Foto

ആധുനിക ഡാര്‍വിന്‍ ഇ.ഒ. വില്‍സന്‍ ഓര്‍മ്മയിലേക്ക്

'ആധുനിക ഡാര്‍വിന്‍'
ഇ.ഒ. വില്‍സന്‍
ഓര്‍മ്മയിലേക്ക്

 'ആധുനിക കാലത്തെ ഡാര്‍വിന്‍' എന്ന് ശാസ്ത്ര ലോകം വിളിക്കുന്ന അമേരിക്കന്‍ പ്രകൃതിശാസ്ത്രജ്ഞനായ ഇ.ഒ. വില്‍സന്‍ അന്തരിച്ചു. 92 വയസായിരുന്നു. മനുഷ്യപ്രകൃതി നയിക്കപ്പെടുന്നത് സംസ്‌കാരത്തേക്കാള്‍ ജനിതകശാസ്ത്രത്താലാണെന്ന നിഗമനത്തിലേക്ക്, ഉറുമ്പുകളെക്കുറിച്ചുള്ള ഗഹന പഠനത്തിലൂടെ എത്തിയ എന്റമോളജിസ്റ്റ് ആയിരുന്നു വില്‍സണ്‍. രണ്ടു തവണ പുലിറ്റ്‌സര്‍ സമ്മാനാര്‍ഹനായി.

ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞനായ ഡേവിഡ് ആറ്റന്‍ബറോയ്ക്കൊപ്പം, പ്രകൃതി ചരിത്രത്തിലും സംരക്ഷണത്തിലും ലോകത്തെ മുന്‍നിര ഗവേഷകരില്‍ ഒരാളായി വില്‍സന്‍ കണക്കാക്കപ്പെടുന്നു. ഇ.ഒ. വില്‍സനെ 'ഡാര്‍വിന്റെ സ്വാഭാവിക അവകാശി' എന്ന് വിളിച്ചിരുന്നു. ഒരു കീടശാസ്ത്രജ്ഞന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മുന്‍നിര പ്രവര്‍ത്തനത്താല്‍ 'ഉറുമ്പ് മനുഷ്യന്‍' എന്നും സ്‌നേഹപൂര്‍വ്വം വിളിക്കപ്പെട്ടു,' അദ്ദേഹം സ്ഥാപിച്ച ഫൗണ്ടേഷന്‍ മരണ വിവരം അറിയിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ രേഖപ്പെടുത്തി.

പരിണാമത്തിലും കീടശാസ്ത്രത്തിലും തകൃതിയായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വില്‍സന്‍ പില്‍ക്കാലത്ത് ശാസ്ത്ര-മത സമൂഹങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള പ്രചാരണത്തിന് നേതൃത്വം നല്‍കി. ഭൂമിയെ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല സരണിയാണിതെന്ന് അദ്ദേഹം കരുതിയിരുന്നു.
അദ്ദേഹം തന്റെ വീക്ഷണങ്ങള്‍ 30-ലധികം പുസ്തകങ്ങളില്‍ അവതരിപ്പിച്ചു. അവയില്‍ രണ്ടെണ്ണം - 1979 ലെ 'ഓണ്‍ ഹ്യൂമന്‍ നേച്ചര്‍', 1991 ലെ 'ദ ആന്റ്‌സ്' - നോണ്‍ ഫിക്ഷനുള്ള പുലിറ്റ്‌സര്‍ സമ്മാനങ്ങള്‍ നേടി. ഒരു ശാസ്ത്രജ്ഞനില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതിലും വളരെ ഗംഭീരമായിരുന്നു അദ്ദേഹത്തിന്റെ രചനാശൈലി.

2010 ല്‍ ഫിക്ഷനിലേക്കും ആധുനിക ഡാര്‍വിന്‍  കടന്നുവന്നു. അലബാമയിലെ ഒരു ബാലന്‍ ചതുപ്പുനിലങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചുള്ള 'ആന്തില്‍' എന്ന നോവലിലൂടെ. വില്‍സന്റെ ഏറ്റവും വിവാദപരമായ കൃതികളില്‍ ഒന്നാണ് 1975-ലെ 'സോഷ്യോ ബയോളജി: ദ ന്യൂ സിന്തസിസ്'.എല്ലാ മനുഷ്യ സ്വഭാവങ്ങളും ജനിതക മുന്‍നിര്‍ണ്ണയത്തിന്റെ ഫലമാണെന്ന്  അതില്‍ രേഖപ്പെടുത്തി. ഇക്കാര്യത്തില്‍ പഠനവും  അനുഭവങ്ങളും വഴിയുള്ള പരിപോഷണത്തെക്കാള്‍ മനുഷ്യപ്രകൃതിയാണു പ്രധാനമെന്ന അദ്ദേഹത്തിന്റെ വാദങ്ങള്‍  വംശീയവും ലിംഗവിവേചനവുമാണെന്ന് ആരോപിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കടുത്ത എതിരാളികള്‍ വിമര്‍ശനത്തിന്റെ തീപ്പൊരി ജ്വലിപ്പിച്ചു.

