Foto

തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ പെട്രോൾ വില നൂറിലെത്താനുള്ള സാധ്യതയിൽ സംസ്ഥാനത്തെ ബിജെപി നേതാക്കൾക്ക് അങ്കലാപ്പ്

കേരളത്തിൽ ഇതാദ്യമായി പെട്രോൾ വില 90 രൂപ കടന്നു. ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 9 പൈസയായി.തുടർച്ചയായ അഞ്ചാം ദിവസമാണ് വില കൂട്ടുന്നത്. കൊച്ചിയിൽ ഡീസൽ വില ലീറ്ററിന് 82 രൂപ 66 പൈസയും പെട്രോളിന് 88 രൂപ 30 പൈസയുമായി.

ജൂൺ 25നാണ് പെട്രോൾ വില ലിറ്ററിന് 80 രൂപ കടന്നത്.കോവിഡ് വാക്‌സിൻ വിതരണം തുടങ്ങിയതോടെ ആഗോള സമ്പദ്വ്യവസ്ഥ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 60 ഡോളറിന് മുകളിലെത്തി. 83 ദിവസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ജൂൺ 6 നാണ് ഇന്ത്യയിൽ എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിച്ചു തുടങ്ങിയത്.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ പെട്രോൾ വില സെഞ്ചുറി കടക്കാനുള്ള സാധ്യത സംസ്ഥാനത്തെ ബിജെപി നേതാക്കളെ വ്യാകുലപ്പെടുത്തുന്നതായി സൂചനയുണ്ട്. അതേസമയം, ബീഹാർ തിരഞ്ഞെടുപ്പിനു മുമ്പായി ഇന്ധന വില വർദ്ധന മൂന്നു മാസത്തിലേറെ മരവിപ്പിച്ചത് ആവർത്തിക്കുമെന്ന സൂചനയുമുണ്ട്.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നാൽ എണ്ണ വില കുറയാൻ വഴിയൊരുങ്ങും.ലോക്ഡൗണിനെത്തുടർന്നുചരിത്രപരമായ വിലയിടിവാണ് അസംസ്‌കൃത എണ്ണവിലയിലുണ്ടായത്. ഈ സമയത്തും കാര്യമായ വിലക്കുറവ് ഇന്ത്യയിലുണ്ടായില്ല. 2018 ൽ പെട്രോൾ, ഡീസൽ വില കുതിച്ച് കയറിയപ്പോൾ എക്സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറച്ചിരുന്നു. ഇതു കൂടാതെ സർക്കാർ എണ്ണക്കമ്പനികൾ ലിറ്ററിന് ഒരു രൂപയും താഴ്ത്തി.മഹാമാരിയെ നേരിടാൻ സർക്കാർ സംവിധാനങ്ങൾക്കു പണമാവശ്യമാണെന്ന വസ്തുത നിലനിൽക്കുമ്പോഴും ജനങ്ങളുടെ ദുരിതം കുറയണമെങ്കിൽ നികുതി കുറയണം.

 

രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വില, ഡോളറിനെതിരെ രൂപയുടെ മൂല്യം നിർണ്ണായകമാകുന്ന ഇറക്കുമതിച്ചെലവ്, വിവിധ നികുതികൾ, ശുദ്ധീകരണച്ചെലവ്, ചരക്കുനീക്കം, കമ്മിഷനുകൾ തുടങ്ങിയവയെല്ലാം ഇന്ധനവിലയെ ബാധിക്കുന്നുണ്ട്. വില നിശ്ചയിക്കുന്നതിൽ 40 ശതമാനം പ്രാതിനിധ്യം അസംസ്‌കൃത എണ്ണവിലയുടേതാണെന്നാണു പറയുന്നത്. എന്നാൽ രാജ്യാന്തര വിപണിയിൽ വില കൂടുമ്പോൾ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിലുണ്ടാകുന്ന മാറ്റം, വില കുറയുമ്പോൾ ഉണ്ടാകുന്നില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു.

2014 ൽ അസംസ്‌കൃത എണ്ണവില ബാരലിന് 109 ഡോളറായിരുന്നപ്പോൾ പെട്രോൾ വില ഇവിടെ ലിറ്ററിന് 77 രൂപയായിരുന്നു. കഴിഞ്ഞ ജനുവരിയിൽ അസംസ്‌കൃത എണ്ണയുടെ ശരാശരി വില 64 ഡോളർ, ഇവിടെ പെട്രോളിന് 77 രൂപയും. അസംസ്‌കൃത എണ്ണയുടെ ഇന്നത്തെ വില 59 ഡോളറിൽ താഴെയാണ്. ഇവിടെ പെട്രോൾ വില 90 രൂപയോട് അടുത്തുകൊണ്ടിരിക്കുന്നു.2019 തുടങ്ങുമ്പോൾ പെട്രോളിന് ലിറ്ററിന് മേലുണ്ടായിരുന്ന എക്‌സൈസ് നികുതി 19.98 രൂപയായിരുന്നു. ഇപ്പോഴത് 33 രൂപ കവിഞ്ഞു.

ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും നിയന്ത്രണങ്ങൾ തുടരുന്നു. വിൽപ്പനയില്ലാത്തതുകൊണ്ട് തന്നെ ഉത്പാദനം കുറവ്. എല്ലാം മാന്ദ്യത്തിലായതോടെ, രാജ്യത്തെ റിയൽ എസ്റ്റേറ്റ് വ്യവസായം തളർന്നു. അതോടെ നിർമാണവും കുറഞ്ഞു. അവിടുത്തെ തൊഴിൽ നഷ്ടപ്പെട്ട് മറ്റ് ജോലികൾ തേടേണ്ടി വന്നവർ ലക്ഷക്കണക്കിന്.ദാരിദ്ര്യക്കയത്തിന് ആഴം കൂടി വരുമ്പോഴും വലിയ പ്രതിഷേധങ്ങൾക്കൊന്നും ഇട നൽകാതെ ഇന്ധന വില കൂടിക്കാണ്ടിരിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെയായിരിക്കും ഇപ്പോഴത്തെ കൂട്ടലിങ്ങനെ തുടരുകയെന്നാണ് അനുഭവം പഠിപ്പിക്കുന്നത്.

✍️ ബാബു കദളിക്കാട്

Comments

leave a reply

Related News