Foto

മരണം ലാഭമാക്കിയ വൈദീകന്‍

മരണം ലാഭമാക്കിയ വൈദീകന്‍

ഷാജി കാരയ്ക്കല്‍

മഹാരാഷ്ട്രയിലെ ഒരു സാധാരണ ഗ്രാമമാണ് ഭീമാ കൊറേഗാവ്. ഉയര്‍ന്ന ജാതിക്കാരായ മറാത്ത സമുദായങ്ങളും, കീഴ്ജാതിക്കാരായ മഹര്‍ സമുദായങ്ങളും ഇടകലര്‍ന്ന് ജീവിക്കുന്ന നാട്. ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയുടെ മറവില്‍ ബ്രിട്ടീഷ് അധിനിവേശം കൊടുമ്പിരികൊണ്ടിരുന്ന 1800-കളില്‍ പെഷവാ സൈന്യത്തിന്റെ ഭാഗമായിരുന്ന മഹര്‍ സൈന്യവും മറാത്താ സൈന്യത്തോടൊപ്പംനിന്ന് ബ്രിട്ടീഷ് സൈന്യത്തിനെതിരെ ഏറ്റുമുട്ടിയത് ചരിത്രം.   എന്നാല്‍  പൊതുശത്രുവിനെ നേരിടേണ്ടതിനു പകരം ജാതീയതയുടെ വേര്‍തിരിവില്‍ കീഴ്ജാതിക്കാര്‍ എന്ന ഒറ്റക്കാരണത്താല്‍ പെഷവാര്‍ സൈന്യത്തിന്റെ ഭാഗമായിരുന്ന മഹര്‍ വിഭാഗക്കാരായ സൈന്യത്തിന് മനുസ്മൃതി നിയമത്തിലൂടെ നേരിടേണ്ടിവന്ന അപമാനം ഏറെ വലുതായിരുന്നു. ഇതിനെതിരെ പരാതിപ്പെട്ട മഹര്‍ വിഭാഗക്കാരെ പെഷവാ രാജാവ്  കളിയാക്കുകയും, മനുസ്മൃതിയില്‍ അടങ്ങിയ ജീവിത രീതിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.  

ആത്മാഭിമാനത്തിന് മുറിവേറ്റ മഹര്‍ സമുദായത്തില്‍പ്പെട്ട സൈനീകര്‍  ബ്രിട്ടീഷ് സൈന്യത്തോടൊപ്പം ചേര്‍ന്ന് മറാത്താ സൈന്യത്തെ പരാജയപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് അധിനിവേശത്തിന് കുടപിടിച്ചു. ചരിത്രത്തില്‍ മഹര്‍ സമുദായത്തിന്റെ ഈ പ്രവര്‍ത്തി നീതികരിക്കപ്പെടില്ല എന്ന് പറയുമ്പോഴും പാര്‍ശവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ ആത്മാഭിമാനത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഏടുകളായി 1818 ജനുവരി ഒന്ന് കുറിക്കപ്പെട്ടു. പ്രത്യുപകാരമെന്നോണം ഭീമാ കൊറേഗാവില്‍ മഹര്‍ സമുദായത്തിലെ വീറുറ്റ പോരാളികളോടുള്ള ആദര സൂചകമായി വലിയൊരു സ്തൂപംതന്നെ ബ്രിട്ടീഷ് അധികാരികള്‍ നിര്‍മ്മിച്ച് നല്‍കി. 

തങ്ങളുടെ ധീര യോദ്ധാക്കളായ പൂര്‍വ്വികരുടെ സ്മരണ നിലനിര്‍ത്തിയും, ജാതീയമായി നിലനില്‍ക്കുന്ന വേര്‍തിരുവുകള്‍ക്കെതിരെയും, ചൂഷണങ്ങള്‍ക്കെതിരെയുമുള്ള  വിളമ്പരമായും ഓരോ ആണ്ടിലെയും ഓര്‍മ്മദിനങ്ങളെ തങ്ങളുടെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊണ്ട് അവര്‍ ആഘോഷ ദിനങ്ങളാക്കി മാറ്റി. പോരാട്ട വീര്യത്തിന്റെ 200-വര്‍ഷങ്ങള്‍ തികഞ്ഞ 2018 ജനുവരി ഒന്നിലെ എല്‍ഗാര്‍ പരിഷത് കണ്‍വന്‍ഷനില്‍ ആരുടെയോ അജണ്ടകളുടെ സാക്ഷാത്ക്കാരമെന്നോണം ചില അനഭിമത സംഭവങ്ങള്‍ അരങ്ങേറി. ഏറ്റുമുട്ടല്‍ തെരുവിലേക്ക് വ്യാപിച്ചു. അക്രമ സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും, നിരവധിപ്പേര്‍ക്ക് പരിക്കുകള്‍ ഏല്‍ക്കുകയും, നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കപ്പടുകയും ചെയ്തു. 

