കാഞ്ഞിരപ്പള്ളി: നമ്മുടെ സഹോദരങ്ങളെ പരിഗണിക്കുന്നവരും പങ്കുവയ്ക്കുന്നതിനുള്ള ദൈവസ്വരം ശ്രവിക്കുന്നവരുമായി ജീവിക്കുവാന്‍ എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.
സഹോദരങ്ങളില്‍ ദൈവത്തെ കാണുവാനാകുന്നവിധത്തില്‍ ദൈവവിശ്വാസം ജീവിക്കുവാന്‍ നമുക്ക് കടമയുണ്ട്. എല്ലാം ദൈവദാനമാണെന്ന തിരിച്ചറിവില്‍ നിന്നാണ് അര്‍ഹിക്കുന്നവര്‍ക്ക് ഉദാരമായി കൊടുക്കുവാന്‍ നാം സന്നദ്ധരാകുന്നത്. കാഞ്ഞിരപ്പള്ളി രൂപത പ്രളയ പുനരധിവാസപദ്ധതിയായ റെയിന്‍ബോ-2021 പദ്ധതിയുടെ ഭാഗമായി ചേനപ്പാടിയില്‍ നിര്‍മ്മിച്ചുനല്‍കുന്ന ഭവനത്തിന്റെ ആശീര്‍വാദത്തിന് കാര്‍മ്മികത്വം വഹിച്ചുകൊണ്ട് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഒക്ടോബര്‍ 16നുണ്ടായ പ്രളയത്തെത്തുടര്‍ന്ന് ഉപജീവനം, വിദ്യാഭ്യാസം, ചികിത്സ, വീടിന്റെ അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കുള്ള സഹായങ്ങള്‍ നല്‍കി മുന്നോട്ടുപോകുന്ന റെയിന്‍ബോ പദ്ധതിയില്‍ പ്രളയത്തില്‍ വീടും പുരയിടവും നഷ്ടപ്പെട്ടവര്‍ക്കായി 45 ഭവനങ്ങളാണ് നിര്‍മ്മിച്ചുനല്‍കുന്നത്. രൂപതയുടെ വിവിധ ഭവനനിര്‍മ്മാണപദ്ധതികളുടെ ഭാഗമായി ഓരോ വര്‍ഷവും നിര്‍മ്മിച്ചുനല്‍കുന്ന ഭവനങ്ങള്‍ക്ക് പുറമേയാണ് റെയിന്‍ബോ പദ്ധതിയില്‍ ഭവനങ്ങള്‍ നല്‍കുന്നത്. രൂപതയിലെ വിശ്വാസിസമൂഹം, സന്യാസ സന്യാസിനീ സമൂഹങ്ങള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ തുടങ്ങി സുമനസ്സുകളുടെ സഹകരണത്തിലാണ് പദ്ധതി മുന്നോട്ടു നീങ്ങുന്നത്.
ആശീര്‍വ്വാദകര്‍മ്മങ്ങളില്‍ ഫാ.ജേക്കബ് കൊടിമരത്തുംമൂട്ടില്‍, ഫാ.ജോസഫ് ചക്കുംമൂട്ടില്‍, സന്യാസിനികള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments