ലോക മിഷനറി ദിനസ്ഥാപനത്തിന്റെ നൂറാം ശതാബ്ധിയിൽ, സുവിശേഷപ്രഘോഷണ, മിഷനറി ദൗത്യങ്ങളിൽ പങ്കാളികളാകാൻ എല്ലാ വിശ്വാസികൾക്കുമുള്ള ഉത്തരവാദിത്വം ഓർമ്മിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ. "ക്രിസ്തുവിൽ ഒന്നായി, മിഷനറി നിയോഗത്തിൽ ഒരുമിച്ച്" എന്ന പ്രമേയത്തോടെ ഒക്ടോബർ 18 ഞായറാഴ്ചയാണ് ഈ ശതാബ്‌ദി ദിനം സഭ ലോകമെമ്പാടും ആചരിക്കുക.
മിഷനറി നിയോഗം, സുവിശേഷവത്കരണമേഖലയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന, പൊന്തഫിക്കൽ മിഷൻ പ്രവർത്തനങ്ങൾക്ക് നൽകേണ്ട പിന്തുണ തുടങ്ങിയവയുടെ പ്രാധാന്യം എല്ലാ രൂപതകളിലേക്കും ഇടവകകളിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെ, പതിനൊന്നാം പിയൂസ് പാപ്പായാണ് നൂറ് വർഷങ്ങൾക്ക് മുൻപ് ഈ ദിനം സ്ഥാപിച്ചത് മിഷനറി ദൈവവിളികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും ഇതോടൊപ്പമുണ്ടായിരുന്നുവെന്ന് പരിശുദ്ധ പിതാവ് അനുസ്മരിച്ചു.
തന്റെ യൗവ്വനകാലവുമായി ബന്ധപ്പെട്ട് സംസാരിച്ച പാപ്പാ, മിഷൻ ദിനവുമായി ബന്ധപ്പെട്ട പ്രാർത്ഥനകൾ മിഷനറി ജീവിതത്തിലേക്കുള്ള തന്റെ ദൈവവിളിക്ക് വഴിയൊരുക്കിയത് പ്രത്യേകം അനുസ്മരിച്ചു. താൻ പെറുവിൽ മിഷൻ പ്രവർത്തനങ്ങൾ നടത്തിയ കാലത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ, ലോകമെമ്പാടുമുള്ള മിഷനറിമാരുടെ ശുശ്രൂഷകൾക്ക് വിശ്വാസികളുടെ പ്രാർത്ഥനകളും സംഭാവനകളും പിന്തുണ നൽകുന്നുണ്ടെന്ന് പ്രസ്താവിച്ചു.
മാമ്മോദീസാ വഴി ക്രിസ്തുവിന്റെ ശരീരത്തിലെ അംഗമാകുന്ന ഓരോ വിശ്വാസിക്കും സുവിശേഷ ദൗത്യത്തിൽ സവിശേഷമായ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പാപ്പാ, പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ഒരു കുടുംബത്തിലെ അംഗങ്ങളെന്ന നിലയിൽ, ക്രിസ്തുവിലുള്ള വിശ്വാസ കൂട്ടായ്മയിലേക്ക് എല്ലാവരെയും നയിക്കുന്നതിൽ വിശ്വാസികൾക്കുള്ള ഉത്തരവാദിത്വം പ്രത്യേകമായ വിധത്തിൽ ഓർമ്മിപ്പിച്ചു.
ഈ ശതാബ്‌ദി ദിനത്തിലേക്കായി 2026 ജനുവരി 25-ന് നൽകിയ സന്ദേശം പരാമർശിച്ചുകൊണ്ട്, തങ്ങളുടേതായ വിളിയും, തങ്ങൾക്ക് ലഭിച്ച കൃപകളും അനുസരിച്ച്, സ്നേഹത്തിന്റെ പ്രവർത്തനമായ സുവിശേഷവത്കരണത്തിൽ പങ്കുചേരാൻ ഏവരെയും ക്ഷണിച്ച പാപ്പാ, സ്നേഹത്തിന്റെ സുവിശേഷം എല്ലാവരിലേക്കും, പ്രത്യേകിച്ച് പാവപ്പെട്ടവരും ബുദ്ധിമുട്ടനുഭവിക്കുന്നവരുമായ മനുഷ്യരിലേക്ക് എത്തിക്കുന്നതിൽ നിങ്ങളുടെ പ്രാർത്ഥനകളും സമൂർത്തമായ സംഭാവനകളും വലിയ സഹായമായിരിക്കുമെന്ന് പ്രസ്താവിച്ചു.










Comments