Foto

സുവിശേഷ സര്‍ഗ്ഗാത്മകത ലോകം മനസ്സിലാക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ

സുവിശേഷ സര്‍ഗ്ഗാത്മകത
ലോകം മനസ്സിലാക്കണം:
ഫ്രാന്‍സിസ് മാര്‍പാപ്പ


സ്വാതന്ത്ര്യവും സര്‍ഗ്ഗാത്മകതയും സംഭാഷണവും സമന്വയിപ്പിച്ച് ഐക്യത്തിന്റെ പാതയിലൂടെ മുന്നേറാന്‍ സ്ലോവാക്യയിലെ കത്തോലിക്കാ സമൂഹത്തിന് കഴിയണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അപ്പസ്‌തോലിക യാത്രയുടെ ഭാഗമായി ബ്രാറ്റിസ്ലാവയിലെ സെന്റ് മാര്‍ട്ടിന്‍സ് കത്തീഡ്രലില്‍ ബിഷപ്പുമാര്‍, വൈദികര്‍, സമര്‍പ്പിതര്‍, സെമിനാരി പഠിതാക്കള്‍, മതബോധനാധ്യാപകര്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചാ വേളയിലാണ് സ്ലോവാക്യന്‍ സഭ യൂറോപ്പിനാകെ വെളിച്ചമേകി അതിന്റെ ഉജ്വല ചരിത്രം ആവര്‍ത്തിക്കണമെന്ന്  മാര്‍പാപ്പ  ആഹ്വാനം ചെയ്തത്.

സുവിശേഷ സ്വാതന്ത്ര്യത്തിലൂന്നി വിശ്വാസത്തിന്റെ സര്‍ഗ്ഗാത്മകത പ്രസരിപ്പിക്കുന്നതാകണം ആധുനിക കാലത്തെ സഭ. ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്ന സംഭാഷണം അതിന്റെ ഭാഗമാകണം. എളിമ മുഖമുദ്രയായുള്ള അത്തരത്തിലുള്ള ഒരു സഭയ്ക്കായി പ്രവര്‍ത്തിക്കാന്‍ സ്ലൊവാക്യയിലെ ബിഷപ്പുമാരും പുരോഹിത ഗണവും വിശ്വാസികളും ഒരുമിക്കണമെന്ന് മാര്‍പാപ്പ പറഞ്ഞു.

താന്‍ ഒരു സഹോദരനായാണ് വന്നിട്ടുള്ളതെന്നും അവിടെ സന്നിഹിതരായിട്ടുള്ളവരില്‍ ഒരാളെപ്പോലെയാണ് സ്വയം തോന്നുന്നതെന്നുമുള്ള ആമുഖത്തോടെയാണ് മാര്‍പാപ്പ പ്രസംഗം ആരംഭിച്ചത്. 'നിങ്ങളുടെ അനുഭവങ്ങളും ചോദ്യങ്ങളും മാത്രമല്ല, ഈ രാജ്യത്തിന്റെയും ഇവിടത്തെ സഭയുടെയും അഭിലാഷങ്ങളും പ്രതീക്ഷകളും കേള്‍ക്കാന്‍ ഞാന്‍ വന്നിരിക്കുന്നു. ആദിമ ക്രിസ്ത്യന്‍ സമൂഹത്തെ അനുസ്മരിപ്പിക്കുന്നു ഈ സമൂഹവും. അവര്‍ പ്രാര്‍ത്ഥനയില്‍ സ്ഥിരത പുലര്‍ത്തിയിരുന്നു; ഏവരും ഒരുമിച്ച് നടന്നു,'

സുവിശേഷത്തിന്റെ ജീവനുള്ള ജ്വാല ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജീവിതപാതയിലൂടെ ഒരുമിച്ച് സഞ്ചരിക്കാന്‍ കഴിയുന്ന സഭയാണ്  ആവശ്യം. 'സഭ ഒരു കോട്ടയല്ല; ശക്തിദുര്‍ഗ്ഗമല്ല. താഴെയുള്ള ലോകത്തെ നോക്കിയാകണം സഭ സ്വയം പര്യാപ്തമാകേണ്ടത്.' സുവിശേഷത്തിന്റെ സന്തോഷത്തോടെ മനുഷ്യരെ ക്രിസ്തുവിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന സമൂഹമാകുകയെന്നതാണ് പ്രധാനം. 'ലോകത്ത് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവരാജ്യം വളര്‍ത്തുന്ന പുളിമാവാണ് സഭ'. അതിനാല്‍, നമ്മെ സമ്പന്നരാക്കുന്നതിനായി എല്ലാം സ്വയം ത്യജിച്ചു ദരിദ്രനായിത്തീര്‍ന്ന യേശുവിനെപ്പോലെ സഭ താഴ്മ കൈവരിക്കണം.

