Foto

പെട്രോൾ, ഡീസൽ വില കുതിക്കുന്നു; 90 ലേക്ക്

ബാബു കദളിക്കാട്

 

കൊച്ചിയിൽ പെട്രോളിന് 87.57 രൂപ; ഡീസലിന് 81.82 രൂപയും.

അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്ര വില താഴ്ന്നു തന്നെ.

 

റെക്കോർഡുകൾ തുടരെ മറികടന്ന് ഇന്ധന വില നിയന്ത്രാണാതീതമായി രാജ്യത്ത് കുതിക്കുന്നു.ഇന്നു ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും വർധിച്ചു. ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 ലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. കൊച്ചി നഗരത്തിൽ പെട്രോളിന് 87.57 രൂപയും ഡീസലിന് 81.82 രൂപയുമായി.

 

തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമായി ഉയർന്നു. ലോക്ക്ഡൗണിന് ശേഷമുള്ള എട്ട് മാസത്തിനിടെ പെട്രോളിനും ഡീസലിനും 16 രൂപ വീതമാണ് കൂടിയത്. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്.

നവംബർ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

 

കോവിഡ് പ്രതിസന്ധിയിൽ തൊഴിലും വരുമാനവും നഷ്ടപ്പെട്ട ജനങ്ങൾ ഇന്ധനവില വർധന മൂലം നട്ടം തിരിയുന്നതിനിടെ

എണ്ണക്കമ്പനികളുടെ ദിവസേനയുള്ള വിലവർധന ഇത്തരത്തിൽ തുടർന്നാൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് രാജ്യത്തെ പെട്രോൾ, ഡീസൽ വിലയെത്താൻ ഇനി അധികദിവസമെടുക്കില്ല.അവശ്യസാധനങ്ങൾക്കുണ്ടാകുന്ന വിലക്കയറ്റമാണ് ഇന്ധനവില വർധന മൂലമുണ്ടാകുന്ന ഏറ്റവും വലിയ ഭവിഷ്യത്ത്. ഇന്ത്യയിൽ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതിൽ നിർണായകമാണ്.

രാജ്യാന്തര വിപണിയിൽ നേരിയ മുന്നേറ്റമുണ്ടാകുമ്പോൾ വരെ കൃത്യമായി ഇന്ധന വില കൂട്ടുന്ന എണ്ണക്കമ്പനികൾ പക്ഷേ, ഈ അനുപാതം വില കുറയുമ്പോൾ പാലിക്കുന്നില്ല.

 

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നാൽ എണ്ണ വില കുറയാൻ വഴിയൊരുങ്ങും.ലോക്ഡൗണിനെത്തുടർന്നുചരിത്രപരമായ വിലയിടിവാണ് അസംസ്‌കൃത എണ്ണവിലയിലുണ്ടായത്. ഈ സമയത്തും കാര്യമായ വിലക്കുറവ് ഇന്ത്യയിലുണ്ടായില്ല. 2018 ൽ പെട്രോൾ, ഡീസൽ വില കുതിച്ച് കയറിയപ്പോൾ എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറച്ചിരുന്നു. ഇതു കൂടാതെ സർക്കാർ എണ്ണക്കമ്പനികൾ ലിറ്ററിന് ഒരു രൂപയും താഴ്ത്തി.മഹാമാരിയെ നേരിടാൻ സർക്കാർ സംവിധാനങ്ങൾക്കു പണമാവശ്യമാണെന്ന വസ്തുത നിലനിൽക്കുമ്പോഴും ജനങ്ങളുടെ ദുരിതം കുറയണമെങ്കിൽ നികുതി കുറയണം.

 

രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വില, ഡോളറിനെതിരെ രൂപയുടെ മൂല്യം നിർണ്ണായകമാകുന്ന ഇറക്കുമതിച്ചെലവ്, വിവിധ നികുതികൾ, ശുദ്ധീകരണച്ചെലവ്, ചരക്കുനീക്കം, കമ്മിഷനുകൾ തുടങ്ങിയവയെല്ലാം ഇന്ധനവിലയെ ബാധിക്കുന്നുണ്ട്. വില നിശ്ചയിക്കുന്നതിൽ 40 ശതമാനം പ്രാതിനിധ്യം അസംസ്‌കൃത എണ്ണവിലയുടേതാണെന്നാണു പറയുന്നത്. എന്നാൽ രാജ്യാന്തര വിപണിയിൽ വില കൂടുമ്പോൾ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിലുണ്ടാകുന്ന മാറ്റം, വില കുറയുമ്പോൾ ഉണ്ടാകുന്നില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു.

