Foto

ബഫർ സോൺ:വയനാട്ടുകാർ ദുരിതത്തിൽ 

മാനന്തവാടി: വയനാട്ടുകാർ വാപൊളിച്ചു നിൽപ്പാണ് ഇതെന്തു  ബഫർ സോൺ? കേരളത്തിലെ 23  വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ബഫർസോൺ പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ കർഷകർ ആകെ ആശങ്കാകുലരാണ്.

കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് യുഡിഎഫ് തിങ്കളാഴ്ച വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നു.

ജനങ്ങളുടെ കിടപ്പാടവും കൃഷിഭൂമിയും വനം ആക്കി മാറ്റാൻ സംസ്ഥാന ഭരണകൂടം വനവകുപ്പ് വഴി കേന്ദ്രസർക്കാരിന് ശിപാർശ നൽകിക്കഴിഞ്ഞു എന്നതാണ് സമര രംഗത്തുള്ളവർ പറയുന്നത്. പരിസ്ഥിതി സംവേദക മേഖലകൾ (ഇ എസ് ഇസഡ്) എന്ന ഓമനപ്പേരാണ് കേന്ദ്രം ഈ പ്രദേശങ്ങൾക്ക് നൽകിയിട്ടുള്ളത്.

 ഒരു പ്രദേശത്ത് 20 ശതമാനവും കാടുണ്ടെങ്കിൽ ആ മേഖല വനം ആണെന്നാണ് കേന്ദ്രം പറയുന്നത്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ നിയമത്തിൽ ഒഴിവ് ലഭിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.

 പരിസ്ഥിതി സംവേദക മേഖലയായി പ്രഖ്യാപിച്ചാൽ അവിടെ താമസിക്കുന്നവർ നിരവധി കടമ്പകൾ നേരിടേണ്ടിവരും കിണർ കുഴിക്കാൻ, വിദ്യാഭ്യാസ - കാർഷിക വായ്പകൾ ലഭിക്കാൻ, വൈദ്യുതി കണക്ഷൻ ലഭിക്കാൻ, രാത്രിയിൽ യാത്ര ചെയ്യാൻ തുടങ്ങി എല്ലാത്തിനും ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു.

 മലബാർ വന്യജീവി സങ്കേതം,ആറളം, കൊട്ടിയൂർ,സൈലന്റ് വാലി,പീച്ചി തുടങ്ങി ഓരോ വന്യജീവിസങ്കേതങ്ങൾക്കുമായി പ്രഖ്യാപനം വന്നുകൊണ്ടിരിക്കുകയാണ്.

 കേരളത്തിലെ എല്ലാ വന്യജീവിസങ്കേതങ്ങളും റിസർവ് വന പരിധിയിലാണ്. എന്നിട്ടും ഈ പുതിയ പ്രഖ്യാപനങ്ങളുടെ പൊരുളെന്താണെന്ന് അറിയാതെ വലയുകയാണ് ജനം. ഇ എസ് ഇസഡ് നടപ്പിലാക്കാനുള്ള മോണിറ്ററിംഗ് കമ്മിറ്റിയിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടില്ല. വൈൽഡ് ലൈഫ് വാർഡന് പരമാധികാരമുള്ളതാണ് മോണിറ്ററിംഗ് കമ്മിറ്റി. വന്യ ജീവികളുടെ  ആക്രമണങ്ങളിൽ വലയുകയാണ് നാട്ടുകാർ. മുള്ളൻപന്നിയെ വെടി വയ്ക്കണമെങ്കിൽ ആ ജീവിയുടെ അനുമതിപത്രം വേണമെന്ന രീതിയിലാണ് കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാനുള്ള നിയമങ്ങളെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

 ജനങ്ങളുടെ അഭിപ്രായങ്ങൾ മാനിക്കാതെയാണ് വനനിയമങ്ങൾ നടപ്പിലാക്കുന്നതെന്ന ജനങ്ങളുടെ പരാതികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.

 ഇൻഫാം ദേശീയ സമിതി സർക്കാരിനു സമർപ്പിച്ചിട്ടുള്ള അവകാശപത്രികയിലും കൃഷിയിടങ്ങൾ പരിസ്ഥിതി ലോലപ്രദേശങ്ങളാക്കരുതെന്ന അഭ്യർത്ഥനയുണ്ട്.


✍️ ഡൊമിനിക് ചെറുപുഴ 

Comments

leave a reply