Foto

- പച്ചയ്ക്ക് - പ്രീണനമോ , - പൂച്ച - ആരുടെ ചാക്കിലാണ് ?

'പച്ചയ്ക്ക് '  പ്രീണനമോ ,
' പൂച്ച ' ആരുടെ
ചാക്കിലാണ്  ?

 

മീഡിയ വണ്‍ ചാനല്‍ പൂട്ടി. ചാനല്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി താല്‍ക്കാലിക സ്റ്റേ നല്‍കിയെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച രഹസ്യരേഖകളുടെ മുന്നില്‍ സ്റ്റേ വഴിമാറി. രാജ്യസുരക്ഷയുടെ പേര് പറഞ്ഞാണെങ്കിലും, ഒരു മാധ്യമ സ്ഥാപനം പൂട്ടി എന്നു കേള്‍ക്കുമ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മനസില്‍ വല്ലാത്ത ഭാരം അനുഭവപ്പെട്ടു. ആ സ്ഥാപനത്തിന്റെ 300 ഓളം ജോലിക്കാരെ ഓര്‍ത്തു സഹതാപം തോന്നി. പ്രത്യേകിച്ച് പുതുതായി ചേക്കേറിയ പ്രമോദ് രാമന്‍, സ്മൃതി പരുത്തിക്കാട്ട് തുടങ്ങിയ പ്രഗത്ഭരുടെ ഗതികേട് വേദനാജനകം തന്നെ.
മീഡിയ വണ്‍ എന്ന ചാനല്‍ പൂട്ടിയപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്ന പ്രതികരണം വായിച്ചപ്പോള്‍ ഒരു സംശയം തോന്നി. മീഡിയ വണ്‍ എന്ന ചാനലും മുസ്ലിം സമുദായവും ഒന്നാണോ? അങ്ങനെ തോന്നാന്‍ കാരണം മീഡിയ വണ്‍ പൂട്ടിയാലും ഇന്ത്യന്‍ മുസ്ലിംങ്ങള്‍ അവരുടെ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും എന്ന സമൂഹമാധ്യമങ്ങളിലെ പ്രസ്താവനകള്‍ കേള്‍ക്കുമ്പോഴാണ്.
മുസ്ലിം മതരാഷ്ട്രവാദം ഉയര്‍ത്തി തെളിഞ്ഞും ഒളിഞ്ഞും മാധ്യമപ്രവര്‍ത്തനം നടത്തുന്ന മീഡിയ വണ്ണിന്റെ മാനേജ്മെന്റ് ജമാ അത്തെ ഇസ്ലാമി എന്ന മുസ്ലിം സംഘടനയാണ്. അതാകട്ടെ രണ്ടു പ്രാവശ്യം നിരോധിക്കപ്പെട്ട സംഘടനയാണ് എന്ന കാര്യം ഓര്‍ക്കണം. അതും കോണ്‍ഗ്രസ് ഗവണ്‍മെന്റുകളുടെ കാലത്ത്. മോദി വിരുദ്ധതയാണ് തങ്ങളുടെ ചാനല്‍ പൂട്ടിക്കാന്‍ കാരണമെന്ന് മീഡിയ വണ്‍ ചാനലിലെ മതേതര സിങ്കങ്ങള്‍ പതംപറയുന്ന കാഴ്ച ലജ്ജാവഹം. അങ്ങനെയെങ്കില്‍ കേരളത്തില്‍ ആദ്യം പൂട്ടേണ്ടത് കൈരളി ചാനലാണ്. ഇന്നേവരെ മോദിക്കെതിരായി മാത്രം സംസാരിച്ചിട്ടുള്ള സിപിഎമ്മിന്റെ ചാനലാണത്.

ന:മോദി

ഗുജറാത്തിലെ നരഹത്യക്കു കാരണക്കാരനായ മോദി ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലേക്കു വരുമെന്ന് ഭയന്ന് ഇന്ത്യയിലെ ഭൂരിപക്ഷ പത്രങ്ങളും, ചാനലുകളും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത് ന:മോദി - മോദി വേണ്ട എന്നാണ്. ഹിന്ദുത്വവാദം ഉന്നയിക്കാത്ത ബഹുഭൂരിപക്ഷം ഹൈന്ദവ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളും ഈ വാദത്തെ അനുകൂലിച്ചിരുന്നു എന്നുള്ളതാണ് സത്യം. മോദി വന്നാല്‍ ന്യൂനപക്ഷങ്ങളുടെ ഭാവി അപകടത്തിലാകും എന്നായിരുന്നു പൊതുവേയുള്ള മാധ്യമവിചാരം.

