നൈജീരിയ: നൈജീരിയയിലെ കടുണ സംസ്ഥാനത്തുള്ള ക്രൈസ്റ്റ് ദി കിംഗ് മേജര്‍ സെമിനാരിയില്‍ നിന്നും മൂന്നു സെമിനാരി വിദ്യാര്‍ത്ഥികളെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. അപ്പസ്‌തോല്‍സ് ഓഫ് ഡിവൈന്‍ ചാരിറ്റി, ലിറ്റില്‍ സണ്‍സ് ഓഫ് ദി യൂക്കാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ എന്നീ കോണ്‍ഗ്രിഗേഷനുകളിലെ നാലാം വര്‍ഷ ദൈവശാസ്ത്ര വിദ്യാര്‍ത്ഥികളെയാണ് ചാപ്പലില്‍ നിന്നും തട്ടിക്കൊണ്ടു പോയിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം ഏകദേശം നൂറ്റിഅന്‍പതോളം വിദ്യാര്‍ത്ഥികള്‍ സെമിനാരിയില്‍ ഉണ്ടായിരുന്നു. സായുധരുടെ ആക്രമണത്തില്‍ പരിക്കേറ്റ ആറുപേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.വിദ്യാര്‍ഥികളുടെ മോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് സെമിനാരിയുടെ മേല്‍നോട്ട ചുമതലയുള്ള കഫന്‍ഞ്ചാന്‍ രൂപതയുടെ ചാന്‍സിലര്‍ ഫാ. ഇമ്മാനുവല്‍ ഒകോളോ പറഞ്ഞു. നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഇവരെ തിരിച്ചു നല്‍കാന്‍ തട്ടിക്കൊണ്ടുപോയവരോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് ഹേയിന്‍ ജെല്‍ഡേര്‍ണ്‍ പറഞ്ഞു.സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് ഉപദ്രവമൊന്നും ഏല്‍ക്കാതെ തിരികെ മടങ്ങാനുള്ള സാഹചര്യം ലഭിക്കുന്നതിനുവേണ്ടി അദ്ദേഹവും വിശ്വാസി സമൂഹത്തോട് പ്രാര്‍ത്ഥനയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്മാരുടെ ജീവന് സുരക്ഷ നല്‍കണമെന്ന് തോമസ് ഹേയിന്‍ ജെല്‍ഡേര്‍ണ്‍ നൈജീരിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2020 ജനുവരി എട്ടാം തീയതി തീയതി കടുണ സംസ്ഥാനത്തെ തന്നെ ഗുഡ്‌ഷെപ്പേര്‍ഡ് സെമിനാരിയില്‍ നിന്ന് നാല് വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടു പോയിരുന്നു. മൂന്നു പേരെ പിന്നീട് വിട്ടയച്ചുവെങ്കിലും 18 വയസ്സ് പ്രായമുണ്ടായിരുന്ന മൈക്കിള്‍ എന്നാഡി എന്ന സെമിനാരി വിദ്യാര്‍ത്ഥിയെ അവര്‍ കൊലപ്പെടുത്തി.
Comments