കോവിഡ് കാലത്ത് സ്നേഹത്തിന്റെ ലോകം തുറന്നിടുന്ന ക്രൈസ്തവലോകം
ടോണി ചിറ്റിലപ്പിള്ളി
നമുക്ക് ചരിത്രത്തിലേക്ക് നോക്കിയാൽ ഒരു കാര്യം മനസ്സിലാക്കാം.ഫലപ്രദമായ മരുന്നുകൾ കണ്ടുപിടിക്കുന്നതിനു മുമ്പ് മുമ്പ് എല്ലാ ഭരണാധികാരികളും എല്ലാ സംസ്കാരവും രോഗികളോട് ചെയ്തിരുന്ന പൊതുവായ രീതി ഇതായിരുന്നു:ഏതെങ്കിലും മഹാമാരി പിടിപെടുന്ന വ്യക്തികളെ ഒന്നുകിൽ, ഒറ്റപ്പെട്ട സ്ഥലത്തേക്ക് പറഞ്ഞയക്കും അല്ലെങ്കിൽ, രോഗം ഇല്ലാത്തവർ അവിടെനിന്നും മാറിപ്പോയി അവരെ ഒറ്റപ്പെടുത്തും.ഇപ്പോഴത്തെ ക്വാറന്റൈന്‍ ഒരു പരിധിവരെ അതിനു സമാനമാണ്.ഒറ്റപ്പെടുത്തൽ ഇല്ലെന്നു മാത്രം.
ഒരു ദുരന്തം പഠിപ്പിക്കുന്ന ആദ്യ പാഠം നാമെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ്.എന്നാൽ സുരക്ഷയ്ക്കായി നാമിപ്പോൾ അകന്നിരിക്കുന്നു.പരസ്പരം സ്നേഹിക്കാത്തവർക്ക് ഒരിക്കലും വേർപിരിയേണ്ടയാവശ്യമില്ല.നമ്മുടെ സൗഹൃദത്താൽ നന്നായി നെയ്തെടുത്ത ഈ അകലത്തെ നമുക്ക് സ്നേഹിക്കാം.
അമേരിക്കൻ എഴുത്തുകാരി റബേക്ക സോള്‍നിറ്റ് എഴുതുന്നു," 'നമുക്ക് ദുരന്തങ്ങളെ സ്വാഗതം ചെയ്യാനാവില്ല. പക്ഷെ അതുളവാക്കുന്ന പ്രായോഗികവും മാനസികവുമായ പ്രതികരണങ്ങളെ ഗൗരവതരമായി സമീപിക്കാം".കോവിഡിന്റെ ഭയത്തിനും ഒറ്റപ്പെടലിനുമിടയിൽ, അഗാധവും ഗുണപരവുമായ മാറ്റം സാധ്യമാണെന്ന് നാം പഠിക്കേണ്ടിയിരിക്കുന്നുവെന്ന് ക്രിസ്തുമാർഗം നമ്മെ ഓർമ്മിപ്പിക്കുന്നു.
പണ്ട് കാലത്ത് സാമൂഹിക ഭ്രഷ്ട് കൽപ്പിക്കപ്പെട്ട പ്രധാന ഒരു വിഭാഗമായിരുന്നു കുഷ്ഠരോഗികൾ. അതുപോലെ മറ്റു മഹാവ്യാധികൾ പിടിപെട്ട വ്യക്തികൾ.എന്തിനേറെ നമ്മുടെ നാട്ടിൽ പോലും വസൂരി വന്ന സമയങ്ങളിൽ പല ഗ്രാമങ്ങളിലും പട്ടിണിയും ഒറ്റപ്പെടുത്തലും മൂലം ധാരാളം ആൾക്കാർ മരിച്ചിട്ടുണ്ട്. കാരണം ഒറ്റപ്പെടുത്തൽ അത്രമാത്രം ഭീകരമായിരുന്നു.
ഇങ്ങനെയുള്ള കാലങ്ങൾ ചരിത്രത്തിലുണ്ട്.ഇതിന് ഒരു മാറ്റം ഉണ്ടായത് ക്രിസ്തു ചരിത്രത്തിൽ വന്ന സമയമായിരുന്നു.മനുഷ്യനായി മണ്ണിൽ അവതരിച്ച്, തൻറെ പരസ്യജീവിതകാലഘട്ടത്തിൽ ഇതുപോലെ, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട,അയിത്തം കൽപ്പിക്കപ്പെട്ട പാവപ്പെട്ട രോഗികളുടെ ഇടയിൽ ഇറങ്ങിച്ചെന്ന് അവരെ സൗഖ്യപ്പെടുത്തിയപ്പോൾ ആണ് ഇത്തരം സാമൂഹിക അനാചാരത്തിനെതിരെ ആദ്യമായി ഒരാൾ പ്രതികരിച്ചു എന്ന് ചരിത്രം രേഖപ്പെടുത്തുന്നത്.
തുടർന്ന് ഇന്ന് ക്രിസ്തുവിന്റെ മാർഗ്ഗം പിന്തുടരാൻ മാമ്മോദിസ സ്വീകരിച്ച ക്രിസ്ത്യാനികൾ, സ്നേഹിതനു വേണ്ടി ജീവൻ അർപ്പിക്കുന്നതും വലിയ ത്യാഗം ഇല്ല എന്ന ബോധത്തോടുകൂടി, ഇതുപോലെ അവഗണിക്കപ്പെട്ടവരും മഹാമാരികൾ പിടിക്കപ്പെട്ടവരും ആയ ജനത്തിന്റെ ഇടയിലേക്ക് ഇറങ്ങി ചെന്ന് ശുശ്രൂഷിക്കുന്നു.