 

2014 ൽ അസംസ്‌കൃത എണ്ണവില ബാരലിന് 109 ഡോളറായിരുന്നപ്പോൾ പെട്രോൾ വില ഇവിടെ ലിറ്ററിന് 77 രൂപയായിരുന്നു. കഴിഞ്ഞ ജനുവരിയിൽ അസംസ്‌കൃത എണ്ണയുടെ ശരാശരി വില 64 ഡോളർ, ഇവിടെ പെട്രോളിന് 77 രൂപയും. അസംസ്‌കൃത എണ്ണയുടെ ഇന്നത്തെ വില 59 ഡോളറിൽ താഴെയാണ്. ഇവിടെ പെട്രോൾ വില 90 രൂപയോട് അടുത്തുകൊണ്ടിരിക്കുന്നു.2019 തുടങ്ങുമ്പോൾ പെട്രോളിന് ലിറ്ററിന് മേലുണ്ടായിരുന്ന എക്സൈസ് നികുതി 19.98 രൂപയായിരുന്നു. ഇപ്പോഴത് 33 രൂപ കവിഞ്ഞു.

 

ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും നിയന്ത്രണങ്ങൾ തുടരുന്നു. വിൽപ്പനയില്ലാത്തതുകൊണ്ട് തന്നെ ഉത്പാദനം കുറവ്. എല്ലാം മാന്ദ്യത്തിലായതോടെ, രാജ്യത്തെ റിയൽ എസ്റ്റേറ്റ് വ്യവസായം തളർന്നു. അതോടെ നിർമാണവും കുറഞ്ഞു. അവിടുത്തെ തൊഴിൽ നഷ്ടപ്പെട്ട് മറ്റ് ജോലികൾ തേടേണ്ടി വന്നവർ ലക്ഷക്കണക്കിന്.ദാരിദ്ര്യക്കയത്തിന് ആഴം കൂടി വരുമ്പോഴും വലിയ പ്രതിഷേധങ്ങൾക്കൊന്നും ഇട നൽകാതെ ഇന്ധന വില കൂടിക്കാണ്ടിരിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെയായിരിക്കും ഇപ്പോഴത്തെ കൂട്ടലിങ്ങനെ തുടരുകയെന്നാണ് അനുഭവം പഠിപ്പിക്കുന്നത്.

 

ഇന്ധന വിലയിൻമേൽ സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന മൂല്യ വർധിത നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകണമെന്ന അഭിപ്രായം പ്രായോഗികമാകില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചരക്ക് സേവന നികുതി (ജി എസ് ടി) നടപ്പാക്കിയതോടെ സംസ്ഥാനങ്ങൾക്ക് വിഭവ സമാഹരണത്തിനുള്ള സാധ്യത തീരെ ചുരുങ്ങി. ആകെയുള്ള സാധ്യതകളിലൊന്ന് ഇന്ധനങ്ങളിന്മേലുള്ള മൂല്യ വർധിത നികുതിയാണ്. ജി എസ് ടിയുടെ വിഹിതം സംസ്ഥാനങ്ങൾക്ക് കൃത്യസമയത്ത് കേന്ദ്രം കൊടുക്കാറില്ല. ജി എസ് ടി നടപ്പാക്കിയത് വഴി സംസ്ഥാനങ്ങൾക്കുണ്ടായ വരുമാന നഷ്ടം നികത്തിക്കൊടുക്കാമെന്ന് വാഗ്ദാനമുണ്ടായിരുന്നതും കൃത്യമല്ല.

 

ലോക്ക്ഡൗണിൽ ഇളവു വന്നതിന് ശേഷം രാജ്യത്തെ അവശ്യ വസ്തുക്കളുടെ വിലയുമായി ബന്ധപ്പെട്ട പണപ്പെരുപ്പ നിരക്ക് പതിനൊന്ന് ശതമാനത്തിന് മുകളിലായിരുന്നു. തൊഴിൽ നഷ്ടപ്പെട്ടവരും നാമമാത്രമായ വരുമാനത്തിന് തൊഴിൽ ചെയ്യുന്നവരുമൊക്കെ പൊള്ളുന്ന വിലയ്ക്ക് അവശ്യ സാധനങ്ങൾ വാങ്ങേണ്ടി വരുന്ന സ്ഥിതി. എക്സൈസ് നികുതി കുറച്ച്, അവശ്യ വസ്തുക്കളുടെ വില പിടിച്ചു നിർത്താനോ സാധാരണക്കാർക്ക് അൽപ്പം ആശ്വാസം നൽകാനോ അന്ന് തയ്യാറാകാത്തവർ ഇപ്പോൾ അതിന് ശ്രമിക്കുമെന്ന് നിരീക്ഷകർ കരുതുന്നില്ല.

 

Comments

leave a reply