എല്ലാ സാഹചര്യങ്ങളിലും സുവിശേഷത്തിൻ്റെ വെളിച്ചവും ശക്തിയും ഉപയോഗിച്ച് മാനുഷിക അന്തസ്സ് സംരക്ഷിക്കാൻ പാപ്പ ക്രൈസ്തവരോട് ആഹ്വാനം ചെയ്തു. രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ‘ഗൗദിയം എത് സ്പെസ്’ (Gaudium et spes) എന്ന പ്രമാണരേഖയെക്കുറിച്ചുള്ള പഠനങ്ങൾ തുടർന്നുകൊണ്ട്, അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളുടെ അംഗീകാരം മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നാണെന്ന് പാപ്പ പറഞ്ഞു.
പഴയതും പുതിയതുമായ വൈരുധ്യങ്ങൾ ഇന്നും തടസ്സമായി നിൽക്കുന്നതിനാൽ, മാനുഷിക അന്തസ്സിൻ്റെ പൂർണ്ണമായ അംഗീകാരത്തിലേക്കുള്ള മനുഷ്യരാശിയുടെ യാത്ര ഇപ്പോഴും അപൂർണ്ണമായി തുടരുകയാണെന്ന് പാപ്പ മുന്നറിയിപ്പ് നൽകി. ഓരോ വ്യക്തിയുടെയും യഥാർഥ ഉള്ളടക്കത്തിൽ നിന്നാണ് ഈ അന്തസ്സ് ഉണ്ടാകുന്നതെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് തിരുസഭ ഈ യാത്രയിൽ പങ്കാളിയാകുന്നുവെന്ന് പാപ്പ പറഞ്ഞു.
തൻ്റെ ‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’ എന്ന ചാക്രികലേഖനം ഉദ്ധരിച്ചുകൊണ്ട്, ഓരോ മനുഷ്യനും ദൈവത്തോടും മറ്റുള്ളവരോടും സൃഷ്ടിയോടും ഒത്തൊരുമയോടെ ജീവിക്കാൻ ദൈവത്താൽ പദ്ധതിയിടപ്പെടുകയും ആഗ്രഹിക്കപ്പെടുകയും ചെയ്തവനാണെന്ന് പാപ്പ പറഞ്ഞു. “മാനുഷിക അന്തസ്സ് എന്നത് ഒരു വ്യക്തിയുടെ കഴിവുകളെയോ, സമ്പത്തിനെയോ, സമൂഹത്തിലെ പദവിയെയോ, അല്ലെങ്കിൽ അവർ എടുക്കുന്ന ശരിയോ തെറ്റോ ആയ തീരുമാനങ്ങളെയോ ആശ്രയിച്ചല്ല ഇരിക്കുന്നത്. പകരം, അത് ഓരോ വ്യക്തിക്കും ഉപരിയായി ദൈവം തൻ്റെ അനന്തമായ സ്നേഹത്തിൻ്റെ പ്രതിഫലനമായി നൽകിയ ദാനമാണ്,” പാപ്പ പറഞ്ഞു.










Comments