Foto

പോളണ്ടിനെ മാതൃകയാക്കി ലോകം !

"പോളണ്ടിനെ മാതൃകയാക്കി ലോകം!

ടെക്സസ്: മാസാദ്യ ശനിയാഴ്ചകൾതോറും പോളണ്ടിലെ നിരത്തുകൾ സാക്ഷ്യം വഹിക്കുന്ന പുരുഷന്മാരുടെ ജപമാല റാലി (മെൻസ് റോസറി) ശീലമാക്കാൻ തയാറെടുത്ത് ലോകരാജ്യങ്ങൾ! കോവിഡ് കാലഘട്ടത്തിൽപ്പോലും പോളണ്ടിലെ നഗരനിരത്തുകളിൽ മുടക്കംകൂടാതെ നടന്ന ‘മെൻസ് റോസറി’യുടെ സ്വാധീനം വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ അടയാളങ്ങളാണ് ഓരോ മാസാദ്യ ശനിയാഴ്ച പിന്നിടുമ്പോഴും പുറത്തുവരുന്നത്. അമേരിക്കൻ സംസ്ഥാനമായ ടെക്‌സസും ഓസ്‌ട്രേലിയൻ സംസ്ഥാനമായ സിഡ്‌നിയും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററുമാണ് ഏറ്റവും പുതുതായി ‘മെൻസ് റോസറി’ക്ക് തുടക്കം കുറിച്ച സ്ഥലങ്ങൾ.

ക്രിസ്തുവിശ്വാസവും പരിശുദ്ധ അമ്മയോടുള്ള വണക്കവും പരസ്യമായി പ്രഘോഷിക്കുക എന്ന ലക്ഷ്യത്തോടെ വിരലിലെണ്ണാവുന്നവർ ചേർന്ന് പോളണ്ടിൽ തുടക്കം കുറിച്ച ‘മെൻസ് റോസറി’ വരുംനാളുകളിൽ ഒരു ആഗോള മുന്നേറ്റമായി മാറുമെന്നാണ് പ്രതീക്ഷ. പോളണ്ടിനുശേഷം അയർലൻഡിലെ ഡെറിയിലാണ് ‘മെൻസ് റോസറി’സംഘടിപ്പിക്കപ്പെട്ടത്, കഴിഞ്ഞ ഒക്‌ടോബറിൽ. ഫാത്തിമാ നാഥയുടെ തിരുസ്വരൂപവുമായി സംഗമിച്ച സംഘാംഗങ്ങൾ, മുട്ടിന്മേൽനിന്ന് ജപമാലകൾ കൈകളിലുയർത്തി പ്രാർത്ഥിക്കുന്ന വീഡോയോയും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി മാറിയതോടെ വിവിധ ഐറിഷ് നഗരങ്ങളിലും ‘മെൻസ് റോസറി’യുടെ ആരംഭത്തിന് വഴിതുറക്കുകയായിരുന്നു.

ന്യൂറി, ഒമാഗ്, ഡബ്ലിൻ, ട്രാലി, ക്‌നോക്ക് എന്നിവയാണ് ‘മെൻസ് റോസറി’ക്ക് വേദിയായ മറ്റ് ഐറിഷ് നഗരങ്ങൾ. ടെക്‌സസ് നഗരമായ ഓസ്റ്റിനിലെ ഡഗ് സാം ഹിൽ സമ്മിറ്റാണ് അമേരിക്കയിലെ പ്രഥമ ‘റോസറി റാലി’ക്ക് വേദിയായത്. ഓസ്റ്റിനിൽ എല്ലാ മാസത്തെയും ജപമാല അർപ്പണങ്ങൾ ഏകോപിപ്പിക്കാൻ വെബ് സൈറ്റിനും സംഘാടകർ രൂപം നൽകിയിട്ടുണ്ട്. അയർലൻഡിലെ പ്രമുഖ മെഡിക്കൽ ഡോക്ടർ ഓവൻ ഗല്ലാഗറും പ്രോ ലൈഫ് സംരംഭമായ ‘ഹ്യൂമൻ ലൈഫ് ഇന്റർനാഷണ’ലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പാട്രിക് മക്രിസ്റ്റലും ചേർന്നാണ് ഡെറിയിലെ ‘മെൻസ് റോസറി’ സംഘടിപ്പിച്ചത്.

പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിന് എതിരായി ചെയ്ത നിന്ദനങ്ങൾക്കും അവഹേളനങ്ങൾക്കും പരിഹാരമായി അഞ്ച് മാസാദ്യ ശനിയാഴ്ചകളിൽ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടണമെന്ന ഫാത്തിമാ ദർശനത്തിൽ ദൈവമാതാവ് നൽകിയ നിർദേശമാണ് ഇപ്രകാരമൊരു ജപമാല പ്രദക്ഷിണം സംഘടിപ്പിക്കാൻ പുരുഷന്മാരെ പ്രചോദിപ്പിച്ചത്. പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിന് എതിരായി ചെയ്ത നിന്ദനങ്ങൾക്കും അവഹേളനങ്ങൾക്കും പരിഹാരമായി അർപ്പിക്കുന്ന മാസാദ്യ ശനിയാഴ്ച വണക്കത്തിന് 1905ൽ പയസ് 10-ാമൻ പാപ്പയാണ് അംഗീകാരം നൽകിയത്.

അമലോത്ഭവത്തോടുള്ള ആദരസൂചനകമായി 12 മാസങ്ങളിൽ പ്രസ്തുത ഭക്ത്യാനുഷ്~ാനം നിറവേറ്റുന്നവർക്ക് ദണ്ഡവിമോചനവും സഭ വാഗ്ദാനം ചെയ്യുന്നു. തുടർച്ചയായി അഞ്ച് മാസാദ്യ ശനിയാഴ്ചകളിൽ കുമ്പസാരിക്കുകയും വിശുദ്ധ കുർബാന സ്വീകരിക്കുകയും ജപമാലയുടെ അഞ്ചു രഹസ്യങ്ങൾ പ്രാർത്ഥിക്കുകയും ജപമാലയുടെ 15 രഹസ്യൾ ധ്യാനിക്കാൻ 15 മിനിറ്റ് സമയം ചെലവഴിക്കുകയും ചെയ്യുന്നവരുടെ മരണസമയത്ത് പ്രത്യേക അനുഗ്രഹവും ഫാത്തിമാ മാതാവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രതികൂലങ്ങളെ അനുകൂലമാക്കാൻ പ്രാർത്ഥനയ്ക്കുള്ള ശക്തിയെ കുറിച്ച് സംശയമില്ലെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ പ്രാർത്ഥനയ്ക്കപ്പുറം മനുഷ്യബുദ്ധ്യാലുള്ള പ്രവൃത്തിക്കളിൽ മുഴുകാനുള്ള ത്വര മനുഷ്യസഹജമാണ്. ഈ സാഹചര്യത്തിലാണ്, പൊതുനിരത്തിലെ പ്രാർത്ഥനാകൂട്ടായ്മയുടെ സാക്ഷ്യങ്ങൾ പ്രസക്തമാകുന്നത്. തെരുവുകളിൽ മുട്ടുകുത്തി ജപമാല ചൊല്ലുന്ന പുരുഷന്മാരുടെ ചിത്രങ്ങൾ തങ്ങളുടെ കത്തോലിക്കാ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കാൻ അനേകരെ പ്രചോദിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

Comments

leave a reply