അജണ്ടകളുടെ പിന്നൊരുക്കങ്ങളില്‍ ഒരു ദളിത് വിഭാഗത്തെയാകെ ഭരണകൂടം നക്‌സലുകളാക്കി മാറ്റുകയും നിരവധി ആളുകളെ നക്‌സല്‍ ബന്ധം ആരോപിച്ച് വിചാരണ കൂടാതെ തുറുങ്കലില്‍ അടയ്ക്കുകയും ചെയ്തു. ഇത്തരത്തില്‍ രാജ്യത്താകമാനം ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെ കോര്‍പ്പറേറ്റ് അതികായകരുടെ മറവില്‍ ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെയും, തീര്‍ത്തും പാവങ്ങളായ വിചാരണ കൂടാതെ ജയിലുകളില്‍ അടക്കപ്പെട്ട ദളിത് സമൂഹത്തിന്റെ നിയമ പോരാട്ടങ്ങള്‍ക്കുമായി 2015-ഡിസംബറില്‍ ഫാ.സ്റ്റാന്‍  സ്വാമി കണ്‍വീനറായി രൂപീകരിച്ച സംഘടനയാണ് പീഢിത തടവുകാര്‍ക്കായുള്ള ഐക്യദാര്‍ഢ്യ കമ്മിറ്റി.        
വിവിധ ഇടങ്ങളിലെ സഭാപ്രവര്‍ത്തനങ്ങള്‍ക്കുശേഷം 1991-ലാണ് കത്തോലിക്കാ സഭയിലെ ജസ്യൂട്ട് സന്യാസിയായ ഫാ.സ്റ്റാന്‍സിലാവസ് ലൂര്‍ദ് സ്വാമി എന്ന സ്റ്റാന്‍ സ്വാമി ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള സഭാ ആസ്ഥാനത്തെത്തുന്നത്. അതുവരെ ജാര്‍ഖണ്ഡ് ജനസംഖ്യയിലെ വനമേഖലയില്‍ അധിവസിക്കുന്ന 86% വരുന്ന ആദിവാസികളുടെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്ക് കാരണമായി മാറിയത് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്നുവന്ന ഇന്ത്യന്‍ ഭരണഘടനയുടെ  നഗ്നമായ ലംഘനങ്ങളായിരുന്നു.  

രാജ്യത്തെ 40% വരുന്ന ധാതുക്കളുടെ ശേഖരംകൂടിയാണ് ഈ മേഖല  എന്നറിയുമ്പോഴാണ് ഈ പറുദീസയില്‍ പാര്‍ശവല്‍ക്കരിക്കപ്പെട്ട ഒരുവിഭാഗം നേരിടുന്ന പ്രശ്‌നങ്ങളുടെ ആഴം ഏറക്കുറെ ബോധ്യമാകുക. ഉദ്ഘനനം ലക്ഷ്യംവെച്ച് തങ്ങള്‍ ജനിച്ചുവളര്‍ന്ന, പൂര്‍വ്വീകരിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ള കാര്‍ഷീക ഇടങ്ങള്‍ പിടിച്ചടുക്കാന്‍ വരുന്ന കോര്‍പ്പറേറ്റ് ഭീമന്മാര്‍ ഒരുവശത്ത്. മറുവശത്ത് യാതൊരു തത്വദീക്ഷയുമില്ലാതെ 132-വില്ലേജുകളെയും 50,000-ഏക്കര്‍ കൃഷിയിടങ്ങളെയും,20000-ഏക്കര്‍ വനമേഖലയെയും വെള്ളത്തിനടിയിലാക്കുന്ന, കുടിയൊഴിപ്പിക്കല്‍ നേരിടുന്ന, പരിസ്ഥിതിക്ക് ആഘാതം വരുത്തുന്ന കോയല്‍ കാരോ നദികളിലെ നിര്‍ദ്ധിഷ്ട ഡാം നിര്‍മ്മാണത്തിനായുള്ള അധികാര വര്‍ഗ്ഗത്തിന്റെ കച്ചവട താല്‍പ്പര്യങ്ങള്‍.

