പൊന്തിഫിക്കൽ യൂണിവേഴ്സിറ്റികളിലെ വിദ്യാഭ്യാസം വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടി മാത്രമാകരുതെന്നും, വിശ്വാസത്തിന്റെയും സത്യത്തിന്റെയും ശാക്തീകരണത്തിനും വളർച്ചയ്‌ക്കും ഉപകരിക്കപ്പെടണമെന്നും ലിയോ പതിനാലാമൻ പാപ്പാ. റോമിലുള്ള പൊന്തിഫിക്കൽ യൂണിവേഴ്സിറ്റികളിലെ 2026-2027 അദ്ധ്യയന വർഷാരംഭവുമായി ബന്ധപ്പെട്ട്, ഒക്ടോബർ 8 വ്യാഴാഴ്ച വൈകുന്നേരം, വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ വിദ്യാർത്ഥികളും അദ്ധ്യാപകരുമുൾപ്പെടെ അയ്യായിരത്തോളം വരുന്ന ആളുകളുടെ സാന്നിദ്ധ്യത്തിൽ അർപ്പിച്ച വിശുദ്ധ ബലിമദ്ധ്യേ നടത്തിയ പ്രഭാഷണത്തിലാണ്, സഭാത്മകമായ വിദ്യാഭ്യാസത്തിന്റെ പ്രത്യേകതകളിലേക്ക് പാപ്പാ വിരൽ ചൂണ്ടിയത്.
വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും ദൈവത്തോടും സഹമനുഷ്യരോടുമുള്ള ഉത്തരവാദിത്വം തിരിച്ചറിയേണ്ടതിന്റെയും, പരിശുദ്ധാത്മാവിന്റെ പ്രചോദനത്തിൽ അറിവും വിദ്യാഭ്യാസവും നേടുന്നതുവഴി, സമൂഹത്തിൽ സമാധാനവും ഐക്യവും ശക്തിപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യവും പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു.
വിശ്വാസജീവിതയാത്രയിൽ ബുദ്ധിക്കും യുക്തിചിന്തയ്ക്കും ചോദ്യങ്ങൾ ഉന്നയിക്കാനുള്ള മനോഭാവത്തിനും നിർണായക സ്ഥാനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പാപ്പാ, മതവികാരങ്ങളെ സ്വന്തം താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്ന ആളുകളുടെ തെറ്റായ നടപടികളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് ഓർമ്മിപ്പിച്ചു. ദൈവവചനത്തിന്റെയും സഭാപാരമ്പര്യത്തിന്റെയും വെളിച്ചത്തിൽ പഠനവും വിമർശനാത്മക ചിന്തയും മുന്നോട്ടുകൊണ്ടുപോകണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റികളിൽ ആഫ്രിക്ക, ഏഷ്യ, അമേരിക്ക, യൂറോപ്പ്, ഓഷ്യാനിയ തുടങ്ങിയ ഭൂഖണ്ഡങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളുടെ സാന്നിദ്ധ്യം പരാമർശിച്ചുകൊണ്ട്, സത്യം തേടിയുള്ള വിദ്യാഭ്യാസയാത്രയിൽ, വിദ്യാഭ്യാസസ്ഥാപനങ്ങളിലും ക്‌ളാസ്സുമുറികളിലും ആരംഭിക്കുന്ന സൗഹൃദബന്ധങ്ങളും പങ്കുവയ്ക്കൽ മനോഭാവവും വിലമതിക്കേണ്ടതിന്റെയും വളർത്തിക്കൊണ്ടുവരേണ്ടതിന്റെയും പ്രാധാന്യവും പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു.
ഇറ്റലിയുടെ തലസ്ഥാനമായ റോമിലുള്ള വിവിധ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റികളിലും, കോളേജുകളിലും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളിലുമായി ഏതാണ്ട് 11,750 വിദ്യാർത്ഥികളാണ് പഠനം നടത്തുന്നത്. പത്രോസിന്റെയും പൗലോസിന്റെയും വിശ്വാസജീവിതയാത്രയും സാക്ഷ്യവുമായി ബന്ധപ്പെട്ട് റോമിനുള്ള പ്രത്യേക സ്ഥാനം പരാമർശിച്ച പാപ്പാ, പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യേക മദ്ധ്യസ്ഥ്യത്തിന് ഈ അദ്ധ്യയന വർഷം സമർപ്പിക്കാമെന്നും, പരിശുദ്ധാത്മാവിനെ സ്വീകരിക്കാമെന്നും ആശംസിച്ചുകൊണ്ടാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.










Comments