Foto

രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികൻ 98-ാം വയസിൽ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു

രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത മുന്‍ അമേരിക്കൻ സൈനികന്‍ 98-ാം വയസിൽ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. അരിസോണയിലും ജപ്പാനിലെ ഒക്കിനാവയിലും ഫിലിപ്പീൻസിലും ഇല്ലിനോയിസിലും സേവനമനുഷ്ഠിച്ച റെയ്മണ്ട് മാർട്ടിനാണ് കത്തോലിക്ക സഭയിൽ അംഗമായത്. ഭാര്യയുടെ പ്രാർത്ഥനാജീവിതവും സഭയോടുള്ള സമർപ്പണവും വർഷങ്ങളായി അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. ജീവിതത്തിൻ്റെ അവസാനഘട്ടത്തിലെത്തിയ ശേഷവും ദൈവവിളിയോട് പ്രതികരിച്ച് സഭയിൽ ചേർന്ന അദ്ദേഹത്തിൻ്റെ വിശ്വാസയാത്ര മാധ്യമ ശ്രദ്ധ നേടുകയാണ്.

ഭാര്യ ആന്‍ മേരിയുടെ മരണശേഷമാണ് കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് കൂടുതൽ ഗൗരവത്തോടെ പഠിക്കാനുള്ള തീരുമാനം അദ്ദേഹം സ്വീകരിച്ചത്. ഇതിനിടെ പെര്‍മനന്‍റ് ഡീക്കനായ ജാക്ക് ട്രെവിനോയുമുണ്ടായ സൗഹൃദം വിശ്വാസയാത്രയിൽ നിർണായക വഴിത്തിരിവായി. കത്തോലിക്ക വിശ്വാസത്തെക്കുറിച്ചുള്ള സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ക്ഷമയോടെ മറുപടി നൽകിയ ഡീക്കൻ, സഭയുടെ പഠനങ്ങളും കൂദാശകളുടെയും പ്രാധാന്യവും അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു. ഇതോടെയാണ് കത്തോലിക്കാ സഭയിൽ അംഗമാകാനുള്ള ആഗ്രഹം റെയ്മണ്ടില്‍ കൂടുതൽ ശക്തമായത്.

വൈകാതെ പ്രായപൂർത്തിയായവർക്കായുള്ള കത്തോലിക്ക വിശ്വാസപരിശീലനത്തില്‍ ചേര്‍ന്ന പ്രായത്തിൻ്റെ ബുദ്ധിമുട്ടുകളും അവശതകളും അവഗണിച്ച് റെയ്മണ്ട് മാർട്ടിൻ വിശ്വാസപഠനം പൂർത്തിയാക്കി. രണ്ടാം ലോകമഹായുദ്ധത്തിൻ്റെ കഠിനാനുഭവങ്ങൾ നേരിട്ട തലമുറയിലെ ഒരാളായ അദ്ദേഹം, ജീവിതത്തിൻ്റെ 98-ാം വയസിൽ സഭയിൽ ചേർന്നത്, മാമ്മോദീസയോടൊപ്പം സ്ഥൈര്യലേപനവും വിശുദ്ധ കുര്‍ബാനയും റെയ്മണ്ട് സ്വീകരിച്ചു.

Comments

leave a reply

Related News