ലോകത്തില്‍ നിന്ന് അകന്നു നില്‍ക്കാനോ വേറിട്ട വീക്ഷണ കോണില്‍ ലോകത്തെ വിലയിരുത്താനോ ആകില്ല സഭയ്ക്ക്. ലോകത്തിനകത്ത് ജീവിക്കുന്നതും പങ്കുവയ്ക്കാന്‍ സന്നദ്ധവുമായ എളിയ സഭയുടെ സൗന്ദര്യം പ്രശംസനീയമാണ്. ആളുകളുടെ പ്രശ്‌നങ്ങളും പ്രതീക്ഷകളും പ്രതീക്ഷകളും മനസ്സിലാക്കുകയെന്നതാണു വലിയ കാര്യം. സ്വയം ഉള്‍വലിയുന്നതില്‍ നിന്ന് ഈ രീതിയില്‍ സഭയ്ക്ക് രക്ഷപ്പെടാന്‍ കഴിയും. 'സഭയുടെ കേന്ദ്രം സഭയാകരുത് '- മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി. 'നമ്മള്‍ ആളുകളുടെ യഥാര്‍ത്ഥ ജീവിതത്തില്‍ മുഴുകി സ്വയം ചോദിക്കേണ്ടതുണ്ട്: അവരുടെ ആത്മീയ ആവശ്യങ്ങളും പ്രതീക്ഷകളും എന്താണെന്നും അവര്‍ സഭയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്താണെന്നും.'
 
സ്വാതന്ത്ര്യം, സര്‍ഗ്ഗാത്മകത, സംഭാഷണം എന്നീ മൂന്ന് ആശയങ്ങളില്‍ ഊന്നിയാകണം ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടത്. 'സ്വാതന്ത്ര്യമില്ലാതെ, യഥാര്‍ത്ഥ മനുഷ്യത്വം ഉണ്ടാകില്ല, കാരണം മനുഷ്യര്‍ സ്വതന്ത്രരാകാനാണ് സ്വതന്ത്രരായി സൃഷ്ടിക്കപ്പെട്ടത്,' സ്വാതന്ത്ര്യം ആക്രമിക്കപ്പെട്ടപ്പോഴെല്ലാം സ്ലോവാക്യയുടെ ചരിത്രത്തില്‍ ദുരന്ത അധ്യായങ്ങള്‍ ആവര്‍ത്തിച്ചു.ഇത് വലിയ പാഠം നല്‍കുന്നുവെന്ന് പാപ്പാ പറഞ്ഞു.

സ്വാതന്ത്ര്യം  ലംഘിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്തപ്പോള്‍ മാനവികത വികൃതമായി. അക്രമത്തിന്റെയും ബലപ്രയോഗത്തിന്റെയും അവകാശ നിഷേധത്തിന്റെയും വൈകൃതങ്ങള്‍ അതിവേഗം പിന്തുടരുകയും ചെയ്തു. സ്വാതന്ത്ര്യമെന്നത് ഒറ്റത്തവണയായും യാന്ത്രികമായും കൈവരുന്ന  ഒന്നല്ല. അത് ഒരു തുടര്‍ പ്രക്രിയയാണ്. ചിലപ്പോള്‍ ക്ഷീണിതമാകുമെന്നതിനാല്‍ എപ്പോഴും പുതുക്കപ്പെടേണ്ടതുമാണത്.

ബാഹ്യമായോ സമൂഹത്തിന്റെ ഘടനയില്‍ ആധികാരികമായോ നിലനില്‍ക്കുന്നുവെന്നതിനാല്‍ മാത്രം സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണമാകില്ല. അതിനപ്പുറമായി നമ്മുടെ വിവേചനാധികാരത്തിനും തിരഞ്ഞെടുപ്പുകള്‍ക്കും സ്ഥിരോത്സാഹത്തിനും വ്യക്തിപരമായ ഉത്തരവാദിത്തം ആവശ്യപ്പെടുന്നുണ്ട് സ്വാതന്ത്ര്യം; പാരമ്പര്യാധിഷ്്ഠിതമായും പൊതുജനാഭിപ്രായപ്രകാരവും മാത്രമായല്ലാതെ തീരുമാനമെടുക്കുമ്പോഴുള്ള വെല്ലുവിളിഘട്ടത്തില്‍ പ്രത്യേകമായും.

