സർക്കസ് കലാകാരന്മാർ സൗന്ദര്യത്തിൻറെ യഥാർത്ഥ ശില്പികൾ!
പതിനൊന്നാം ലോക സർക്കസ് ദിനത്തോടനുബന്ധിച്ച് ലോക സർക്കസ് ഫെഡറേഷൻറെ അദ്ധ്യക്ഷന് സമഗ്ര മാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ പീറ്റർ കൊദ്വൊ അപ്പിയ ടർക്സൺ ഒരു സന്ദേശം നല്കി
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സർക്കസ് കലാകരന്മാരും ജീവനക്കാരും സൗന്ദര്യത്തിൻറെ യഥാർത്ഥ ശില്പികളാണെന്ന് സമഗ്ര മാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ പീറ്റർ കൊദ്വൊ അപ്പിയ ടർക്സൺ.
ഈ ശനിയാഴ്‌ച (17/04/21) ആചരിക്കപ്പെട്ട പതിനൊന്നാം ലോക സർക്കസ് ദിനത്തോടനുബന്ധിച്ച് ലോക സർക്കസ് ഫെഡറേഷൻറെ അദ്ധ്യക്ഷന് നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹത്തിൻറെ ഈ പ്രസ്താവനയുള്ളത്.
കോവിദ് 19 മഹാമാരി, സർക്കസ് മേഖലയേക്കേല്പിച്ചിട്ടുള്ള ആഘാതത്തെക്കുറിച്ചും കർദ്ദിനാൾ ടർക്സൺ സന്ദേശത്തിൽ പരാമർശിക്കുന്നു.
പഴയതും പുതിയതുമായ ബലഹീനതകളെ വെളിപ്പെടുത്തുകയും നാമെല്ലാവരെയും വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരു ഭൂതക്കണ്ണാടിയാണ് ഈ പകർച്ചവ്യാധിയെന്നും സകലരെയും ആശ്ലേഷിക്കുന്നതും ഉൾച്ചേർക്കുന്നതും പിന്തുണയ്ക്കുന്നതുംമായ ഒരു സംസ്കൃതിക്ക് രൂപം നല്കുന്നതിലും വ്യക്തിയെ കേന്ദ്രീകരിക്കുന്നതായ ഒരു പരിവർത്തന പ്രക്രിയയിലും കൂട്ടുത്തരവാദിത്വം ഉള്ളവരായിരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
യഥാർത്ഥത്തിൽ ആവശ്യത്തിലിരിക്കുന്നവരും പാർശ്വവൽക്കരണത്തിന് സാധ്യതയുള്ളവരുമായവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിൽ ശ്രദ്ധിക്കാൻ ഇത് നമുക്ക് പ്രചോദനം പകരുമെന്നും കർദ്ദിനാൾ ടർക്സൺ പറയുന്നു.
ഈ രീതിയിൽ മാത്രമേ നമുക്ക് "അസ്തിത്വത്തിന്റെ സാമൂഹിക അർത്ഥം, ആത്മീയതയുടെ സാഹോദര്യ മാനം, ഓരോ വ്യക്തിയുടെയും അന്യാധീനപ്പെടുത്തനാവാത്ത അന്തസ്സിനെക്കുറിച്ചുള്ള ബോധ്യം, നമ്മുടെ എല്ലാ സഹോദരങ്ങളെയും സ്നേഹിക്കാനും സ്വീകരിക്കാനുമുള്ള കാരണങ്ങൾ എന്നിവ കണ്ടെത്താൻ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു..
Comments