ഈ നീതിനിഷേധത്തിനെതിരെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി മുന്‍നിര പോരാളിയായി ഫാ. സ്റ്റാന്‍ സ്വാമി ഇറങ്ങിത്തിരിക്കുകവഴി കോര്‍പ്പറേറ്റ് ഭീമന്മാര്‍ പിന്‍വാങ്ങുകയും ഡാം നിര്‍മ്മാണം തടസ്സപ്പെടുകയും ഉണ്ടായി. 2019-ല്‍ ജാര്‍ഖണ്ഡില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തില്‍ ജാര്‍ഖണ്ഡിലെ ആദിവാസി മേഖലകള്‍ മാത്രം കേന്ദ്രീകരിച്ച് കോര്‍പ്പറേറ്റ് കമ്പനികളുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഒപ്പുവച്ചത് 100-ധാരണാപ്പത്രങ്ങളാണ് എന്നുകൂടി അറിയുമ്പോഴാണ് 200-വര്‍ഷങ്ങള്‍ക്കുമുമ്പ് ജാതീയമായി മനുഷ്യനെ വേര്‍തിരിച്ച മനുസ്മൃതിയെന്ന കാടന്‍ നിയമത്തിനെതിരെ പോരാടി വിജയം വരിച്ച മഹര്‍സമുദായത്തിന്റെ പോരാട്ടം ന്യായീകരിക്കപ്പെടുന്നത്. 

താല്‍ക്കാലികമായെങ്കിലും നീതിനിഷേധത്തിനെതിരെ പോരാടി വിജയംവരിച്ച നിരക്ഷരരും നിരാലംബരുമായ നിരവധി ചെറുപ്പക്കാര്‍-സ്ത്രീകള്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. അവരെല്ലാം ദേശദ്രോഹികളും നക്‌സലുകളുമായി മുദ്രകുത്തപ്പെട്ടു. ഫാ.സ്റ്റാന്‍ സ്വാമി കണ്‍വീനറായുള്ള പീഢിത തടവുകാര്‍ക്കായുള്ള ഐക്യദാര്‍ഢ്യ കമ്മിറ്റി        ഇത്തരത്തില്‍ ജയിലിലടയ്ക്കപ്പെട്ട സാധുക്കളുടെ മോചനത്തിനായി കോടതികളില്‍ പെറ്റീഷന്‍സ് ഫയല്‍ ചെയ്തു. ഇതൊക്കെക്കൊണ്ടുതന്നെ ഫാ. സാറ്റാന്‍ സ്വാമി  ഭരണകൂടത്തിന്റെയും കോര്‍പ്പറേറ്റുകളുടെയും കണ്ണിലെ കരടാകാന്‍ അധിക സമയം വേണ്ടിവന്നില്ല.    

വികസനത്തിന്റ പേരില്‍ വമ്പന്‍ അഴിമതിക്ക് കോപ്പുകൂട്ടിയ ഭരണകൂട വര്‍ഗ്ഗവും, കഴുകന്‍ കണ്ണുകളുമായി ജാഗ്രതയിലായിരിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കും, ആദിവാസികളെ എന്നും ചൂഷണ വസ്തുവായി കാണുന്ന ജന്മിമാര്‍ക്കും ഫാ. സ്റ്റാന്‍ സ്വാമി എന്ന അറിവിന്റെ നാവിനെ അരിഞ്ഞു വീഴ്‌ത്തേണ്ടത് അനിവാര്യമായി മാറി. റെയ്ഡ് എന്ന പേരില്‍ നടത്തപ്പെട്ട പ്രഹസനത്തില്‍ പിടിച്ചെടുത്ത ഫാ. സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പില്‍ മാല്‍വെയറുകള്‍ കയറ്റിയും, അച്ചടിച്ച ലഘുലേഖകള്‍ മുറിക്കുള്ളില്‍ നിക്ഷേപിച്ചും തീവ്രവാദത്തിനും  ദേശവിരുദ്ധ പ്രവര്‍ത്തനത്തിനും തെളിവുകള്‍ സൃഷ്ടിച്ചു. ഫാ. സ്റ്റാന്‍ സ്വാമിയുടെ വാക്കുകള്‍തന്നെ കടമെടുത്താല്‍  ‘ഒരിക്കല്‍പ്പോലും ഭീമാ കൊറേഗാവ് ആഘോഷങ്ങളില്‍ പങ്കെടുക്കാത്ത’ തന്നെ  ഭീമാ  കൊറേഗാവ് സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വ്യക്തിയായും നക്‌സല്‍ പ്രവര്‍ത്തകനുമായി മുദ്രകുത്തപ്പെട്ടു.  2020-ഒക്‌ടോബര്‍ 8-ന് ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്ത് ജയിലഴിക്കുള്ളിലാക്കി. വ്യവസ്ഥാപിത സഭകളുടെ പ്രവര്‍ത്തനശൈലി മനസ്സിലാക്കാതെ മതപരിവര്‍ത്തനം ആരോപിക്കപ്പെട്ടെങ്കിലും പൊതുസമൂഹം അവയൊക്കെ തള്ളിക്കളഞ്ഞു.