ഈ ആശയം സഭയിലും പ്രസക്തമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. മനസ്സാക്ഷിയോട് ആലോചിച്ച് വെല്ലുവിളി നേരിടാന്‍ അനുവദിക്കുന്നതിനു പകരം എല്ലാം പെട്ടെന്ന് നിര്‍വചിക്കപ്പെടണമെന്ന അവസ്ഥ പലപ്പോഴുമുണ്ടാകുന്നു. ആത്മീയ ജീവിതത്തിലും സഭാ  ജീവിതത്തിലും നമ്മെ അസ്വസ്ഥമാക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യേണ്ട സുവിശേഷത്തിന്റെ അഗ്നിക്കു പകരമായി താല്‍ക്കാലിക സമാധാനത്തിനായുള്ള സൂത്രവഴി തേടാന്‍ പ്രലോഭനമുണ്ടാകാം - മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

'ആത്മീയ ജീവിതത്തില്‍ പോലും സ്വാതന്ത്ര്യത്തിന്റെ സാഹസികതയ്ക്ക് ഇടമില്ലാത്ത സഭ കര്‍ക്കശവും സ്വയം ബന്ധിതവുമാകാന്‍ സാധ്യതയുണ്ട.്' പലര്‍ക്കും ആ സാഹചര്യവുമായി ഇണങ്ങിപ്പോകാന്‍ കഴിഞ്ഞേക്കും.അതേസമയം, യുവതലമുറ അങ്ങനെയല്ലെന്ന് മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കി.ആന്തരിക സ്വാതന്ത്ര്യം നല്‍കാത്ത വിശ്വാസത്തില്‍ അവര്‍  ആകര്‍ഷിക്കപ്പെടില്ല. എല്ലാവരും ഒരുപോലെ ചിന്തിക്കുകയും അന്ധമായി അനുസരിക്കുകയും ചെയ്യുന്ന സഭയോടും മമതയുണ്ടാകില്ല.

അതിനാല്‍, 'ദൈവവുമായി പക്വവും സ്വതന്ത്രവുമായ ബന്ധത്തിനായി' ആളുകളെ പരിശീലിപ്പിക്കാന്‍ മെത്രാന്മാരും വൈദികരും പ്രത്യേകം മനസ്സിരുത്തണം.'കര്‍ക്കശമായ മതവിശ്വാസത്തില്‍' ആളുകളെ ബന്ധിതരാക്കാന്‍ നോക്കുകയല്ല വേണ്ടത്. മറിച്ച്, ദൈവവുമായുള്ള  ബന്ധത്തിലേക്ക് ക്രമേണ പ്രവേശിച്ചുകൊണ്ടാകണം എല്ലാവരും സുവിശേഷത്തിന്റെ സ്വാതന്ത്ര്യം കണ്ടെത്തേണ്ടത്. ഭയവും നാട്യവുമില്ലാതെയും സ്വന്തം പ്രതിച്ഛായയും ചരിത്രവും  സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയില്ലാതെയും  തങ്ങള്‍ക്ക് കടന്നു ചെല്ലാന്‍  കഴിയുന്ന ദൈവത്തെ കണ്ടെത്താന്‍  അവര്‍ക്കു കഴിയണം.
്.
സര്‍ഗ്ഗാത്മകതയെ പ്രതിഫലിപ്പിക്കാന്‍ മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടിയത് വിശുദ്ധ സിറിളിന്റെയും വിശുദ്ധ മെത്തോഡിയസിന്റെയും പ്രബോധനത്തിലും ശുശ്രൂഷയിലും രൂപപ്പെട്ട മഹത്തായ മത പൈതൃകത്തെയാണ്. ഈ വിശുദ്ധര്‍, 'സുവിശേഷവത്കരണം ഒരിക്കലും ഭൂതകാലത്തിന്റെ ആവര്‍ത്തനമല്ലെന്നാണ് പഠിപ്പിച്ചത്'. സുവിശേഷത്തിന്റെ സന്തോഷം എപ്പോഴും ക്രിസ്തുവാണെന്നും എന്നാല്‍ ഈ സുവാര്‍ത്ത കാലത്തിലൂടെയും ചരിത്രത്തിലൂടെയും സഞ്ചരിക്കുന്ന വഴികള്‍ വ്യത്യസ്തമായിരിക്കുമെന്നും അവര്‍ ഉദ്‌ബോധിപ്പിച്ചു.

