Foto

പെട്രോള്‍, ഡീസല്‍ വില  വീണ്ടും കുതിക്കുന്നു

ബാബു കദളിക്കാട്


പെട്രോളിന് ഇന്ന് കൊച്ചിയിലെ വില 86.91 രൂപ; ഡീസലിന് 81.50 രൂപയും.


പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് ഇന്നും ഉയര്‍ന്നു. വിവിധ നഗരങ്ങളില്‍ പെട്രോളിന് 30 പൈസയും ഡീസലിന് 31 പൈസയുമാണ് കൂടിയത്.  കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തി. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് കൊച്ചിയില്‍  86.91 രൂപയാണ് വില. ഡീസലിന് 81.50 രൂപയും.പാചക വാതക വിലയും കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു.

രാജ്യത്തെ ചില്ലറ ഇന്ധന വില ഇപ്പോള്‍ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. പെട്രോളിന് അന്ന് 85 രൂപ 99 പൈസ ആയിരുന്നു. ഈ സര്‍വകാല റെക്കോര്‍ഡാണ് ഇന്ന് മറികടന്നത്. ഡല്‍ഹി, മുംബൈ തുടങ്ങിയ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധന വില റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നോട്ടു തന്നെ. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86.95 രൂപയാണ് വില. ഡീസലിന് 77.13 രൂപയയും.

ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിര്‍ണയിക്കുന്നത്. ആഗോള ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. ഒരു ബാരല്‍ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയില്‍) ഇന്ന് 56.68 ഡോളറാണ് വില. 72.98 രൂപയിലാണ് ഇന്ന് ഡോളര്‍ വിനിമയം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞാലും എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നതാണ് ഇന്ത്യയിലെ പതിവ്.ഇപ്പോഴാകട്ടെ ആഗോള അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും പെട്രോളിയം ഉല്‍പന്നങ്ങളുടെ ആവശ്യകത ഉയര്‍ന്നതും കൊവിഡ് -19 നുള്ള വാക്‌സിന്‍ ലഭിക്കാനുള്ള സാധ്യതയും രാജ്യത്തു വില വര്‍ദ്ധിക്കാനിടയാക്കുന്നു.

'അച്ഛാ ദിന്‍' അഥവാ നല്ല കാലം ആസന്നമാകുന്നത് ഇന്ധനവിലക്കയറ്റത്തിലൂടെയാണോയെന്ന ചോദ്യം സോഷ്യല്‍ മീഡിയയിലൂടെ തീവ്രമാകവേ 'അര്‍ഹതയുള്ളത് മാത്രം അതിജീവിച്ചാല്‍ മതി'യെന്ന ഫാസിസ്റ്റ് ദര്‍ശനത്തിന്റെ അനന്തര ഫലമാകാം ഇന്ധനക്കൊള്ളയെന്ന ആരോപണവും ഉയരുന്നുണ്ട്. ഇന്ധന വില കൂടുമ്പോള്‍ ചരക്ക് കടത്തിന് കൂലി കൂടും. അതുവഴി ഏതാണ്ടെല്ലാ സാധനങ്ങളുടെയും വില കൂടും. മുഴുപ്പട്ടിണിയിലും പാതിപ്പട്ടിണിയിലും കഴിയുന്ന, ജനസംഖ്യയിലെ ഭൂരിഭാഗം വരുന്നവര്‍ക്ക ആ ഭാരം കൂടി താങ്ങാനാകാതെവരും.2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇന്നുവരെ അവര്‍ താഴാതെ സൂക്ഷിച്ച ഒരേയൊരു സംഗതി ഇന്ധന വിലയാണത്രേ.

