ്‌സനൽ. 2016ൽ തീവ്രവാദബന്ധം ആരോപിക്കപ്പെട്ട ടർക്കിഷ് മാധ്യമപ്രവർത്തകന്റെ കമ്പ്യൂട്ടറിലും സമാനമായ രീതിയിൽ തെളിവുകൾ തിരുകിക്കയറ്റിയത് ഇതേ ലാബ് കണ്ടെത്തിയിരുന്നു.
2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിൽ നടന്ന സംഘർഷത്തിന് പിന്നാലെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് റോണ വിൽസൺ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ആദ്യമായി അറസ്റ്റിലാകുന്നത് റോണ വിൽസൺ ആണ്. ഫാ. സ്റ്റാൻ സ്വാമിയും സാമൂഹ്യപ്രവർത്തകരും ഗവേഷകരും പ്രൊഫസർമാരും അഭിഭാഷകരും ഉൾപ്പെടെ മറ്റു 15 പേരുമാണ് ഇതുവരെ അറസ്റ്റിലായത്. പലരും അസുഖബാധിതരും അവശരുമാണ്.
അർബൻ നക്‌സലൈറ്റുകൾ എന്ന് മുദ്രകുത്തി സാമൂഹ്യപ്രവർത്തകരെയും അക്കാദമിസ്റ്റുകളെയുമെല്ലാം അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക വിമർശനം ഉയരുകയുണ്ടായി. അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വക്താവ് ഇന്ത്യയിലെ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തെ നിശബ്ദരാക്കുന്നതിന്റെ ഭാഗമാണ് അറസ്റ്റെന്നും യുഎൻ വിദഗ്ധർ വിമർശിച്ചു.
അതേസമയം എൻഐഎ വക്താവ് ജയാ റോയ് അവകാശപ്പെടുന്നത് അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ ലാപ്‌ടോപ് പരിശോധനയിൽ മാൽവെയറുകൾ കണ്ടെത്തിയിട്ടില്ല എന്നാണ്. കേസിൽ കുറ്റം ചുമത്തപ്പെട്ട വ്യക്തികൾക്കെതിരെ മറ്റ് രേഖകളും വാക്കാലുള്ള തെളിവുകളുമുണ്ടെന്നും ജയാ റോയ് പറയുന്നു.
✍️ ബാബു കദളിക്കാട്
Comments