ബൈബിളിന്റെയും ആരാധനാക്രമത്തിന്റെയും ക്രിസ്തീയ ഉപദേശത്തിന്റെയും വിവര്‍ത്തനത്തിനായി ഒരു പുതിയ അക്ഷരമാല കണ്ടുപിടിച്ചവരാണ് വിശുദ്ധ സിറിലും മെത്തോഡിയസും എന്ന് മാര്‍പാപ്പ പറഞ്ഞു. അങ്ങനെ അവര്‍ 'വിശ്വാസ സംസ്‌കാരത്തിന്റെ അപ്പോസ്തലന്മാര്‍' ആയിത്തീര്‍ന്നു. സുവിശേഷം കൈമാറുന്നതിനായി അവര്‍ പുതിയ ഭാഷകള്‍ കണ്ടുപിടിച്ചു; ക്രിസ്ത്യന്‍ സന്ദേശം വിവര്‍ത്തനം ചെയ്യുന്നതില്‍ അവര്‍ സര്‍ഗ്ഗാത്മകരായിരുന്നു. നേരിട്ടിടപെട്ട ജനങ്ങളുടെ ചരിത്രത്തോട് ഏറ്റവും അടുക്കുകയും അവരുടെ ഭാഷ പഠിക്കുകയും അവരുടെ സംസ്്കാരം സ്വാംശീകരിക്കുകയും ചെയ്തു ആ വിശുദ്ധര്‍. ഇന്ന് സ്ലൊവാക്യ ചെയ്യേണ്ടതും ഇതല്ലേ ? യൂറോപ്പിലെ ജനങ്ങളുടെ മുമ്പില്‍ സഭ ഏറ്റെടുക്കേണ്ട ഏറ്റവും അടിയന്തിര ചുമതല വിശ്വാസം പ്രഖ്യാപിക്കാന്‍ പുതിയ 'അക്ഷരങ്ങള്‍' കണ്ടെത്തുകയെന്നതല്ലേ ? - മാര്‍പ്പാപ്പ ചോദിച്ചു.

തളര്‍വാതരോഗിയായ മനുഷ്യനെ വാതിലിലൂടെ കടക്കാന്‍ കഴിയാതെ വന്നപ്പോള്‍ യേശുവിനടുത്തേക്ക് താഴ്ത്താന്‍ മേല്‍ക്കൂര തുറന്ന ആളുകളുടെ സര്‍ഗ്ഗാത്മകത  (മര്‍ക്കോസ് 2: 15) മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി. സുവിശേഷ പ്രഘോഷണത്തിനായി പുതിയ മാര്‍ഗങ്ങളും  ഭാഷകളും കണ്ടെത്തി  'വ്യത്യസ്ത ഇടങ്ങള്‍ തുറക്കാനും മറ്റ് മാര്‍ഗങ്ങളിലൂടെ പരീക്ഷണം നടത്താനും' സിറിലും മെത്തോഡിയസും മാര്‍ഗദര്‍ശികളാകണം. ' ഒരു ജനതയുടെ സംസ്‌കാരത്തിലും അതിന്റെ ചിഹ്നങ്ങളിലും ചോദ്യങ്ങളിലും വാക്കുകളിലും ജീവിതത്തിലും വേരൂന്നിയല്ലാതെ സുവിശേഷം വളരില്ല' എന്നാണ് അവര്‍ നമ്മെ പഠിപ്പിച്ചത്. സുവിശേഷവല്‍ക്കരണം 'സംസ്‌കാരത്തിന്റെ ഒരു പ്രക്രിയയാണ് '- ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. 'ഇത് പുതുമയുടെ ഫലവത്തായ വിത്താണ്, എല്ലാം നവീകൃതമാക്കുന്ന ആത്മാവിന്റെ പുതുമ.'

