Foto

ഇന്ന് അധ്യാപക ദിനം.

രാജ്യത്തിന്റെ ഭാവി തലമുറയെ രൂപപ്പെടുത്തുന്നതിലും സമൂഹത്തിന്റെ പുരോഗതിയിലും അധ്യാപകർ നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ സ്മരിച്ചുകൊണ്ട് ഇന്ത്യ എല്ലാ വർഷവും സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനമായി ആചരിക്കുന്നു. പ്രമുഖ തത്വചിന്തകനും പണ്ഡിതനും രാജ്യത്തിന്റെ ആദ്യ ഉപരാഷ്ട്രപതിയും (1952-1962), പ്രസിഡന്റുമായിരുന്ന (1962-1967) ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ പ്രസിഡന്റായതിന് തൊട്ടുപിന്നാലെയാണ് 1962 സെപ്റ്റംബർ 5-ന് ഡോ. രാധാകൃഷ്ണന്റെ 75-ാം ജന്മദിനം എത്തിയത്. ലോകമെമ്പാടുമുള്ള പ്രമുഖർ അദ്ദേഹത്തിന് ആശംസകൾ നേർന്നു. “എല്ലാറ്റിനുമുപരിയായി അദ്ദേഹം ഒരു വലിയ അധ്യാപകനാണ്, അദ്ദേഹത്തിൽ നിന്ന് നാമെല്ലാവരും ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്, ഇനിയും പഠിച്ചുകൊണ്ടിരിക്കുകയും ചെയ്യും” എന്ന് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അദ്ദേഹത്തെക്കുറിച്ച് വിശേഷിപ്പിച്ചു.

എന്നാൽ തന്റെ 75-ാം ജന്മദിനം ഒരു വ്യക്തിഗത ആഘോഷമായി കൊണ്ടാടരുതെന്നാണ് ഡോ. രാധാകൃഷ്ണൻ ആഗ്രഹിച്ചത്. പകരം, താൻ തന്റെ ജീവിതം ഉഴിഞ്ഞുവെച്ച അധ്യാപക സമൂഹത്തെ ആദരിക്കുന്നതിനായി ആ ദിവസം ‘അധ്യാപക ദിനമായി’ ആചരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിക്കുകയാണുണ്ടായത്. രാജ്യത്തെ ഏറ്റവും മികച്ച അധ്യാപകരുടെ സേവനങ്ങളെ അംഗീകരിക്കുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ 5-ന് ഇന്ത്യയുടെ പ്രസിഡന്റ് ദേശീയ അധ്യാപക അവാർഡുകൾ സമ്മാനിക്കുന്നു. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും വിദ്യാർത്ഥികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരെയാണ് ഈ പുരസ്കാരത്തിനായി തിരഞ്ഞെടുക്കുന്നത്.

അക്കാദമിക മികവ് മാത്രമല്ല, കുട്ടികളോടുള്ള സ്നേഹം, പ്രാദേശിക സമൂഹത്തിലുള്ള നല്ല പേര്, സാമൂഹിക പ്രവർത്തനങ്ങളിലെ പങ്കാളിത്തം എന്നിവയും ഈ പുരസ്കാരത്തിനായി പരിഗണിക്കാറുണ്ട്. ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിലെ മൂന്ന് ഘട്ടങ്ങളിലായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഈ വർഷം ആകെ 48 സ്കൂൾ അധ്യാപകരെ തിരഞ്ഞെടുത്തത്. 27 സംസ്ഥാനങ്ങൾ, ഏഴ് കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്ര സർക്കാരിന്റെ ആറ് സംഘടനകൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് തിരഞ്ഞെടുത്ത 48 അധ്യാപകർ. ഇതിൽ 26 പേർ പുരുഷന്മാരും 22 പേർ സ്ത്രീകളുമാണ്.

Comments

leave a reply

Related News