കുഷ്ഠരോഗികളെ ശുശ്രൂഷിക്കാൻ ഇറങ്ങി അവസാനം അവരോടൊത്ത് അവരിലൊരാളായി മരണമടഞ്ഞ മൊളോക്കോയിലെ വിശുദ്ധ ഡാമിയൻ പിന്തുടർന്നതും ഈ ക്രിസ്തുമാർഗം ആണ്.അതുപോലെതന്നെ നമ്മുടെ എല്ലാം പരിചയക്കാരിയായ വി.മദർ തെരേസ, രോഗികളെ തേടി ചെല്ലുന്ന ക്രൈസ്തവ സ്നേഹം എത്രമാത്രം ജീവിതത്തിൽ പകർത്തി എന്ന് നമുക്ക് അറിയാവുന്നതാണ്.കേരളത്തിലെ കത്തോലിക്കാ സഭയും ഈ മാർഗം സ്വീകരിച്ചു കൊണ്ടാണ് കോവിഡ് കാലത്ത് മുന്നോട്ടു പോകുന്നത്.ദൈവസ്‌നേഹം,മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുന്ന ഒരു സേവന പാത ഈ കോവിഡ് 19കാലത്ത് കത്തോലിക്കാ സഭ തുറന്നിട്ടിരിക്കുന്നു.
കോവിഡ് -19 ബാധയ്‌ക്കെതിരെ പോരാടാൻ കെ. സി. ബി. സി , തങ്ങൾക്ക് കീഴിലുള്ള ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളുടെയും, ഉദ്യോഗസ്ഥരുടെയും വിപുലമായ ശൃംഖല, സംസ്ഥാന സർക്കാരിന് വാഗ്ദാനം ചെയ്തു.3 മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ 200ഓളം ആശുപത്രികളാണ് കേരളത്തിലെ കത്തോലിക്ക സഭ കോവിഡ് ചികിത്സക്ക് തയ്യാറാക്കിയത്.
കൊവിഡ് ചികിത്സയ്ക്ക് കുറഞ്ഞ നിരക്ക് മാത്രമേ കത്തോലിക്കാ സഭയുടെ ആശുപത്രികളിൽ നിന്നും ഈടാക്കാൻ പാടുള്ളൂ എന്ന നിർദ്ദേശവുമായി കെസിബിസി രംഗത്ത് വന്നു.സഭാംഗങ്ങളായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉറപ്പാക്കണമെന്നും സഭ നിർദേശിക്കുന്നു.
കോവിഡ് പ്രതിരോധ, ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ അധികാരികളുമായി സഹകരിച്ചു രൂപതകളില്‍ നേതൃത്വം നല്‍കുന്നത് സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളാണ്.കോവിഡിന് എതിരേയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, മാസ്ക്, സാനിറ്റെസര്‍ എന്നിവയുടെ നിര്‍മാണവിതരണങ്ങള്‍, അതിഥിത്തൊഴിലാളികള്‍ക്കും പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും ഭക്ഷണവും മരുന്നും എത്തിച്ചുകൊടുക്കല്‍, ഭക്ഷണക്കിറ്റ് തയാറാക്കി വിതരണം ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സഭാ സന്നദ്ധപ്രവര്‍ത്തകരും സന്ന്യസ്തരും സജ്ജീവമായി രംഗത്തുണ്ട്.
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച അവസരത്തില്‍ത്തന്നെ കേരള കത്തോലിക്കാസഭയുടെ ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചിരുന്നു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ധ്യാനകേന്ദ്രങ്ങള്‍, ഹോസ്റ്റലുകള്‍, സാമൂഹികക്ഷേമ സംവിധാനങ്ങള്‍, പാസ്റ്ററല്‍ സെന്ററുകള്‍ എന്നിവയുടെ വിശദവിവരങ്ങളും അവിടെ ലഭ്യമായ സൗകര്യങ്ങളുടെ വിശദാംശങ്ങളും അതാതു ജില്ലാഭരണാധികാരികള്‍ക്ക് കൈമാറിയിരുന്നു.
കൊറോണ വൈറസ് കോവിഡ് 19 വരുത്തിവച്ചിരിക്കുന്ന ദുരന്തങ്ങൾ, പ്രത്യേകിച്ചും പാവപ്പെട്ടവര്‍ക്കും, അനാഥര്‍ക്കും, പാർശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും,സംഭവിച്ചത് വര്‍ണ്ണനാതീതമാണ്.സ്‌നേഹിക്കുന്നോര്‍ക്കായ് സ്വയം ജീവന്‍ നല്‍കുന്ന സ്‌നേഹത്തിലും മീതെ സ്‌നേഹമില്ലെന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത്.ജാതിമതഭേദമന്യേ ഭാരതത്തിലെയും കേരളത്തിലെയും കത്തോലിക്കാസഭ പൊതുസമൂഹത്തിനു വേണ്ടിയുള്ള പരസ്നേഹത്തിന്റെ സേവനം തുടരുകയാണ്; ഒപ്പം ഈ മഹാമാരിയെ ഒറ്റക്കെട്ടായി മറികടക്കാനും ശ്രമിക്കുന്നു.
Comments