പൂനയിലെ തനോജാ ജയിലഴിക്കുള്ളില്‍നിന്നും തന്റെ സഹവൈദീകര്‍ക്ക് എഴുതിയ കുറിപ്പില്‍ ഫാ. സ്റ്റാന്‍ സ്വാമി പറയുന്നു; ‘കുറ്റാരോപിതരായി തന്നോടൊപ്പം ജയിലിലായിരിക്കുന്ന പാവങ്ങളില്‍ പലര്‍ക്കും അറിയില്ല തങ്ങളുടെമേല്‍ ചുമത്തിയിരിക്കുന്ന കുറ്റം എന്താണെന്ന്. നിയമപരമായോ മറ്റ് സഹായങ്ങളോ ഇല്ലാതെ വര്‍ഷങ്ങളായി അവര്‍ ജയിലുകളില്‍ കഴിയുകയാണ്. എന്നാല്‍ ഞങ്ങള്‍ ഒന്നിച്ച് പാട്ട് പാടും. കൂട്ടിലടയ്ക്കപ്പെട്ട പക്ഷിക്ക് ഇപ്പോഴും പാടാന്‍ കഴിയും.’

പാര്‍ക്കിന്‍സണ്‍ രോഗ ബാധിതനായ, 84-വയസ്സുള്ള വന്ദ്യ വയോധികനായ ഫാ. സ്റ്റാന്‍ സ്വാമിക്ക് കൈവിറയലിന്റെ ആധിക്യംമൂലം ആഹാരമോ വെള്ളമോ സ്വയം കുടിക്കാന്‍ ശേഷി ഇല്ലെന്നിരിക്കെ ഒരു സിപ്പര്‍ ചോദിച്ചിട്ടുപോലും കൊടുക്കാത്ത എന്‍.ഐ.എ യും, അനുവദിക്കാത്ത കോടതിയെയും മറികടന്ന് ജനരോഷം കണക്കിലെടുത്ത് 50-ദിവസങ്ങള്‍ക്കു ശേഷം തലോജ ജയിലധികൃതര്‍ സ്വാമിക്ക് സിപ്പര്‍ നല്‍കി എന്നത് വയോധികര്‍ക്കും രോഗികള്‍ക്കും നല്‍കിവരുന്ന മാനുഷിക പരിഗണനയ്ക്കും അപ്പുറം ഭരണകൂട ഭീകരത രാജ്യത്ത് പിടിമുറുക്കുന്നതിന്റെ സൂചകങ്ങളാണ്.

2021- ജൂലൈ 05 ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ഏടുകളായി ലോകം നിലനില്‍ക്കുവോളം കുറിക്കപ്പെടും എന്നതില്‍ തര്‍ക്കമില്ല. അശരണര്‍ക്കും ആലംബഹീനര്‍ക്കും പീഢിതര്‍ക്കും എന്നും സ്‌നേഹത്തണലായി ഒപ്പം നിന്ന്, ചൂഷകര്‍ക്കും പരീശന്മാര്‍ക്കും പേടിസ്വപ്നമായി മാറിയ ക്രിസ്തുവിനെ വരിക്കുന്ന വൈദീകര്‍ ക്രിസ്തുവിന്റെ പ്രതിപുരുഷന്മാര്‍ത്തന്നെയാണ്. മരണത്തെപ്പോലും തോല്‍പ്പിച്ച് ഉയിര്‍പ്പിക്കപ്പെട്ട ക്രിസ്തുവിന്റെ പിന്‍മുറക്കാര്‍ നേരിടുന്ന സഹനങ്ങളും പീഢനങ്ങളും ‘അവനു’വേണ്ടിയുള്ളതാണ്. പീഢിതര്‍ക്കൊപ്പംനിന്ന് ദിനംപ്രതി ഈശോയുടെ മുഖം കാണാന്‍ ഭാഗ്യം സിദ്ധിച്ച ഫാ. സ്റ്റാന്‍സിലാവസ് ലൂര്‍ദ് സ്വാമിയുടെ മരണവും ഒരര്‍ത്ഥത്തില്‍ ലാഭം തന്നെയാണ്. ക്രിസ്തീയ വിശ്വാസപ്രകാരമുള്ള സൗഭാഗ്യത്തിലേക്കുള്ള ലാഭം! ഫാ. സ്റ്റാന്‍ സ്വാമിയുടെ ഈ രക്തസാക്ഷിത്വം ദൈവ സന്നിധിയില്‍ നീതികരിക്കപ്പെടട്ടെ.    

Comments

leave a reply