Foto

ഔഷധഗുണമില്ലാത്തവരുടെ ആധുനിക ലോകം.

ഫാ.സിബു ഇരിമ്പിനിക്കൽ
സെക്രട്ടറി,മീഡിയ കമ്മീഷൻ 

 

ഫെബ്രുവരി12 മാതൃഭൂമിയിൽ ശ്രീ. വി. ഷിനിലാൽ എഴുതിയ കഥ 'ചോല' വായിച്ചു. മധുവിന് പുറകെ വിശ്വനാഥനെയും ആൾകൂട്ടക്കൊലക്ക് കൊടുത്ത നമ്മൾ   ആധുനീകർ തീർച്ചയായും ഈ കഥ വായിക്കണം. ഒരു വെടി പൊട്ടുമ്പോൾ കാട്ടിൽ നിന്നു പേടിച്ചു പുറത്തിറങ്ങുന്ന ജീവികളും അവയെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ പിടിച്ചു നിർത്തുന്ന നരവംശ ശാസ്ത്രത്തിന്റെയും എച്ച് ആർ മാനേജ്മെന്റിന്റെയും വിജയപരിസമാപ്തി പറയുന്ന കഥ. പത്രവാർത്ത  നോക്കി തീരുമാനമെടുക്കുന്ന മന്ത്രിമാരുള്ള കാലത്തെ കഥയാണ്. ഘനന സാധ്യതകൾ പഠിച്ച് മലകയറിയവരുടെ കാലത്ത് നിന്ന് സർവ്വ മനുഷ്യസമൂഹത്തെയും കീഴ്പെടുത്തുകയും  ഔഷധഗുണമില്ലാത്തവിധം ജനതയെ മാറ്റിയെടുക്കുകയും ചെയ്യുന്ന ഡിജിറ്റൽ ഏകാധിപത്യത്തിലേക്ക് കഥ വളർന്നത് വായിക്കാൻ രസമാണ്, വെടിപൊട്ടുമ്പോൾ പേടിച്ചു പുറത്തിങ്ങുകയും ഓടുകയും ചെയ്യുന്ന ജീവികളിൽ നിന്നു വെടിപൊട്ടുമ്പോൾ അന്നം കൊടുക്കുന്നവന്റെ വരവായി ആഹ്ലാദിക്കുന്ന ജീവികളിലേക്ക് പരിമിതപ്പെടുകയും ഡൊമസ്റ്റിക്കേറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു. നമ്മൾ ആത്മനിന്ദയോടെ ചിലപ്പോൾ കഥയിൽനിന്ന് പുറത്തെ കിറ്റുകളുടെ വർത്തമാനകാല ജനാധിപത്വത്തിലേക്ക് വഴുതിവീഴാതെ കഥ വായിച്ചുപോകണം, കാരണം ചോലനായ്ക്കരുടെ ജീവി ജീവിതം 'വായനക്കാരനായ ആധുനിക പൗരൻ പരസ്പരം വച്ചുമാറാൻ സാധ്യത കൂടുതലാണ്. നാലുകട്ടിലുപണിയാൻ വെട്ടിയിട്ട ചന്ദനമരം വീണു മരിച്ചവനെ മിച്ചം വന്ന ചന്ദനമുട്ടിയിൽ ദഹിപ്പിച്ചതിന്റെ മനുഷ്യസ്നേഹ തൽപരതയ്ക്ക് സമാനമായ മനുഷ്യസ്നേഹം നമ്മൾ മൂലമ്പള്ളിയിലും വിഴിഞ്ഞത്തും പ്ലാച്ചിമടയിലും ഒക്കെ കണ്ടമ്പരന്നിട്ടുണ്ടല്ലോ.

