Foto

കേരളത്തിലെ കലാകാരന്മാർക്കുവേണ്ടി നൂതന പദ്ധതികളുമായി കെസിബിസി യുടെ മാധ്യമ കമ്മീഷൻ

കൊച്ചി : കോവിഡ് വ്യാപനത്തോടെ തൊഴിൽപരമായും സാമ്പത്തികമായും പ്രതിസന്ധിയിലായ കേരളത്തിലെ കലാകാരന്മാർക്കുവേണ്ടി നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ  മാധ്യമ കമ്മീഷൻ തീരുമാനിച്ചു. കേരളത്തെ ദുരന്തത്തിലാഴ്ത്തിയ പ്രളയകാലത്തുപോലും മുടക്കം കൂടാതെ മുപ്പത്തി മൂന്നു വർഷമായി മാധ്യമ കമ്മീഷൻ  നടത്തിക്കൊണ്ടിരിക്കുന്ന പ്രൊഫഷണൽ നാടകമേളയുടെ നടത്തിപ്പിലൂടെ ബോധ്യപ്പെട്ട വസ്തുതകളുടെ അടിസ്ഥാനത്തിലും കോവിഡ് വ്യാപനത്തോടെ ദാരുണമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കലാകാരന്മാരുടെ പ്രത്യേകിച്ച് രംഗകലാകലാരന്മാരുടെ അവസ്ഥകളെ തിരിച്ചറിഞ്ഞതിൻറെ അടിസ്ഥാനത്തിലുമാണ് മാധ്യമ കമ്മീഷൻ ഏതാനും നവീന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ  തീരുമാനിച്ചിട്ടുള്ളത്. 

സർക്കാരിന്റെ കോവിഡ്കാല നിബന്ധനകൾ പൂർണമായും പാലിച്ചുകൊണ്ടുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിൻപ്രകാരം "ആൾട്ടർ" (ആർട്ട് ലവേഴ്സ് ആൻറ് തീയേറ്റർ എൻതൂസിയാസ്റ്റ്സ് റൂട്ട്) എന്ന പേരിൽ പാലാരിവട്ടം പി ഒ സിയിൽ പ്രതിമാസ രംഗകലാവതരണങ്ങൾ നടത്തുന്നതാണ് പ്രഥമ പരിപാടി. ഇതിൻറെ തുടർച്ചയായി കേരളത്തിലെ പ്രൊഫഷണൽ നാടകരചയിതാക്കൾ, സംവിധായകർ, അഭിനേതാക്കൾ എന്നിവർക്കുവേണ്ടി കേരളത്തിലെ പ്രഗത്ഭ നാടകവിദഗ്ധരും കലാകാരന്മാരുമായ എം തോമസ് മാത്യു, ടി  എം എബ്രഹാം, ജോൺ ടി വേക്കൻ  തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള  ക്രിയാത്മക ചർച്ച, പരിശീലനം, നാടകസംഘങ്ങളുടെ സംഘാടകർക്കുവേണ്ടിയുള്ള പ്രത്യേക ചർച്ചായോഗം എന്നിവയും നടത്താൻ തീരുമാനിച്ചു. 

ആൾട്ടറിൻറെ ഉദ്ഘാടനം ജനുവരി ഇരുപത്തിനാല് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് പാലാരിവട്ടം പി ഒ സിയിൽ കെസിബിസി യുടെ അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിർവ്വഹിക്കും. പി ഒ സിയുടെ ഡയറക്ടർ ഫാ. ജേക്കബ് ജി . പാലയ്ക്കാപ്പിള്ളി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേരളത്തിലെ മുതിർന്ന നാടക അഭിനേത്രി കെ പി എ സി ബിയാട്രീസ് മുഖ്യ അതിഥിയാകും. മാധ്യമ കമ്മീഷൻ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കൽ സ്വാഗതവും, ഫാ. സ്റ്റീഫൻ തോമസ്  കൃതജ്ഞതയും പറയും. യോഗത്തെത്തുടർന്ന് ആറുമണിക്ക്  ആൾട്ടറിൻറെ ആദ്യ രംഗാവതരണമായി നിരവധി പുരസ്കാരങ്ങൾ നേടി ശ്രദ്ധേയമായ  കൊച്ചിൻ ചന്ദ്രകാന്തയുടെ ആനുകാലിക സാമൂഹിക പ്രസക്തമായ നാടകം "അന്നം" അരങ്ങേറും. പ്രവേശനം പാസ് മൂലമായിരിക്കും. പാസിനു ബന്ധപ്പെടേണ്ട നമ്പർ 8281054656. തുടർന്നുള്ള മാസങ്ങളിൽ രംഗാവതരണങ്ങൾ നടത്തുന്നതിന്  കലാകാരന്മാരിൽനിന്നും നാടകസംഘങ്ങളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നതായും പത്രസമ്മേളനത്തിൽ പി ഒ സി ഡയറക്ടർ ഫാ. ജേക്കബ് ജി . പാലയ്ക്കാപ്പിള്ളി, മാധ്യമ കമ്മീഷൻ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കൽ എന്നിവർ അറിയിച്ചു. രംഗാവതരണത്തിനുവേണ്ടി അപേക്ഷ അയക്കേണ്ട വിലാസം : സെക്രട്ടറി, കെ സി ബി സി മാധ്യമ കമ്മീഷൻ, പി ഒ സി, പാലാരിവട്ടം, കൊച്ചി - 682 025.

Foto

Comments

  • Sainel abdeen
    19-01-2021 05:15 PM

    A good thinkig and excellect activities. My best wishes. എല്ലാ ആശംസകളും നേരുന്നു... Sainel abdeen 9446485539

leave a reply

Related News