Foto

പാക് - അഫ്ഗാൻ അതിർത്തി മേഖലയിൽ നിന്നുള്ള ആദ്യ കത്തോലിക്ക വൈദികന്‍ അഭിഷിക്തനായി

ലാഹോർ: പാക്കിസ്ഥാൻ - അഫ്ഗാനിസ്ഥാൻ അതിർത്തി പ്രദേശമായ ചമനിൽ നിന്നുള്ള ആദ്യ കത്തോലിക്ക വൈദികന്‍ അഭിഷിക്തനായി. സലേഷ്യൻ സന്യാസ സമൂഹാംഗമായ ഫാ. ഫറാസ് ദർശൻ (29) ആണ് തിരുപ്പട്ടം സ്വീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 19-ന് ലാഹോറിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ നടന്ന തിരുപ്പട്ട ശുശ്രൂഷയില്‍ ആർച്ച് ബിഷപ്പ് ഖാലിദ് റഹ്മത്ത് കാര്‍മ്മികനായി. സെപ്റ്റംബർ 21-ന് ലാഹോറിലെ ഡോൺ ബോസ്കോ ടെക്നിക്കൽ ആൻഡ് യൂത്ത് സെന്ററിൽ അദ്ദേഹം പ്രഥമ ബലി അർപ്പിച്ചു.

ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക്-അഫ്ഗാൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന ചമൻ എന്ന തന്ത്രപ്രധാനമായ നഗരത്തില്‍ നിന്നു ഇതാദ്യമായാണ് ഒരാള്‍ തിരുപ്പട്ടം സ്വീകരിക്കുന്നത്. പൗരോഹിത്യ ശുശ്രൂഷ ദേവാലയത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലേക്കും അവരുടെ പ്രതിസന്ധികളിലേക്കും തിരിയേണ്ടതുണ്ടെന്നു ആർച്ച് ബിഷപ്പ് ഖാലിദ് റഹ്മത്ത് തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ഡോൺ ബോസ്കോ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായിരുന്ന ഫറാസ്, കൗമാരകാലത്ത് പങ്കെടുത്ത യൂത്ത് സെമിനാറിലെ ആത്മീയ ചിന്തകളിൽ നിന്നാണ് ദൈവവിളി തിരിച്ചറിഞ്ഞത്. 

മകൻ ഒരു സൈനിക ഉദ്യോഗസ്ഥനാകണമെന്ന് ആഗ്രഹിച്ച പിതാവ് തുടക്കത്തിൽ എതിർപ്പുകൾ പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് മകന്റെ അതിയായ ആഗ്രഹത്തിന് പൂർണ്ണ പിന്തുണ നൽകുകയായിരിന്നു. കടുത്ത സുരക്ഷാ നിയന്ത്രണങ്ങളും പ്രതികൂല സാഹചര്യങ്ങളുമുള്ള ക്രൈസ്തവ സമൂഹം ന്യൂനപക്ഷമായ വിദൂര അതിർത്തി മേഖലയിൽ നിന്ന് ആദ്യ വൈദിക വിളി സഫലമായതിന്റെ സന്തോഷത്തിലാണ് മേഖലയിലെ വിശ്വാസി സമൂഹവും സഭാനേതൃത്വവും.

Comments

leave a reply

Related News