നമോ മോദീ:
തീവ്ര ഇസ്ലാമിക് വലയില്‍ വീണ സാംസ്‌കാരിക നായകരൊഴികെ ബാക്കിയെല്ലാ മധ്യമങ്ങളും തന്നെ മോദിയുടെ വിജയത്തിനുശേഷം പറഞ്ഞു 'നമോ' യുഗം വന്നു. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്നു മുന്‍പു വിളിച്ചു പറഞ്ഞവരടക്കം നരേന്ദ്രമോദി ദൈവത്തിന്റെ സമ്മാനമെന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ട് മോദിഭക്തരായി മാറുന്ന കാഴ്ചകള്‍ രണ്ടാം മോദി ഭരണകാലത്ത് കൂടുതലായി നാം കണ്ടു. കേരളത്തിലെ ചുരുക്കം ചാനലുകള്‍ മോദിക്കെതിരെ നിന്നു. അത്തരം ചാനലുകളിലൊന്നാണ് മീഡിയ വണ്‍. റാഡിക്കല്‍ പൊളിറ്റിക്കല്‍ ഇസ്ലാം വീക്ഷണങ്ങള്‍ പങ്കുവയ്ക്കാന്‍ ജമാ അത്ത് ഇസ്ലാമിക്ക് മീഡിയ വണ്ണും, മോദിവിരുദ്ധതയും ആവശ്യമായിരുന്നു താനും.

മാ മോദി
'മാനിഷാദ' യെന്നു പാടിയ വാത്മികീയെപ്പോലെ അഭിനവ മുസ്ലിം മതരാഷ്ട്രവാദികള്‍ മാ മോദീയെന്നു നിലവിളിക്കുന്നു. മീഡിയ വണ്‍ ചാനല്‍ പൂട്ടിയത് ഇസ്ലാം മതത്തിനെതിരായി വ്യാഖ്യാനിക്കപ്പെടുന്നു. ഇരവാദമുയര്‍ത്തി സഹതാപം പിടിച്ചു പറ്റുന്നു. അവരുടെ ഓശാരം പറ്റുന്ന 'സാംസ്‌കാരിക നായ'കള്‍ ഓരിയിടുന്നു. മാ മോദീ. അരുത് മോദീ...

പൗരധര്‍മ്മവും പത്രധര്‍മ്മവും
ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന, അതിനു തുരങ്കം വയ്ക്കുന്ന തീവ്രവാദ ശക്തികളുമായി മീഡിയ വണ്‍ എന്ന ചാനലിനു ബന്ധമുണ്ടെന്നും ദേശസുരക്ഷയുടെ ഭാഗമായി ചാനലിനു തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കില്ലായെന്നും ജനുവരി 4-ാം തീയതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചാനലിനെ അറിയിച്ചിരുന്നു. അല്ലാതെ ജനുവരി 31-ാം തീയതി പൊടുന്നനെ ഉണ്ടായ ഉത്തരവല്ല എന്നു സാരം. മുന്നറിയിപ്പില്ലാതെ പൂട്ടി എന്ന വാദം തെറ്റാണ്.
മീഡിയ വണ്ണിന്റെ കണ്ടെന്റുകള്‍, ദേശത്ത് അപകീര്‍ത്തിപരമായതടക്കം മിനിറ്റുകള്‍ക്കുള്ളില്‍ അല്‍ ജസീറ പോലുള്ള ചാനലുകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നാം ചിലത് സംശയിക്കണം. മുസ്ലിം രാജ്യമായ സൗദി അറേബ്യ, അല്‍ ജസീറ  പൂട്ടിയത് തീവ്രവാദ ബന്ധമുണ്ടെന്ന് പറഞ്ഞാണ്.  2017 ജൂണില്‍ യുഎഇ അല്‍ ജസീറയെ പൂട്ടി. അതും മുസ്ലിം രാജ്യമാണ്. അല്‍ ജസീറ, മീഡിയാ വണ്‍ തീവ്ര മുസ്ലീം രാഷ്ട്രവാദ നിലപാടുകള്‍ ഇടതു -  വലതു പക്ഷവും കേരളത്തിലെ കപട മതേതരവാദികള്‍ ഇവ തമ്മിലുള്ള അന്തര്‍ധാര ഇപ്പോഴും സജീവമാണ് എന്നതുകൊണ്ട് തന്നെ ഇതൊന്നും ചര്‍ച്ചയാവില്ല.

