മരണമില്ലാത്ത അരങ്ങിൽ, മറന്നുപോകാൻ പാടില്ലാത്ത മഹാരഥൻ- വിഎസ് ആൻഡ്രൂസ്
ഒരുകാലത്ത് തമിഴ് സംഗീത നാടകങ്ങൾ മാത്രം പരിചിതമായിരുന്ന നാടകവേദിയിൽ മലയാള ഗാനങ്ങൾ കേൾക്കാൻ തുടങ്ങിയതിന് കാരണം വിഎസ് ആൻഡ്രൂസ് എന്ന ചെല്ലാനത്തുകാരനായ മഹാരഥനാണ്. വെല്ലുവിളികൾ അതിജീവിച്ച് എഴുത്തും നാടകവുമായി മുന്നേ പറന്ന പക്ഷിയാണ് വി എസ് ആൻഡ്രൂസ്. ഇന്ന് (5.5.2022) അദ്ദേഹത്തിൻറെ 150 മത് ജന്മദിനമാണ്. 1872 മെയ് 5 ന് ചെല്ലാനം വാഴകൂട്ടത്തിൽ വീട്ടിൽ സാംജോണിൻറെയും ജോണമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്.
ഫോർട്ടുകൊച്ചി അമരാവതിയിൽ അവതരിപ്പിക്കപ്പെട്ട ജ്ഞാനഹിനി എന്ന തമിഴ് സംഗീത നാടകത്തെ തുടർന്ന് മലയാളത്തിൽ നാടകം എഴുതണമെന്ന ആവശ്യത്തെത്തുടർന്നാണ് 1891 ൽ മലയാളത്തിലെ ആദ്യ സംഗീത നാടകമായ 'ഇസ്താക്കി ചരിത്രം' എഴുതിയത്.
കേവലം പുരാണകഥാപാത്രങ്ങൾ ക്കപ്പുറം സാമൂഹിക സംഭവങ്ങളും അദ്ദേഹത്തിൻറെ നാടകങ്ങളിൽ പ്രതിഫലിച്ചിരുന്നു. ഉപനിഷത്തുകളും വേദങ്ങളും മനസ്സിലാക്കിയിരുന്ന അദ്ദേഹം ഹിന്ദു കഥാപാത്രങ്ങളെ ആസ്പദമാക്കി ഹിന്ദുരാജ്യം, പാദുകപട്ടാഭിഷേകം, രാമാരണ്യ യാത്ര തുടങ്ങിയ നാടകങ്ങൾ എഴുതിയിരുന്നു. പറുദീസാനഷ്ടം, ഭക്തിധീരൻ, വിശ്വാസ വിജയം, എസ്തേർ വിജയം, വേദവിഹാരം, മിശിഹാചരിത്ര സമ്പൂർണ്ണം തുടങ്ങിയ ക്രിസ്തീയ നാടകങ്ങൾ നിരവധി അരങ്ങുകളിൽ കളിച്ചു. അക്ബർ മഹാൻ, മുട്ടാള പട്ടാളം എന്നിങ്ങനെ 47 ഓളം നടകങ്ങൾ.
തൻറെ പ്രദേശത്തിൻറെ വികസനപ്രവർത്തനങ്ങൾക്കും മുൻപന്തിയിലുണ്ടായിരുന്ന ആൻഡ്രൂസ് സമുദായ പ്രവർത്തന രംഗത്തും നേതൃത്വം വഹിച്ചിട്ടുണ്ട്. അക്കാലത്ത്, ലത്തീൻ കത്തോലിക്കരെ സംഘടിപ്പിക്കുന്നതിന് നേതൃരംഗത്ത് ഉണ്ടായിരുന്നു. ചെല്ലാനം സെൻറ് ജോർജ് എൽപി സ്കൂൾ, ചെല്ലാനം കോപ്പറേറ്റീവ് സൊസൈറ്റി എന്നിവയൊക്കെ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തിരുന്നു. ചെല്ലാനം സഹകരണബാങ്കിൻറെ പ്രഥമ പ്രസിഡണ്ട് ആയിരുന്നു വി എസ് ആൻഡ്രൂസ്.
സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ തൻറെ ഗുരുനാഥനായ വിഎസ് ആൻഡ്രൂസിനെ കുറിച്ച് ഇങ്ങനെ എഴുതി - 'ജീവിത ദിശയിൽ പ്രദേശത്തിനും സമുദായത്തിനും മാതൃഭാഷയ്ക്കും മലയാള സംഗീതനാടക വേദിക്കും വേണ്ടി എൻറെ വന്ദ്യ ഗുരുനാഥനായ വിഎസ് ആൻഡ്രൂസ് നിർവഹിച്ചിട്ടുള്ള സേവനങ്ങൾ സ്തുത്യർഹങ്ങളാണ്".
ഇന്ന് ഓൺലൈൻ ലോകത്ത് പരതിയാൽ വളരെയധികം ഒന്നും ഇദ്ദേഹത്തെ പറ്റി അറിയാൻ ആവില്ല.
കലാ ലോകത്തിന് നിസ്തുല സംഭാവന നൽകിയ ഈ കലാകാരനെ പുതിയ തലമുറയ്ക്ക് കൂടുതലായി പരിചയപ്പെടുത്തേണ്ട തുണ്ട്. ചെല്ലാനത്ത് ഒരുങ്ങുന്ന സ്മൃതിമണ്ഡപവും, ഇതര അനുസ്മരണ പ്രവർത്തനങ്ങളും ഈ പ്രതിഭാധനനെ കൂടുതലായി അറിയാൻ കാരണമാകട്ടെ.
Comments