ലിയോ പാപ്പയുടെ ആഗസ്റ്റ് മാസത്തെ പ്രാര്‍ത്ഥനാനിയോഗം ഉള്‍ക്കൊള്ളിച്ചുക്കൊണ്ടുള്ള വീഡിയോ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ലോക ജനസംഖ്യയുടെ പകുതിയോളം നഗരങ്ങളിൽ താമസിക്കുന്ന ഇക്കാലത്ത്, ആരും അവഗണിക്കപ്പെട്ടും തഴയപ്പെട്ടും പോകാതിരിക്കാൻ വേണ്ടി, ചേർത്തുപിടിക്കലിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശം കൂടുതൽ പരക്കാൻ വേണ്ടി “നഗരങ്ങൾ സുവിശേഷവത്കരിക്കപ്പെടട്ടെയെന്ന” ആഹ്വാനത്തോടെയാണ് പാപ്പയുടെ പ്രാര്‍ത്ഥന ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോ.
നഗരപ്രാന്തങ്ങളിൽ കൈത്താങ്ങേകുവാൻ കഴിവുള്ളതും, ഏകാന്തതയിൽ ആശ്വാസം പകരുന്നതും നിസംഗത വാഴുന്നയിടത്ത് സാഹോദര്യം വിതയ്ക്കുന്നതും മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലുന്നതുമായ ഒരു സഭയായി ഞങ്ങളെ മാറ്റേണമേയെന്ന പ്രാര്‍ത്ഥന പാപ്പ വീഡിയോയില്‍ പങ്കുവെയ്ക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിൻ്റെയും അവസരങ്ങളുടെയും സ്ഥലങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന നഗരങ്ങൾ അജ്ഞാതത്വത്തിൻ്റെയും ഒറ്റപ്പെടലിൻ്റെയും ഇടങ്ങളായി മാറാനുള്ള പ്രവണതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ, തൻ്റെ പേരിലുള്ള പ്രാർത്ഥനാശൃംഖലയിലൂടെയും, പാപ്പായ്‌ക്കൊപ്പം പ്രാർത്ഥിക്കാം എന്ന ക്യാമ്പയ്‌നിലൂടെയും വിശ്വാസികളും സന്മനസ്സുള്ളവരുമായ ഏവരെയും തൻ്റെ പ്രാർത്ഥനാനിയോഗത്തിൽ പങ്കുചേരാൻ ക്ഷണിച്ചു.










Comments