Foto

ലോകത്തിലെ എല്ലാ കുട്ടികൾക്കും സമാധാനം ലഭിക്കാൻ വേണ്ടി ജപമാല പ്രാർത്ഥനയുമായി ലിയോ പതിനാലാമൻ പാപ്പാ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന എല്ലാ കുട്ടികൾക്കും സമാധാനം ലഭ്യമാകുന്നതിനുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ. ജപമാലയ്ക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒക്ടോബർ മാസത്തിൽ, സമാധാനത്തിനായി പരിശുദ്ധ അമ്മയുടെ പ്രാർത്ഥനകൾ അഭ്യർത്ഥിക്കാൻ, ഫ്രാൻസിലേക്കും യുനെസ്കോയിലേക്കും നടത്തിയ അപ്പസ്തോലിക യാത്രയുടെ അവസരത്തിൽ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ്, ഇത്തരമൊരു സംരംഭം നടന്നത്. സെപ്റ്റംബർ 30 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസരത്തിലും സമാധാനത്തിനായി ജപമാല പ്രാർത്ഥന ചൊല്ലാൻ പാപ്പാ ഏവരെയും ക്ഷണിച്ചിരുന്നു.

ക്രൈസ്തവ ഐക്യത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ കുർട്ട് കോഹ്, "എയ്‌ഡ്‌ റ്റു ദി ചർച്ച് ഇൻ നീഡ്" (ക്ലേശമനുഭവിക്കുന്ന സഭകൾക്കുള്ള സഹായം) ഫൗണ്ടേഷൻ പ്രസിഡന്റ് റെജീന ലിഞ്ച് എന്നിവരും പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു. 700 കുട്ടികളുൾപ്പെടെ ഏതാണ്ട് 1.300 പേർ പരിശുദ്ധ പിതാവിനൊപ്പം വത്തിക്കാനിലെ ലൂർദ്ദ് മാതാവിന്റെ പേരിലുള്ള ഗ്രോട്ടോയിൽ നടന്ന സമാധാനത്തിനായുള്ള ഈ ജപമാലയർപ്പണത്തിൽ സംബന്ധിച്ചു.

ജപമാലയർപ്പണത്തിന്റെ അവസരത്തിൽ നടത്തിയ തന്റെ ചെറിയ പ്രഭാഷണത്തിൽ, യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും കുറവില്ലാത്ത സ്നേഹം കുട്ടികളെ ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവ്, എല്ലാവർക്കും ചൊല്ലാവുന്ന ലളിതമായ പ്രാർത്ഥനയാണ് ജപമാലയെന്നത് ഓർമ്മിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പത്തു ലക്ഷം കുട്ടികൾ ഈ ജപമാല പ്രാർത്ഥനയർപ്പണത്തിൽ പങ്കുചേരുന്നുണ്ടെന്നും പാപ്പാ അനുസ്‌മരിച്ചു. അങ്ങനെ അഞ്ചുകോടി "നന്മ നിറഞ്ഞ മറിയമേ" പ്രാർത്ഥനകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിവിധ ഭാഷകളിൽ സമാധാനത്തിനായി പ്രാർത്ഥിച്ചുകൊണ്ട് സ്വർഗ്ഗത്തിലേക്ക് ഇതേ ദിവസം ഉയർന്നതെന്ന് പാപ്പാ പറഞ്ഞു.

ജപമാലയിൽ അനുസ്മരിക്കുന്ന യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ രഹസ്യങ്ങൾ പരാമർശിച്ച പാപ്പാ, പ്രാർത്ഥനയ്‌ക്കൊപ്പം സ്നേഹത്തിന്റെ പ്രവർത്തികളും നല്ല പെരുമാറ്റവും വേണമെന്നും, വീട്ടിലും സ്കൂളിലും മറ്റുള്ളവരോടും നല്ല രീതിയിൽ പെരുമാറുന്നതിലൂടെ സമാധാനം പ്രോത്സാഹിപ്പിക്കണമെന്നും കുട്ടികളെ ഓർമ്മിപ്പിച്ചു.

Comments

leave a reply

Related News