ആക്രമണങ്ങളെ അവഗണിച്ചു

ഒരു യോഗത്തില്‍ സംസാരിക്കുമ്പോള്‍ പ്രതിഷേധക്കാര്‍ വില്‍സനു നേരെ വെള്ളം എറിഞ്ഞു; മറ്റുള്ളവര്‍ 'വില്‍സന്‍, നിങ്ങള്‍ ആകെ നനഞ്ഞിരിക്കുന്നു' എന്ന് ഉച്ചത്തില്‍ ആക്ഷേപിച്ചു. അത്തരം ആക്രമണങ്ങള്‍ക്കിടയിലും ശാസ്ത്രീയ സത്യത്തെ പിന്തുടരാന്‍ താന്‍ തയ്യാറായിരുന്നു എന്നത്  അഭിമാനകരമായ കാര്യമാണെന്ന് വില്‍സന്‍ പിന്നീട് പറഞ്ഞു.

ബൈബിള്‍ വായിക്കുന്ന ഒരു സതേണ്‍ ബാപ്റ്റിസ്റ്റായി വളര്‍ന്നുവെങ്കിലും പരിണാമ ശാസ്ത്രം പഠിച്ച ശേഷം പള്ളിയില്‍ നിന്ന് അകന്നു തുടങ്ങിയ  വില്‍സന്‍ പിന്നീട് പറഞ്ഞിരുന്നത്  'നമ്മുടെ നിലവിലെ ധാരണയ്ക്ക് അതീതമായി  അതീവ ബുദ്ധിശക്തിയുള്ള ഏതോ ശക്തിയുടെ  പ്രാഭവം പ്രപഞ്ചത്തിലുണ്ടാകാനുള്ള സാധ്യത അംഗീകരിക്കാന്‍' തയ്യാറുള്ള ഒരാളാണ് താനെന്നാണ്.

ഭൂമിയെ രക്ഷിക്കാനുള്ള പാരിസ്ഥിതിക കൂട്ടുകെട്ടിന് വേണ്ടി ഒരു സാങ്കല്‍പ്പിക ബാപ്റ്റിസ്റ്റ് പ്രബോധകന് എഴുതിയ കത്തുകളുടെ പരമ്പരയായ 'ദ ക്രിയേഷന്‍: ആന്‍ അപ്പീല്‍ ടു സേവ് ലൈഫ് ഓണ്‍ എര്‍ത്ത്' എന്ന തന്റെ 2006 ലെ പുസ്തകത്തില്‍ ശാസ്ത്രത്തെയും മതത്തെയും ബന്ധിപ്പിക്കാന്‍ വില്‍സന് കഴിഞ്ഞു.

മനുഷ്യരാശി ഈ ഗ്രഹത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ 2011-ല്‍ നടത്തിയ പ്രസംഗത്തില്‍ വില്‍സന്‍ വാദിച്ചു. 'നമുക്ക് ശിലായുഗ വികാരങ്ങളും മധ്യകാല സ്ഥാപനങ്ങളും ദൈവതുല്യമായ സാങ്കേതികവിദ്യയുമുണ്ട്,' അദ്ദേഹം പറഞ്ഞു.ഇതെല്ലാം ഇക്കാര്യത്തില്‍ ഉപയോഗപ്രദമാകണമെന്ന പക്ഷക്കാരനായിരുന്നു വില്‍സന്‍.സാമ്പത്തിക നേട്ടത്തിനായി മഴക്കാടുകള്‍ നശിപ്പിക്കുന്നത്, ഭക്ഷണം പാകം ചെയ്യാന്‍ ഒരു നവോത്ഥാന ചിത്രം കത്തിക്കുന്നത് പോലെയാണെന്ന് അദ്ദേഹം  പറഞ്ഞു.

യുഎസിലെ ഏറ്റവും ഉയര്‍ന്ന ശാസ്ത്ര ബഹുമതിയായ നാഷണല്‍ മെഡല്‍ ഓഫ് സയന്‍സും ഡസന്‍ കണക്കിന് മറ്റ് അവാര്‍ഡുകളും നേടി ഇ.ഒ. വില്‍സന്‍. 1995-ല്‍ ടൈം മാഗസിന്‍ അദ്ദേഹത്തെ ഏറ്റവും സ്വാധീനമുള്ള 25 അമേരിക്കക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.

