കാമറൂണിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി
വത്തിക്കാൻ സിറ്റി : ആഫ്രിക്കൻ രാജ്യമായ കാമറൂണിലെ മാംഫെ രൂപതയുടെ വികാരി ജനറാൾ മോൺ. ജൂലിയസ് അഗ്‌ബോർടോർക്കോയെ വിഘടനവാദികളെന്നു കരുതുന്ന അക്രമികൾ തട്ടിക്കൊണ്ടുപോയതായി വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച പ്രാദേശിക സമയം 6 മണിക്കാണ് സംഭവം. മോൺ.ജൂലിയസിനെ വിട്ടയക്കാൻ ഭീമമായ തുക ആവശ്യപ്പെട്ടുകൊണ്ടുള്ള അക്രമികളുടെ സന്ദേശം പിന്നീട് രൂപതാ കാര്യാലയത്തിനു ലഭിച്ചതായി രൂപതാ ചാൻസലർ ഫാ. സെബാസ്റ്റ്യൻ സിൻജു പറഞ്ഞു.
റിട്ടയർ ചെയ്ത ബിഷപ്പ് ലിസിൻജ് താമസിക്കുന്ന മേജർ സെമിനാരി വളപ്പിലേക്ക് അക്രമികൾ പാഞ്ഞുകയറുകയായിരുന്നു. ബിഷപ്പിന്റെ മുറിക്കു പുറത്തുവച്ച് മോൺ. ജൂലിയസിനെ കണ്ട അക്രമികൾ ബിഷപ്പിനെ ഉപേക്ഷിച്ച് അദ്ദേഹത്തെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. അക്രമികൾ ആവശ്യപ്പെടുന്നത് 20 മില്യൺ ഫ്രാങ്ക്‌സ് (ഏകദേശം 1600 കോടി രൂപ) ആണെന്ന് രൂപതാവൃത്തങ്ങൾ പറഞ്ഞു.
2017-ലാണ് ഇംഗ്ലീഷ് സംസാരിക്കുന്ന കാമറൂണിലെ പ്രദേശങ്ങളിൽ വിഘടനാവാദം ശക്തിപ്പെട്ടത്. മൂന്നു മാസങ്ങൾക്കു മുമ്പ് മാംഫെ രൂപതയിലെ ഫാ. ക്രിസ്റ്റഫർ ഇബോക്കയെ അക്രമികൾ തട്ടിക്കൊണ്ടു പോയിരുന്നു. ഒമ്പതു ദിവസങ്ങൾക്കു ശേഷം ഫാ. ക്രിസ്റ്റഫർ മോചിതനായി. യു.എൻ. കണക്കനുസരിച്ച് പതിനായിരങ്ങൾ ഇതിനകം കാമറൂണിലെ കലാപങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഏഴുലക്ഷം പേർ അയൽ രാജ്യമായ നൈജീരിയയിൽ അഭയം തേടിയതായും കണക്കുകളുണ്ട്.
Comments