Foto

ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത് എറണാകുളം-അങ്കമാലി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ

എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജർ ആർച്ചു ബിഷപ്പിന്റെ വികാരി ആർച്ച് ബിഷപ്പ് ആന്റണി കരിയിലിന്റെ രാജി സ്വീകരിച്ച ഫ്രാൻസിസ് മാർപാപ്പ അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം ജൂലൈ 30 ശനിയാഴ്ച ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12-ന് വത്തിക്കാനിലും ഉച്ചകഴിഞ്ഞ് 3.30-ന് സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസ്സിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്തൂം നടന്നു. അതിരൂപതയുടെ പുതിയ ഭരണ സംവിധാന ത്തെക്കുറിച്ചുള്ള അറിയിപ്പ് ജൂലൈ 29 വെള്ളിയാഴ്ച്ച ഡൽഹിയിൽനിന്ന് അപ്പസ്‌തോലിക് ന്യൂൺഷോ ആർച്ചുബിഷപ്പ് ലെയോപോൾദോ ജിറേല്ലി മേജർ ആർച്ചു ബിഷപ്പ് കർദിനാൾ മാർ  ജോർജ് ആലഞ്ചേരിക്കു നൽകിയിരുന്നു.  തൃശൂർ അതിരൂപത യുടെ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പിന്റെ സ്ഥാനത്തു തുടർന്നുകൊണ്ടായിരിക്കും മാർ ആൻഡ്രൂസ് താഴത്ത്  എറണാകുളം-അങ്കമാലി അതിരൂപതയിൽ അപ്പസ്‌തോലിക് അഡ്മിനിസ്രടേറ്ററുടെ ചുമതല നിർവ്വഹിക്കുന്നത്.
പൗരസ്ത്യ സഭാനിയമത്തിലെ 234-ാം നമ്പർ കാനൻ അനുസരിച്ചാണ് സേദെ പ്ലേന
(sede plena) അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ  കർദിനാൾ ലെയണാർദോ സാന്ദ്രി  നൽകിയിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലിത്തൻ ആർച്ചുബിഷപ്പായി മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടരുമ്പോൾത്തന്നെ മാർപാപ്പ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്ന സാഹചര്യത്തെ സൂചിപ്പിക്കുന്ന ലാറ്റിൻ പദമാണ് സേദെ പ്ലേന എന്നത്. അതിരൂപതയുടെ ഭരണകാര്യങ്ങളിൽ അഡ്മിനിസ്‌ട്രേറ്ററുടെ അധികാരാവകാശങ്ങൾ  നിയമനപത്രത്തിൽ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. ഇതിനുമുമ്പ് ഇപ്രകാരം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് 2018-ൽ നിയമിതനായിരുന്നു.  
ആർച്ചുബിഷപ്പ് ആഡ്രൂസ് താഴത്തിന് നൽകിയിരിക്കുന്ന നിയമനപത്രത്തിൽ അപ്പസ്‌തോലിക് അഡ്മിനിസ്‌ടേറ്ററുടെ ഉത്തരവാദിത്വങ്ങളും അവകാശങ്ങളും കൃത്യമായി നിർണയിച്ചിട്ടുണ്ട്. ഒരു രൂപതാമെത്രാന്റെ അവകാശങ്ങളോടും ഉത്തരവാദിത്വങ്ങളോടുംകൂടിയാണ് അതിരൂപതയിൽ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ പ്രവർത്തിക്കുന്നത്.  മേജർ ആർച്ചുബിഷപ്പിനോടും സിനഡിനോടും ആലോചന തേടാമെങ്കിലും അതിരൂപതയുടെ ഭരണനിർവ്വഹണത്തിൽ പരി. സിംഹാസനത്തോടാണ് അഡ്മിനിസ്‌ട്രേറ്റർ നേരിട്ട് ഉത്തരവാദിത്വപ്പെട്ടിരിക്കുന്നത്. വി. കുർബാനയുടെ ഏകീകൃത അർപ്പണരീതി അതിരൂപതയിൽ നടപ്പിലാക്കേണ്ടതിനെക്കുറിച്ചും ആവശ്യമായ സാഹചര്യങ്ങളിൽ നിശ്ചിത കാലഘട്ടത്തിലേക്ക് ഒഴിവുനൽകുന്നതിനെക്കുറിച്ചും നിയമനപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.   

1951 ഡിസംബർ 13-ന് ജനിച്ച ആർച്ചുബിഷപ്പ് ആഡ്രുസ് താഴത്ത് 1977 മാർച്ച് 14-നാണ് വൈദികനായി അഭിഷിക്തനായത്. സഭാനിയമത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയശേഷം അതിരൂപതയിലും സഭാതലത്തിലും വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചു. 2004 മെയ് 1-ാം തീയതി തൃശൂർ അതിരൂപതയുടെ സഹായമെത്രാനായി അഭിഷേകം ചെയ്യപ്പെട്ട മാർ താഴത്ത് 2007 മാർച്ച് 18-ന് അതിരൂപതയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയർത്തപ്പെട്ടു. പെർമനന്റ് സിനഡ് അംഗം, പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ ചെയർമാൻ, വിദ്യാഭ്യാസ കമ്മിറ്റി കൺവീനർ, കെ.സി.ബി.സി. ജാഗ്രതാ കമ്മീഷൻ അംഗം, കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതിനു പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം റോമിലേക്ക് വിളിപ്പിച്ച മെത്രാ•ാരിൽ മാർ ആൻഡ്രൂസ് താഴത്തും ഉൾപ്പെട്ടിരുന്നു.

ഫാ. വിൻസെന്റ് ചെറുവത്തൂർ  
മേജർ ആർക്കിഎപ്പിസ്‌കോപ്പൽ ചാൻസലർ 30.07.2022

 

 

Comments

leave a reply

Related News