ആന്തരിക സ്വാതന്ത്ര്യത്തിലും ഉത്തരവാദിത്തത്തിലും ആളുകളെ പരിശീലിപ്പിക്കുന്നതാകണം സഭ. ലോകവുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ കഴിവുള്ള സഭയ്ക്ക് അവരുടെ ചരിത്രത്തിലും സംസ്‌കാരത്തിലും മുഴുകി സര്‍ഗ്ഗാത്മകത പുലര്‍ത്താന്‍ സാധ്യമാകണം. തങ്ങളുടേതല്ലാത്ത എന്ന ഭാവത്തില്‍ ക്രിസ്തുവിനെ ഏറ്റുപറയുന്നവരെയും മതവുമായി പോരാടുന്നവരെയും വിശ്വാസികളല്ലാത്തവരെയും പോലും ഇക്കാര്യത്തില്‍ അന്യരായി കാണാനാകില്ലെന്ന് മാര്‍പാപ്പ പറഞ്ഞു.വിവിധ പാരമ്പര്യങ്ങളും സംവേദനങ്ങളും നിലനിര്‍ത്തി, 'വിശ്വാസികള്‍ക്കിടയിലും, വ്യത്യസ്ത ക്രിസ്തീയ വിഭാഗങ്ങള്‍ക്കിടയിലും, ജനങ്ങള്‍ക്കിടയിലും' കൂട്ടായ്മയും സൗഹൃദവും സംഭാഷണവും അഭിവൃദ്ധി പ്രാപിക്കാന്‍ സാധ്യമാക്കുന്നതാകണം സഭാപ്രവര്‍ത്തനം.
 
'ഐക്യവും കൂട്ടായ്മയും സംഭാഷണവും എല്ലായ്‌പ്പോഴും ദുര്‍ബലമാണ്, പ്രത്യേകിച്ച് വേദനാജനകമായ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍.  അതിന്റെ പാടുകള്‍ അവശേഷിക്കുന്നു'- ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.പക്ഷേ, ആ മുറിവുകള്‍ എപ്പോഴും ദൈവത്തിന്റെ മുറിവുകളുടെ അനുകരണമാകണം. അതോടെ അവ തുറസ്സായി മാറും, ദൈവത്തിന്റെ കരുണ വെളിപ്പെടും.'

ഒരു കവിളത്ത് അടിക്കുന്നവനു നേരെ മറ്റേ കവിള്‍ തിരിച്ച് അക്രമത്തിന്റെ ദുഷിച്ചതും വിനാശകരവുമായ ചക്രം തകര്‍ക്കാനുള്ള യേശുവിന്റെ ക്ഷണം ഓര്‍മ്മപ്പെടുത്തവേ പരിശുദ്ധ പിതാവ് ഒരു പഴഞ്ചൊല്ല് അനുസ്മരിച്ചു: 'ആരെങ്കിലും നിങ്ങള്‍ക്ക് നേരെ കല്ലെറിയുകയാണെങ്കില്‍, പകരം അയാള്‍ക്ക് അപ്പം കൊടുക്കുക'. നമ്മള്‍, തിന്മയെ മറികടക്കേണ്ടത് നന്മ കൊണ്ടായിരിക്കണം. (റോമ 12:21). പീഡിപ്പിക്കപ്പെടുകയും തടവിലാക്കപ്പെടുകയും നിര്‍ബന്ധിത ജോലിക്ക് വിധിക്കപ്പെടുകയും ചെയ്ത ശേഷം രോഗബാധിതനായ ജെസ്യൂട്ട് കര്‍ദിനാള്‍ കോറെക്കിന്റെ കഥയും മാര്‍പാപ്പ ഓര്‍മ്മിച്ചു. 2000 - ലെ ജൂബിലി ആഘോഷത്തിനായി  റോമില്‍ എത്തിയ കര്‍ദിനാള്‍ കാറ്റകോമ്പുകളില്‍ പോയി തന്റെ പീഡകര്‍ക്കായി മെഴുകുതിരി കത്തിച്ച് അവര്‍ക്കായി കരുണ തേടി പ്രാര്‍ത്ഥിച്ചു.'ഇതാണ് സുവിശേഷം! എളിമയുള്ളതും ക്ഷമയുള്ളതുമായ സ്‌നേഹത്തിലൂടെ  ജീവിതത്തിലും ചരിത്രത്തിലും അത് വളരുന്നു'

വിശ്വാസത്തിന്റെ സര്‍ഗ്ഗാത്മകതയിലും ദൈവകൃപയുടെ ഉറവിടമാര്‍ന്ന സംഭാഷണത്തിലും നമ്മെ സഹോദരീസഹോദരന്മാരാക്കി മാറ്റിയ   സുവിശേഷ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര അഭംഗുരം തുടരാനും ഐക്യത്തിന്റെയും സമാധാനത്തിന്റെയും നിര്‍മ്മാതാക്കളാകാനും
ആഹ്വാനം ചെയ്തുകൊണ്ടാണ് മാര്‍പാപ്പ  തന്റെ പ്രസംഗം ഉപസംഹരിച്ചത്.

ബാബു കദളിക്കാട്

 

Video Courtesy: BLOOMBERG

Comments

leave a reply

Related News