ഇത് തീവ്രവും കരുത്തുമുള്ള പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്സ്  എത്ര സൂക്ഷ്മമായാണ് ഫിക്ഷനിൽ പടരുന്നത്. ജനാധിപത്യജാതി മതചിന്തകളിൽ സംഭവിച്ച അപചയത്തെയും കപടമായ വാഴ്ത്തിപ്പാടലുകളെയും  ആരും തിരിച്ചറിയുന്നില്ല എന്ന ദുരന്തത്തെ ഷിനിലാൽ ഓർമപ്പെടുത്തുന്നു.സ്വാർത്ഥമായ ലാഭചിന്തകളുടെ മറയായി ഇവയെല്ലാം ചെറുതാകുന്നു

"പുറം പണിക്കാരായ വേടർക്കും പുലയർക്കും മറ്റും പഴങ്കഞ്ഞിവെള്ളം കൊടുക്കുമ്പോൾ പശുവിന് കുടിക്കാനുള്ള കാടിയിൽനിന്ന് വിശേഷിച്ചെന്തെങ്കിലും കൂടി മുത്തശ്ശി അവരുടെ പാളയിലേക്ക് വീഴ്ത്തിക്കൊടുത്തിരുന്നു. മുജ്ജന്മപാപം കൊണ്ട് കീഴ്ജാതിയിൽ ജനിച്ച് ദരിദ്രരായി ജീവിക്കുന്ന അവർക്ക് ഭക്ഷണം കൊടുക്കുന്നത് ഈശ്വര കോപത്തിനിടയാക്കുമെന്നറിഞ്ഞിട്ടും മുത്തശ്ശി അതു ചെയ്തുവത്രേ"(കഥയിൽ നിന്ന്)

"ആദിമമായ ഒരു ചങ്ങലയിൽ സദാ പരിണമിച്ച് ചലിച്ചുകൊണ്ടിരിക്കുന്ന മനുഷ്യജീവി ഒരുത്പാദനോപാധികൂടിയാണെന്നുള്ള ബോധ്യം എനിക്കുണ്ട്" നരവംശശാസ്ത്ര പഠനത്തിലെ ഒരു മാനേജ്മെന്റ് ഉല്പന്നമാണ് ഈ ആശയം. നമ്മൾ മാറി മാറി ടാക്സ് നല്കുന്ന ജീവികളാണെന്ന ശാസ്ത്രം കുറെക്കാലമായി ഈ രാജ്യത്തെ ഭരണ കൂടങ്ങൾ പൗരന്മാരെക്കുറിച്ച് മനസ്സിലാക്കിയല്ലോ. ഒരു ചെലവുമില്ലാതെ ജനതയെ സ്വയം 

പര്യാപ്തരാക്കാൻ ഭക്ഷണവും വസ്ത്രവും നിഷേധിക്കുന്ന കഥയിലെ പാഠം. പെട്രോളിന്റെ വില കൂട്ടിയും ടാക്സ് കൊടുത്ത് പരിപാലിക്കുന്ന സ്വന്തം വീട് അടയ്ക്കുന്നതിനും തുറക്കുന്നതിനും കൂടുതൽ ടാക്സ് നൽകുന്നതിനും നമ്മൾ മാതൃകയാകുന്നത് കഥയിലെ ഈ പാഠമാണ്.

"സ്വാതന്ത്ര്യലബ്‌ദി മുതൽ കേട്ടു തുടങ്ങിയ ഒരു ചോദ്യമുണ്ടല്ലോ, ആദിവാസികളെ പൊതുസമൂഹത്തോട് ചേർക്കണോ, അതോ അതേ നിലയിൽ സംരക്ഷിക്കണോ എന്നുള്ളത്. സാർ അങ്ങനെയാണെങ്കിൽ നമ്മളെ അമേരിക്കക്കാരോട് ചേർക്കണ്ടേ?" നമ്മളെ അമേരിക്കക്കാരോടും ഫിൻലണ്ടിനോടും മലേഷ്യയോടും ജർമനിയോടും ചേർക്കാൻ ഇടയ്ക്കിടക്ക് നമ്മൾ തെരഞ്ഞെടുത്ത നമ്മുടെ പ്രതിനിധികളുടെ സംഘം അവിടം സന്ദർശിക്കുന്നു എന്നത് വലിയ കാര്യമല്ലേ? സ്വയം പര്യാപ്തരാക്കാൻ വസ്ത്രം നിഷേധിച്ച് നഗ്നരായ കാട്ടുവാസിയുടെ നഗ്നതയും ഭരണകൂടത്തിന്  വരുമാനമാർഗ്ഗമാകുമത്രേ. ആരും പേടിക്കണ്ട ഇത് കഥയല്ലേ.