പെട്രോളിനും ഡീസലിനും മേലുള്ള എക്സൈസ് നികുതി കൂട്ടിക്കൊണ്ട്, ഖജനാവിലേക്കുള്ള വരുമാനം കൂട്ടുക എന്നതാണ് സര്‍ക്കാരിന്റെ പരിപാടിയെന്നു പ്രതിപക്ഷം ആരോപിക്കുമ്പോള്‍ മറുപടി വാദങ്ങള്‍ ബാലിശമായി മാറുന്നു. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടിയാലും ഖജനാവിലേക്ക് കിട്ടണം പണമെന്ന് ചുരുക്കം. 2019 തുടങ്ങുമ്പോള്‍ പെട്രോളിന് ലിറ്ററിന് മേലുണ്ടായിരുന്ന എക്സൈസ് നികുതി 19.98 രൂപയായിരുന്നു. ഇപ്പോഴത് 33 രൂപ കവിഞ്ഞു.

ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും നിയന്ത്രണങ്ങള്‍ തുടരുന്നു. വില്‍പ്പനയില്ലാത്തതുകൊണ്ട് തന്നെ ഉത്പാദനം കുറവ്. എല്ലാം മാന്ദ്യത്തിലായതോടെ, രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് വ്യവസായം തളര്‍ന്നു. അതോടെ നിര്‍മാണവും കുറഞ്ഞു. അവിടുത്തെ തൊഴില്‍ നഷ്ടപ്പെട്ട് മറ്റ് ജോലികള്‍ തേടേണ്ടി വന്നവര്‍ ലക്ഷക്കണക്കിന്.ദാരിദ്ര്യക്കയത്തിന് ആഴം കൂടി വരുമ്പോഴും വലിയ പ്രതിഷേധങ്ങള്‍ക്കൊന്നും ഇട നല്‍കാതെ ഇന്ധന വില കൂടിക്കാണ്ടിരിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെയായിരിക്കും ഇപ്പോഴത്തെ കൂട്ടലിങ്ങനെ തുടരുകയെന്നാണ് അനുഭവം പഠിപ്പിക്കുന്നത്.

ഇന്ധന വിലയിന്‍മേല്‍ സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന മൂല്യ വര്‍ധിത നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകിക്കൂടേ എന്നതാണ ഒരു ചോദ്യം. ചരക്ക് സേവന നികുതി (ജി എസ് ടി) നടപ്പാക്കിയതോടെ സംസ്ഥാനങ്ങള്‍ക്ക് വിഭവ സമാഹരണത്തിനുള്ള സാധ്യത തീരെ ചുരുങ്ങി. ആകെയുള്ള സാധ്യതകളിലൊന്ന് ഇന്ധനങ്ങളിന്മേലുള്ള മൂല്യ വര്‍ധിത നികുതിയാണ്. ജി എസ് ടിയുടെ വിഹിതം സംസ്ഥാനങ്ങള്‍ക്ക് കൃത്യസമയത്ത് കൊടുക്കാറില്ല കേന്ദ്രം. ജി എസ് ടി നടപ്പാക്കിയത് വഴി സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാന നഷ്ടം നികത്തിക്കൊടുക്കാമെന്ന് വാഗ്ദാനമുണ്ടായിരുന്നു. അതും കൃത്യമായി കൊടുക്കുന്നില്ല. അതേ ഭരണകൂടത്തിന്റെ പ്രതിനിധികളാണ് ഇന്ധനങ്ങള്‍ക്കു മേല്‍ സംസ്ഥാനം ചുമത്തുന്ന നികുതി കുറച്ചുകൂടേ എന്ന് ചോദിക്കുന്നത്. കേന്ദ്രം തോന്നിയപോലെ വില കൂട്ടും സംസ്ഥാനം വേണമെങ്കില്‍ കുറച്ചോ എന്നത് ജനങ്ങളെ അപമാനിക്കലാണ്. ശക്തമായി എതിര്‍ക്കാന്‍ തത്കാലം ആരുമില്ലെന്ന അഹങ്കാരത്തിന്റെ ധ്വനി ഇതിനുണ്ടെന്നും വിമര്‍ശകര്‍ പറയുന്നു.

കോവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും ഇന്ധന വിലയിന്‍മേലുള്ള എക്സൈസ് ഡ്യൂട്ടി കൂട്ടാന്‍ മോദി സര്‍ക്കാര്‍ മടി കാണിച്ചിരുന്നില്ല. ലോക്ക്ഡൗണില്‍ ഇളവൊക്കെ വന്നതിന് ശേഷം രാജ്യത്തെ പണപ്പെരുപ്പ നിരക്ക് (അവശ്യ വസ്തുക്കളുടെ വിലയുമായി ബന്ധപ്പെട്ടത്) പതിനൊന്ന് ശതമാനത്തിന് മുകളിലായിരുന്നു. തൊഴില്‍ നഷ്ടപ്പെട്ടവരും നാമമാത്രമായ വരുമാനത്തിന് തൊഴില്‍ ചെയ്യുന്നവരുമൊക്കെ പൊള്ളുന്ന വിലക്ക് അവശ്യ സാധനങ്ങള്‍ വാങ്ങേണ്ടി വരുന്ന സ്ഥിതി. എക്സൈസ് നികുതി കുറച്ച്, അവശ്യ വസ്തുക്കളുടെ വില പിടിച്ചു നിര്‍ത്താനോ സാധാരണക്കാര്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കാനോ അന്ന് തയ്യാറാകാത്തവര്‍ ഇപ്പോള്‍ അതിന് ശ്രമിക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നില്ല.

കുറച്ചു കാലത്തേക്ക് അരിയും കടലയും സൗജന്യമായി നല്‍കി, ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്തിയില്ലേ എന്ന എതിര്‍ വാദവും ഉയരുന്നുണ്ട്. ്ഇങ്ങനെ സൗജന്യങ്ങള്‍ നല്‍കണമെങ്കില്‍ ഖജനാവില്‍ പണം വേണമെന്നും അതിനാണ് ഇന്ധനങ്ങളുടെ എക്സൈസ് നികുതി കൂട്ടിയത് എന്ന  ന്യായീകരണവും നിരത്തപ്പെടുന്നു. ഇന്ധന നികുതി കൂട്ടി, ഖജനാവിലേക്ക് വരുമാനം വര്‍ധിപ്പിച്ചാണ് രാജ്യത്തെങ്ങും കക്കൂസ് പണിയുന്നത് എന്ന വിശദീകരണവും കേരളത്തിലെ ഒരു നേതാവില്‍ നിന്നുണ്ടായി.

ഇന്ധന വില കുത്തനെ കൂടുമ്പോള്‍ ജനം വാഹനങ്ങളുപയോഗിക്കുന്നത് കുറയും. യാത്രകളും ചുരുക്കും. പരമാവധി പൊതുഗതാഗതത്തെ ആശ്രയിക്കും. വാഹനങ്ങളുപയോഗിക്കുന്നത് കുറഞ്ഞാല്‍ അന്തരീക്ഷ മലിനീകരണം കുറയും. അത് അന്തരീക്ഷത്തിന് മാത്രമല്ല, മനുഷ്യരുള്‍പ്പെടെ സകല ജീവജാലങ്ങള്‍ക്കും ഗുണകരമാണ്. വാഹന ഉപയോഗം കുറയുന്നതോടെ ആളുകള്‍ മിച്ചം വെക്കുന്ന പണം കൂടും. അത്യാവശ്യങ്ങള്‍ക്ക് ചെലവിടാന്‍ ആളുകളുടെ പക്കല്‍ പണമുണ്ടാകും. അല്ലെങ്കില്‍ സമ്പാദ്യമുണ്ടാകും. പൊതുഗതാഗത സംവിധാനത്തെ കൂടുതലായി ആശ്രയിക്കുന്നതോടെ കെ എസ് ആര്‍ ടി സി പോലുള്ളവയുടെ വരുമാനം കൂടും. നിലവിലുള്ള നഷ്ടം കുറഞ്ഞുവരും. അത്തരം സ്ഥാപനങ്ങളെ നിലനിര്‍ത്താനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവിടേണ്ടി വരുന്ന പണം കുറയും. ഇത്തരം വാദങ്ങളും ഉയരുന്നുണ്ട് കേന്ദ്ര ഭരണത്തിന്റെ അനുകൂലികളില്‍ നിന്ന്.

Comments

leave a reply

Related News