പിന്‍മൊഴി

പൗരധര്‍മ്മം അനുശാസിക്കുന്നത് ദേശം ആദ്യം; ദേശീയത ആദ്യം; മാതൃരാജ്യത്തിന്റെ സുരക്ഷ ആദ്യം എന്നൊക്കെയാണ്. പത്രധര്‍മ്മം എന്ത്?  അത്തരം ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നതു തന്നെയാണ്. അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം എന്നൊക്കെയുള്ള ഭരണഘടനാ സാധ്യതകള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ആപ്പു വക്കുന്നതാകരുത് എന്നു സാരം. ആഗോളതലത്തിലെ ഇസ്ലാമിക് തീവ്രവാദത്തെ വെള്ളപൂശി ഇന്ത്യാ മഹാരാജ്യത്തിന്റെ മതേതരത്വത്തിനു തുരങ്കം വയ്ക്കുന്ന ചാനല്‍ പൂട്ടുക തന്നെ വേണം. അതേത് മീഡിയ വണ്ണായാലും. ബാബ്‌റി മസ്ജിദ് പൊളിച്ചത് തെറ്റാണെങ്കില്‍, ഹാഗിയ സോഫിയ മോസ്‌ക്കാക്കിയത് തെറ്റ് എന്നു പറയാന്‍ നട്ടെല്ലുവേണം.
സമൂഹത്തെ കാര്‍ന്നു തിന്നുന്ന മയക്കുമരുന്നിന്റെ അതിശക്തമായ വരവിനെപ്പറ്റി, അതിനു പിന്നിലെ ഗൂഢബന്ധങ്ങളെപ്പറ്റി പറയുമ്പോള്‍ ഹാലിളകുന്ന ഒരു ചാനല്‍ ക്രിസ്തുജാരസന്തതിയെന്നു പറയുന്നവരെപ്പറ്റി, അവരുടെ മതവിദ്വേഷ പ്രസംഗങ്ങളെപ്പറ്റി, ഒരക്ഷരം ഉരിയാടാത്തതെന്തേ? പച്ചക്കു പറഞ്ഞാല്‍ മീഡിയാവണ്ണിന്റെ പത്രധര്‍മ്മം പൗരധര്‍മ്മത്തിനു നിരക്കാത്തതാണ്.
ജനം ടിവി ഉദ്ഘോഷിക്കുന്ന ഹിന്ദുത്വവാദം അപകടകരമാണ് എന്നു പറയുന്നപോലെ മീഡിയ വണ്‍ മുന്നോട്ടു വയ്ക്കുന്ന മുസ്ലീം മതരാഷ്ട്രവാദം തെറ്റെന്നു പറയാന്‍ സാംസ്‌കാരിക നായകര്‍ക്കു ധൈര്യമില്ലാത്തതെന്ത്? ജമാ അത്ത് ഇസ്ലാമിയുടെ എച്ചിലു തിന്നുന്നവരായി അവര്‍ അധ:പതിച്ചുവോ? മോദി വിരുദ്ധതയുടെ പേരു പറഞ്ഞ് ഇടതു - വലതു സര്‍ക്കാരുകള്‍ പച്ചയ്ക്ക് പ്രീണനം നടത്തുമ്പോള്‍ പൗരധര്‍മ്മം ഉയര്‍ത്തിപ്പിടിച്ച് പത്രധര്‍മ്മം നടത്തുന്ന മാധ്യമങ്ങള്‍ക്കു നമോവാകം!

ശരത് വെണ്‍പാല

Comments

leave a reply