"ചോലനായ്ക്കരുടെ കുരങ്ങുവേട്ടയെക്കുറിച്ചറിഞ്ഞ എൻജിനീയറും സംഘവും ഒരു നായാട്ട് അറേഞ്ച് ചെയ്തെടുത്തു. അവർ പ്രത്യേകവസ്ത്രങ്ങൾ ധരിച്ച് നായ്ക്കളെയും കൂട്ടി വേട്ടയ്ക്കിറങ്ങി. എട്ടുപേർ ഒരെണ്ണത്തിനെ ഓടിച്ച് ഒരൊറ്റമരത്തിൽ കയറ്റി. ഞങ്ങൾ എട്ടുപേർ ആഹ്ലാദത്തോടും  പറഞ്ഞറിയിക്കാനാവാത്ത ആവേശത്തോടും മരം വളഞ്ഞു. പിന്നെ ആ മരത്തെ അറക്കവാൾകൊണ്ടു മുറിച്ചിട്ടു. മരം നിലത്തുവീഴാൻ തുടങ്ങിയതും കുരങ്ങൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഒറ്റയടിക്കാണ് എൻജിനിയർ അതിനെ കൊന്നത്. ചോര പുരണ്ട തടിക്കഷണവും പിടിച്ച് അങ്ങേർ അന്ന് നിന്ന നിൽപ്പ് എനിക്കിപ്പോഴും ഓർമയുണ്ട്." അത് കാണാത്ത വായനക്കാരൻ വിഷമിക്കരുത്. ഇനിയും റോഡിലൂടെ, പാലങ്ങളിലൂടെ, പാളങ്ങളിലൂടെ, ബസ് കാത്തിരിപ്പ് വിശ്രമകേന്ദ്രത്തിലൂടെ ,ബസ്സ്റ്റാന്റിലൂടെ ഒക്കെ പോകുമ്പോൾ അവരെ കാണാം. അവരുടെ വീര്യമുള്ള പേരുകളും രൂപങ്ങളും ഭരണപരിഷ്കാരത്തിന്റെ തുരുമ്പെടുക്കാത്ത, പ്ലാസ്റ്റിക് അടരാത്ത, ഫ്ളക്സിലുറച്ച, നരവംശശാസ്ത്രക്ലാസ്സിൽ പഠിക്കേണ്ട കഥകൾ കാണാം. "കുരങ്ങനെന്നുകരുതി കാട്ടുവാസിയെ തല്ലിക്കൊന്നു കുരങ്ങനായാലും മനുഷ്യനായാലും ഒന്നുപോലെതന്നെ, കുരങ്ങനിൽ നിന്നു പരിണമിച്ചാണല്ലോ, മനുഷ്യനുണ്ടായത്. വാൽ ഇച്ചിരി കൂടി നീണ്ടാൽ നമ്മളും കുരങ്ങുതന്നെ കുരങ്ങിനുപോലും മനുഷ്യന്റെയത്ര വിലകല്പിക്കുന്ന" ആ വലിയ മനസ് നമ്മൾ കഥയിൽ മാത്രമല്ല, പ്രകൃതിസ്നേഹത്തിന്റെ ഭാവഗീതം പാടി കോടികളുടെ ലോണും ഫണ്ടും നേടുന്ന ഭരണവർഗ്ഗ പരിസ്ഥിതികളിലും കാണാം.

സൗജന്യ വിതരണങ്ങളാൽ സമയബോധം നിർമിച്ചെടുത്തവർ സൗജന്യം നിഷേധിച്ച് ആവശ്യക്കാർ ഒരുമിക്കുന്നതിനെക്കൂടി തകർക്കുന്നു. "അരി വിതരണം നിർത്തിയതിന് മറ്റൊരു ഫലം കൂടെയുണ്ടായി. അവർക്ക് ആഴ്ചകളെക്കുറിച്ചുള്ള ബോധം നഷ്ടപ്പെട്ടു. ഇപ്പോൾ ബുധനാഴ്ചയാണെന്നു കരുതി ഞായറോ തിങ്കളോ ഒക്കെ അവർ വഴിയിലേക്കിറങ്ങിവരും. 

