Foto

ഹോളിവുഡിന്‍റെ തെരുവുകളെ ആശീര്‍വദിച്ച് ഈശോ

ലോകസിനിമയുടെ ശ്രദ്ധാകേന്ദ്രമായ ലോസ് ആഞ്ചല്‍സിലെ ഹോളിവുഡ് തെരുവുകളെ ആശിര്‍വദിച്ച് ഭക്തിസാന്ദ്രമായ ദിവ്യകാരുണ്യപ്രദക്ഷിണം. ആര്‍ച്ചുബിഷപ് ജോസ് എച്ച്. ഗോമസിന്റെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യകാരുണ്യപ്രദക്ഷിണത്തില്‍ കടുത്ത ചൂടിനെ അവഗണിച്ച് നിരവധി വിശ്വാസികള്‍ പങ്കുചേര്‍ന്നു.

ഹോളിവുഡ് ബ്ലെസ്ഡ് സാക്രമെന്റ് ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷമാണ് ദിവ്യകാരുണ്യപ്രദക്ഷിണം ആരംഭിച്ചത്. വൈദികരും സന്യസ്തരും കുട്ടികളുമടക്കം ആയിരത്തിലധികം വിശ്വാസികള്‍ കര്‍ത്താവിന്റെ തിരുശരീരവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തില്‍ ഹോളിവുഡിന്റെ പ്രധാന തെരുവുകളിലൂടെ പ്രാര്‍ത്ഥനാഗീതങ്ങള്‍ ആലപിച്ച് നീങ്ങി. വീണ്ടും ദേവാലയത്തില്‍ തിരിച്ചെത്തി വിശുദ്ധ കുര്‍ബാനയുടെ ആരാധനയോടെയാണ് ദിവ്യകാരുണ്യപ്രദക്ഷിണം സമാപിച്ചത്.

പുറത്തിറങ്ങാനിരിക്കുന്ന ‘അഡോര്‍ ഹിം: ഹി ഈസ് ഹിയര്‍’ എന്ന ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചുള്ള പുതിയ ഡോക്യുമെന്ററി ചിത്രത്തിന്റെ ഭാഗമായാണ് ഈ ദിവ്യകാരുണ്യപ്രദക്ഷിണം ക്രമീകരിച്ചത്. മനുഷ്യഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യുന്ന ദിവ്യകാരുണ്യത്തിന്റെ അത്ഭുതങ്ങളെക്കുറിച്ച് പറയുന്ന ഈ ചിത്രം ഒക്ടോബര്‍ 4 മുതല്‍ 8 വരെ അമേരിക്കയിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സിനിമാലോകത്തിന്റെ തിളക്കത്തിനപ്പുറം ഏറെ ശൂന്യത അനുഭവിക്കുന്ന ഹൃദയങ്ങള്‍ക്ക് ആശ്വാസമായി മാറിയിരിക്കുകയാണ് ഗ്ലാമര്‍ ലോകത്തിന്റെ ഈറ്റില്ലമായ ഹോളിവുഡില്‍ നടന്ന ഈ ദിവ്യകാരുണ്യപ്രദക്ഷിണം.

Comments

leave a reply