കലാപം, കോവിഡ് - മ്യാൻമാർ ദുരിതത്തിൽ ആശ്വാസമായി കത്തോലിക്കാസഭ
ബാങ്കോക്ക്: പട്ടാള അട്ടിമറിയും കലാപങ്ങളും മൂലം ദുരിതത്തിലായി മ്യാൻമാറിലെ ജനങ്ങൾക്ക് കോവിഡ് കാലത്ത് താങ്ങും തണലുമായി കത്തോലിക്കാ രൂപതകൾ. കോവിഡ് മഹാമാരിമൂലം മ്യാൻമാർ ദുരിതത്തിലാണ്. സർക്കാർ ആശുപത്രികൾ പ്രവർത്തിക്കുന്നില്ല. വംശീയ കലാപങ്ങളിൽ രാജ്യം തീച്ചൂളയിലാണ്. ഒരു ലക്ഷത്തോളം പേർ ജന്മനാട് വിട്ട് പലായനം ചെയ്ത് കഴിഞ്ഞു. ഫെബ്രുവരി ഒന്നിമാണ് മ്യാൻമാറിൽ പട്ടാളം അധികാരം പിടിച്ചെടുത്തത്. അന്നുമുതൽ ഈ രാജ്യം കലാപമുഖരിതമാണ്. മ്യാൻമാറിലെ കായാ ജില്ലയിലെ ലോയിക്വ രൂപതയിൽ പട്ടാളവും ജനകീയ പ്രതിരോധസേനകളുമായുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത് മേയ് പകുതിയോടെയാണ്. തെരഞ്ഞെടുക്കപ്പെട്ട ഓങ്സാൻ സൂക്കിയുടെ സർക്കാരിനെ സ്ഥാനഭ്രഷ്ടരാക്കിയാണ് പട്ടാളം അധികാരം പിടിച്ചത്. ഇതോടെ ഈ പ്രദേശത്ത് കലാപം പടർന്നു . നിരവധി പേർ മരിച്ചു. വീടുകൾ അഗ്നിക്കിരയായി. ദേവാലയങ്ങൾ നശിപ്പിക്കപ്പെട്ടു. ഇതോടെ രൂപത രംഗത്തിറങ്ങി. ലോയിക്വ , പെവോൺ എന്നിവിടങ്ങളിൽ 60,000 പേർക്ക് ഭക്ഷണവും താമസസ്ഥലവുമൊരുക്കേണ്ടി വന്നു. മതമോ ദേശമോ ജാതിയോ നോക്കാതെയാണ് കത്തോലിക്കാ സഭ ഈ ക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളത്.
മ്യാൻമാറിൽ വീടുവീടാന്തിരം കയറിയാണ് സന്നദ്ധ പ്രവർത്തകർ രോഗികളെ ശുശ്രൂഷിക്കുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി സംസ്‌ക്കരിക്കാനും ഇതേ പ്രവർത്തകർ തന്നെയാണ് മുൻനിരയിൽ. ലോയിക്വയിൽ കരുണ എന്നപേരിൽ ചെറിയൊരു ക്ലിനിക്കുണ്ട്. കത്തീഡ്രൽ ദേവാലയാങ്കണത്തിലെ ഈ ക്ലിനിക്ക് ഇപ്പോൾ ആശുപത്രിയാക്കി മാറ്റിക്കഴിഞ്ഞു. കായ, ഷാൻ പ്രദേശങ്ങളിൽ നിന്നുള്ള രോഗികൾ കൂടി എത്തിയതോടെ രോഗികളെ കിടത്താൻ സ്ഥലമില്ലാതായി. ഇതോടെ പള്ളിയോടനുബന്ധിച്ചുള്ള കെട്ടിടങ്ങളിലെല്ലാം രോഗികൾക്കായി കിടക്കകൾ സജ്ജീകരിച്ചു. ''സർജ്ജന്മാർ, ഡോക്ടർമാർ, നേഴ്‌സുമാർ, ആരോഗ്യരംഗത്തെ സാങ്കേതിക വിദഗ്ദർ, സന്നദ്ധ പ്രവർത്തകർ, സന്യസ്തർ എന്നിവരെല്ലാം തന്നെ സൗജന്യമായിട്ടാണ് ഇവിടെ ജോലി ചെയ്യുന്നത്. ഡാവുൻഗൻക, ദോരോഖ്യ എന്നീ പ്രദേശങ്ങളിലും കത്തോലിക്കാ സഭ ക്ലിനിക്കുകൾ സ്ഥാപിച്ചു കഴിഞ്ഞു. ചികിത്സയെല്ലാം സൗജന്യമായി നൽകുകയാണെന്ന് ലോയിക്വാ രൂപതയുടെ അഡ്മിനിസ്‌ട്രേറ്റർ ഫാ. സെൻസോ പറഞ്ഞു.
ജൂൺ അവസാനം മുതൽ മ്യാൻമാറിൽ കോവിഡിന്റെ മൂന്നാം തരംഗംവും ആഞ്ഞടിച്ചു കഴിഞ്ഞു. കായാ ദേശത്ത് ഒരൊറ്റ ഓക്‌സിജൻ പ്ലാന്റാണുള്ളത്. ജൂലൈ 19-ന് രക്തസാക്ഷി ദിനത്തിൽ പുറപ്പെടുവിച്ച സന്ദേശത്തിൽ കാർഡിനൽ ചാൾസ് ബോ യാങോൺ തെരുവുകളിൽ രാവും പകലും ഓക്‌സിജനു വേണ്ടി ക്യൂ നിൽക്കുന്ന മനുഷ്യരെക്കുറിച്ച് പരിതപിക്കുന്നുണ്ട്. മ്യാൻമാറിലെ ജനസംഖ്യയിൽ 20 ശതമാനവും പട്ടണങ്ങളിൽ 90 ശതമാനവും കോവിഡ് ബാധിതരാണിപ്പോൾ. ''ഹൃദയങ്ങളുടെ മാനസാന്തരമാണ് വേണ്ടത്. അതല്ലെങ്കിൽ മ്യാൻമാർ വൻദുരന്തത്തിലേക്ക് വീഴും. പട്ടാളവും, എല്ലാ രാഷ്ട്രീയ പാർട്ടികളും ഭിന്നതകൾ മറന്ന് ജനങ്ങളുടെ ജീവനു വേണ്ടി കോവിഡിനെതിരെ ഒറ്റക്കെട്ടായി പൊരുതാൻ തയ്യാറാകണം'' - സന്ദേശത്തിൽ പറയുന്നു.
Comments