Foto

ഫ്രാന്‍സിലെ അപ്പസ്തോലിക പര്യടനം പൂര്‍ത്തിയാക്കി ലിയോ പാപ്പ റോമില്‍ മടങ്ങിയെത്തി

തൻ്റെ അഞ്ചാമത്തെ അന്താരാഷ്ട്ര അപ്പസ്തോലിക സന്ദർശനം പൂർത്തിയാക്കി ലിയോ പാപ്പ ഫ്രാന്‍സില്‍ നിന്നു റോമില്‍ മടങ്ങിയെത്തി. സെപ്റ്റംബർ 25 മുതൽ ആരംഭിച്ച യാത്രയിൽ അദ്ദേഹം പാരീസ്, ലൂർദ്ദ്, മെറ്റ്സ് എന്നീ നഗരങ്ങൾ സന്ദർശിച്ചിരുന്നു. മെറ്റ്സ് കത്തീഡ്രലില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് ലിയോ പാപ്പയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് സമാപനമായത്. കൂറ്റൻ ഗോഥിക് ശൈലിയിലുള്ള ദേവാലയത്തിൽ, കത്തീഡ്രലിനകത്തും പുറത്തുമായി തടിച്ചുകൂടിയ 35,000-ത്തോളം ആളുകൾക്ക് മുന്നിൽ പാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു.

പാപ്പയുടെ യാത്രയയപ്പിന് മുന്നോടിയായി വിമാനത്താവള ടെർമിനലിൽവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി അദ്ദേഹം വീണ്ടും സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് സിവിൽ, മത മേലധ്യക്ഷന്മാരുടെ സാന്നിധ്യത്തിൽ പൂർണ്ണ സൈനിക ബഹുമതികളോടെയുള്ള ഔദ്യോഗിക യാത്രയയപ്പ് ചടങ്ങും നടന്നു. ഗാർഡ് ഓഫ് ഓണറിന് ശേഷം, ഫ്രഞ്ച് ദേശീയ ഗാനവും പൊന്തിഫിക്കൽ ഗാനവും ബാൻഡ് സംഘം ആലപിച്ചു. പ്രാദേശിക സമയം വൈകുന്നേരം 7:30-ന് ശേഷം മെറ്റ്സ്-നാൻസി-ലോറൈൻ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട പാപ്പയുടെ വിമാനം രാത്രി 9:00 മണിക്ക് ശേഷം റോമിലെ ഫ്യൂമിച്ചിനോ വിമാനത്താവളത്തിൽ എത്തിച്ചേര്‍ന്നു.

യാത്രയ്ക്കിടെ, വിമാനത്തിൽ വെച്ച് അദ്ദേഹം മാധ്യമപ്രവർത്തകരുമായി തൻ്റെ പതിവ് വാർത്താസമ്മേളനം നടത്തി.കുടിയേറ്റം, നിർമ്മിത ബുദ്ധി, യൂറോപ്പിൻ്റെ ക്രിസ്തീയ പാരമ്പര്യം, ജീവന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട അടിയന്തര ധാർമ്മിക പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചും, വിഘടിച്ചുനിൽക്കുന്ന ഈ ലോകത്ത് സമാധാനത്തിനായി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനുമുള്ള ആഹ്വാനങ്ങളെക്കുറിച്ചും പാപ്പ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു ഉത്തരവുമായി പ്രതികരണം നടത്തി. ലക്ഷകണക്കിന് വിശ്വാസികളാണ് പാപ്പ പങ്കെടുത്ത വിവിധ പരിപാടികളില്‍ പ്രാതിനിധ്യം അറിയിച്ചത്.

Comments

leave a reply

Related News