ഭരണങ്ങാനം അസ്സീസി ആശ്രമത്തിലെ അന്തരിച്ച ഫാ.ജോര്‍ജ്ജുകുട്ടി ഉപ്പുപുറത്തെ പറ്റി ടോണി ചിറ്റിലപ്പിള്ളി എഴുതുന്നു
വിശുദ്ധനാകാന്‍ എന്ത് ചെയ്യണം എന്ന് ചോദിക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഒരു ജീവിതമുണ്ടായിരുന്നു നമുക്ക് മുന്‍പില്‍.ഭരണങ്ങാനം അസ്സീസി കപ്പൂച്ചിന്‍ ആശ്രമത്തിലെ ഫാ.ജോര്‍ജ് ഉപ്പുപുറം.നിത്യതയെ പറ്റി എപ്പോഴും നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്ന ആ കപ്പൂച്ചിന്‍ സന്യാസി ഇന്ന് 14 ഒക്ടോബര്‍ രാവിലെ നിത്യതയിലേക്ക് പറന്നകന്നു.ഒരു ഫോട്ടോ എടുക്കാന്‍ പോലും നിന്നുതരാത്ത ഒരാളായിരുന്നു അദ്ദേഹം.സാഹിത്യകാരന്‍ ടി.പത്മനാഭന്‍ 'ഇതാണ് ക്രിസ്തു'എന്ന് വിശേഷിപ്പിച്ച സന്യാസി.വായനയുടെയും അറിവിന്റെയും കാര്യത്തില്‍ ടി.പത്മനാഭനെ വിസ്മയിപ്പിച്ച സന്യാസി.ഫാ.ജോര്‍ജിനെക്കുറിച്ച് ഒരു ചെറുകഥ പോലും രചിച്ചിട്ടുണ്ട് ടി.പത്മനാഭന്‍.വി.ഫ്രാന്‍സിസ് അസ്സീസിയെപ്പോലെ തീര്‍ത്ഥാടകനായി ലോകത്തില്‍ ജീവിച്ച സന്യാസ സഹോദരന്‍.മരിച്ചു കഴിഞ്ഞാല്‍ ഏതെങ്കിലും വൃക്ഷത്തിനടിയില്‍ സംസ്‌കരിക്കപ്പെടാന്‍ ആഗ്രഹിച്ചവന്‍.നടന്നുപോകുന്ന വഴിയിലെ പുല്ലിനോ എറുമ്പിനോ പോലും നോവുണ്ടാകരുതെന്ന ബദ്ധശ്രദ്ധയില്‍ നടന്ന താപസനായിരുന്നു ഫാ.ജോര്‍ജ്.സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശമായിരുന്നു ഈ സന്യാസി.വി.അല്‍ഫോന്‍സാമ്മയെപ്പോലെ സഹനദാസനായി ജീവിച്ച് ഭരണങ്ങാനത്തെ വീണ്ടും പുണ്യവഴിയിലേക്കു നയിക്കുന്നു ഫാ.ജോര്‍ജ്. ടി.പത്മനാഭന്റെ ഒരു കഥയാണു 'അതു ക്രിസ്തുവായിരുന്നു'. കഥാസാരമിങ്ങനെ: യാത്രക്കിടയില്‍ പത്മനാഭനെ ഒരു കപ്പൂച്ചിനച്ചന്‍ തിരിച്ചറിയുന്നു.പിന്നെ അവര്‍ തമ്മില്‍ കൂട്ടുകാരായി സംസാരമായി.ലോകസാഹിത്യവും സാഹിത്യകാരന്മാരും ഒക്കെ ചര്‍ച്ചാവിഷയമായി.കഥയിലൂടെ നല്ല മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നത്തിനെ ആ സന്യാസി ഇങ്ങനെ അഭിനന്ദിച്ചു: 'വിശുദ്ധമായ പ്രാര്‍ത്ഥനകളാണു താങ്കളുടെ കഥകള്‍'. ട്രെയിന്‍ വരാറായപ്പോള്‍ പത്മനാഭന്റെ പെട്ടിയുമെടുത്ത് അച്ചന്‍ സ്റ്റേഷനിലേക്കു അദ്ദേഹത്തോടൊപ്പം നടന്നു.അറിവിലും തപസ്സിലും ആദ്ധ്യാത്മികതയിലും പത്മനാഭനെ വിസ്മയിപ്പിച്ചു കളഞ്ഞു ആ സന്യാസി.പത്മനാഭനെ കഥയുടെ അവസാനവരികള്‍ ഇങ്ങനെ:' സ്റ്റേഷനെത്താറായപ്പോള്‍ എനിക്കു തോന്നി 'ഞങ്ങളുടെ കൂടെ മറ്റൊരാള്‍ കൂടിയുണ്ട് ഞങ്ങള്‍ക്കു തൊട്ടുപിറകിലായി,ഞങ്ങളുടെ എല്ലാ ചലനങ്ങളും ശ്രദ്ധിച്ചുകൊണ്ട്; ഒരു സ്‌നേഹിതനെപ്പോലെ,രക്ഷിതാവിനെപ്പോലെ, ഗുരുനാഥനെപ്പോലെ, വഴികാട്ടിയെപ്പോലെ.അത് ,ക്രിസ്തുവായിരുന്നു.ആ വൈദികനായിരുന്നു ക്രിസ്തു.ഈ സംഭവകഥയിലെ ക്രിസ്തുവായ കപ്പൂച്ചിന്‍ സന്യാസി ഫാ.ജോര്‍ജ് ഉപ്പുപുറത്തിന്റെ ഭൗതിക ദേഹസംസ്‌കാരം ശനിയാഴ്ച രാവിലെ ഭരണങ്ങാനം അസ്സീസി ആശ്രമത്തില്‍ 10.30.
Comments