ക്രമേണ ആ വരവും നിലച്ചു". "വസ്ത്രവും ഭക്ഷണവും നിഷേധിക്കപെട്ടവരുടെ, നഗ്ന വീഡിയോയിൽ പകർത്തപ്പെട്ട ജനത യുടെ ചുറ്റും ഇലക്ട്രിക് ഫെൻസിംഗ്, മുള്ളു വേലിക്കുപകരം കന്മതിൽ, അതിന് ഒരേയൊരു കവാടം. ഉള്ളിലുള്ളവരെ അടയാളപ്പെടുത്താൻ പുറത്തൊരു ചിത്രം, ഒരു കുറിപ്പും."ഞങ്ങളിൽ ഔഷധഗുണങ്ങളില്ല." ഒരു തരത്തിലുമുള്ള പൗരത്വം അവകാശ അധികാരങ്ങളില്ലാതെ ഔഷധഗുണം എല്ലാം നഷ്ടപ്പെട്ട ഈ ഡിജിറ്റൽ കാല പൗരന്മാരെ ഇതിലും മനോഹരമായി അടയാളപ്പെടുത്താൻ കഴിയില്ല. "നമ്മൾ ഔഷധഗുണമില്ലാത്ത ജനാധിപത്യ രാജ്യത്തെ പൗരന്മാർ.

കഥയുടെ അവസാനം നെഞ്ച് ലക്ഷ്യം വച്ച് കൂർത്തകല്ല് എടുത്തെറിയാൻ ഈ സംരക്ഷിത ജനതയിലൊരുവൻ ശ്രമിച്ചു. കണ്ണാടിയും തകർത്ത് അത് ഉള്ളിൽ കടന്നു. ഒരു കല്ലെങ്കിലും കരിങ്കൊടിയേയും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളേയും ഭയക്കുന്ന ഭരണാധികാരിയുടെ ചില്ലു വണ്ടിയിൽ തറയ്ക്കും. പക്ഷെ, അന്നുമവർ സന്തോഷിക്കും. സംരക്ഷിത വനത്തിലെ ഒരു കല്ലേറ്, പുറത്തിറങ്ങി വാതിൽ അടച്ചാൽ തീരാവുന്ന തേയുള്ളൂ. സത്യത്തിൽ കല്ലെറിഞ്ഞവൻ വേട്ടക്കാരനെന്ന് കരുതി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട് കാലംകഴിച്ചോളും. കാരണം നമ്മൾ
ഔഷധ ഗുണം നഷ്ട്ടമായ പൗരന്മാർ മാത്രം.
 

Comments

  • Anish
    18-02-2023 08:28 PM

    ഈ കഥ കാലഘട്ടത്തിന്റെ അനിവാര്യത ചൂണ്ടിക്കാണിക്കുന്നു, കഥാകാരൻ വരികൾക്കുള്ളിൽ പൊതിഞ്ഞു വച്ചിരിക്കുന്നത് എന്തിനെയും നിസ്സാരവൽക്കരിക്കാനും, അതിൽ സന്തോഷിക്കുവാനും ഭരണവർഗ്ഗം നമ്മെ പരിശീലിപ്പിച്ചു കൊണ്ടേയിരിക്കുന്നു, എന്നുള്ളതും ഭരണകൂടവും ജുഡീഷ്യറിയും ഫോർത്ത് സ്റ്റേറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൃശ്യപത്രമാധ്യമങ്ങളും ഏറ്റവും ആവശ്യം വേണ്ടുന്ന കാര്യങ്ങളിൽ ഗൂഢാലോചന നടത്തി ഒന്നാകുന്ന കാഴ്ചയും കാണാൻ സാധിക്കുന്നു ഔഷധഗുണം നഷ്ടപ്പെട്ട നമ്മൾ ഓരോരുത്തരും ഇത് കണ്ട് പല്ലിളിക്കുന്നു നന്ദി

leave a reply

Related News