നാടോടിയുടെ കുട്ടിക്കാലം

എഡ്വേര്‍ഡ് ഓസ്‌ബോണ്‍ വില്‍സന്‍ 1929 ജൂണ്‍ 10 ന് അലബാമയിലെ ബര്‍മിംഗ്ഹാമില്‍ ജനിച്ചു. മാതാപിതാക്കള്‍ വിവാഹമോചനം നേടിയത് അദ്ദേഹത്തിന്റെ  ബാല്യത്തെ വല്ലാതെ ഉലച്ചു. തികഞ്ഞ മദ്യപാനിയായിരുന്നു അക്കൗണ്ടന്റായ പിതാവ്.അദ്ദേഹത്തിനൊപ്പം നാടോടിയെപ്പോലെ കഴിഞ്ഞ കുട്ടിക്കാലം വില്‍സനുണ്ടായിരുന്നു. പിതാവ് പിന്നീട് ആത്മഹത്യ ചെയ്തു. ഇടയ്ക്കിടയ്ക്കുള്ള വാസ മാറ്റങ്ങള്‍ മൂലം ശാശ്വത സൗഹൃദം രൂപപ്പെടുത്തുന്നത് ബുദ്ധിമുട്ടായിരുന്നു കൊച്ചു വില്‍സന്.

തല്‍ഫലമായി, വില്‍സന്‍ പ്രകൃതിയെ തന്റെ പ്രിയപ്പെട്ട കൂട്ടുകാരനായി കണക്കാക്കി, മണിക്കൂറുകളോളം വനങ്ങളിലും അരുവികളിലും ചതുപ്പുകളിലും ചുറ്റിനടന്ന് വന്യജീവികളെ നിരീക്ഷിച്ചു. കുട്ടിക്കാലത്തെ മത്സ്യബന്ധന അപകടം വില്‍സനെ ഉറുമ്പുകളെക്കുറിച്ചുള്ള പഠനമായ മൈര്‍മക്കോളജിയിലേക്ക് നയിച്ചു. ഒരു മത്സ്യത്തിന്റെ ചിറക് കൊണ്ട് കണ്ണിനു മുറിവേറ്റതോടെ ദൂരെ നിന്ന് വലിയ മൃഗങ്ങളെ നിരീക്ഷിക്കാന്‍ കഴിയാത്ത വിധം കാഴ്ച ശിഥിലമായി. പകരം, അടുത്തു പഠിക്കാന്‍ കഴിയുന്ന ചെറിയ ജീവികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഹാര്‍വാര്‍ഡ് ഗസറ്റ് അനുസരിച്ച്, അമേരിക്കയില്‍ തീ ഉറുമ്പുകളുടെ ആദ്യത്തെ കോളനി കണ്ടെത്തിയതിന്റെ ബഹുമതി വില്‍സന്റെ പേരിലാണ്. അന്നത്തെ പ്രായം 13 വയസ് മാത്രം. അലബാമയിലായിരുന്നു താമസം. പിന്നീട് അദ്ദേഹം ഉറുമ്പുകളെ കുറിച്ച് മറ്റൊരു സുപ്രധാന കണ്ടുപിടുത്തം നടത്തി, ആശയവിനിമയം നടത്താന്‍ അവ ഫെറമോണ്‍ വിസര്‍ജ്ജനം ഉപയോഗിക്കുന്നതായി.അലബാമ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ വില്‍സന്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ് കരസ്ഥമാക്കിയ ശേഷം അവിടെ നിരവധി പതിറ്റാണ്ടുകള്‍ പഠിപ്പിച്ചു.

തന്റെ പേരില്‍ 2005-ല്‍ 'ഇ.ഒ. വില്‍സണ്‍ ബയോഡൈവേഴ്സിറ്റി ഫൗണ്ടേഷന്‍'  സ്ഥാപിച്ചു.19 ലക്ഷം ജീവി വര്‍ഗ്ഗങ്ങളെ ഉള്‍പ്പെടുത്തി  2008-ല്‍ വിക്കിപ്പീഡിയ മാതൃകയില്‍ എന്‍സൈക്ലോപീഡിയ ഓഫ് ലൈഫ് ഓണ്‍ലൈനില്‍ ആക്കാനായത് അദ്ദേഹത്തിന്റെ വലിയൊരു  സ്വപ്ന സാക്ഷാത്കാരമായി. അദ്ദേഹത്തിന്റെ ജീവിതം ഇതിവൃത്തമായി 'ഡാര്‍വിന്റെ സ്വാഭാവിക അവകാശി' എന്ന ഡോക്യുമെന്ററിയും ആ വര്‍ഷം പുറത്തുവന്നു.
വില്‍സനും ഭാര്യ ഐറിനും മസാച്ചുസെറ്റ്സിലെ ലെക്സിംഗ്ടണിലാണ് താമസിച്ചിരുന്നത്.കാതറിന്‍ ഏക മകള്‍.

ബാബു കദളിക്കാട്

 

video courtesy : Eden project communitties

Comments

leave a reply