ഫാ.എബ്രഹാം ഇരിമ്പിനിക്കൽ
സെക്രട്ടറി, കെ.സി.ബി.സി മീഡിയ കമ്മീഷൻ
ഹോട്ടൽ ഭക്ഷണം മനുഷ്യർ മരിക്കാൻ വേണ്ടി കഴിക്കുന്ന ഒന്നായി മാറുന്നത് ആരുടെ കുറ്റമാണ്? മദ്യം ആരോഗ്യത്തിനു ഹാനികരം എന്നെഴുതി വിൽപ്പനയക്കു വയ്ക്കുന്നു. അധിക നികുതി ഈടാക്കുന്നു. എന്നിട്ട് ആരെങ്കിലും വാങ്ങുന്നെങ്കിൽ മുന്നറിയിപ്പ് ഉണ്ടായിരുന്നല്ലോ എന്ന് പറയാം. ഹോട്ടൽ ഭക്ഷണം അങ്ങെനെ ആണോ. യാത്ര ചെയ്യുന്നവർ ഉൾപ്പെടെ ഉള്ളവർക്ക് ധൈര്യമായി കഴിക്കാൻ കഴിയുന്ന തരത്തിൽ ഹോട്ടലുകൾ നല്ല ഭക്ഷണം, രുചിയല്ല, ആരോഗ്യകരമായ ഭക്ഷണം, വൃത്തിയുള്ള ഭക്ഷണം നൽകാൻ ബാധ്യതയുണ്ട്. അല്ലെങ്കിൽ അവിടെ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിനു ഹാനികരം എന്ന് ബോർഡ് വയ്ക്കണം. പിന്നെ റിസ്ക് എടുത്തു കഴിക്കുന്നെങ്കിൽ കഴിക്കട്ടെ. റെസ്റ്റോറന്റ്ന് അനുമതി നൽകുന്ന സർക്കാർ സംവിധാനം, അതിന്റെ വൃത്തിയും ഭക്ഷണത്തിന്റെ ഗുണമെന്മയും പരിശോധിക്കയും ഉറപ്പുവരുത്തുകയും ചെയ്യേണ്ട സംവിധാനങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കണം. സർക്കാരിന്റെ മാത്രം പ്രശ്നമല്ലിതു. മനസാക്ഷി ലാഭത്തിൽ മാത്രം ചേർത്തു വയ്ക്കുന്ന ആളുകൾ വരുത്തുന്ന വിനയാണിത്. മോശം ആഹാരസാധനങ്ങൾ കഴിക്കുന്നവർ അറിയാതെ വിളമ്പാൻ അവർക്കു തന്ത്രങ്ങൾ ഉണ്ട്. അതറിയാതെ സ്വാദ്യോടെ കഴിക്കുന്നവരെ മരണത്തിനും രോഗങ്ങൾക്കും ഇരയാക്കുന്ന മാനസികാവസ്ഥ ആദ്യം മാറ്റണം. സഹജീവിയോട് അല്പമെങ്കിലും സ്നേഹമോ ആദരവോ ബാക്കി നിൽക്കുന്നെങ്കിൽ ഭക്ഷണത്തിൽ ഇത്തരം ക്രൈം ആരും ചെയ്യില്ല. ഗുരുതരമായ മാനസിക വൈകൃതമാണ് ഹോട്ടലുകളുടെ ഇത്തരം ചെയ്തികൾക്ക് കാരണം. സർക്കാർ നടപടിയെടുക്കണം. വളരെ അപകടകരമായി ആണ് നമ്മുടെ റെസ്റ്റോറന്റ് രംഗം ലാഭം കണ്ടെത്തുന്നത്. ഗുണമെന്മ ഉറപ്പുവരുത്താവുന്ന തരത്തിൽ റെസ്റ്റോറന്റ്കളുടെ എണ്ണവും നിയന്ത്രിക്കണം. ഹോട്ടലിൽ ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കളുടെയും ചന്തയിൽ വിൽക്കുന്നവയുടെയും ഗുണമെന്മ നിരന്തരമായി പരിശോധിക്കണം. അതിൽ അഴിമതിക്കു ഉദ്യോഗസ്ഥർ കൂട്ട് നിൽക്കരുത്. എല്ലാത്തിനും സർക്കാരിനെ പഴി പറയുന്നതിൽ കാര്യമില്ല. നമ്മുടെ ഉദ്യോഗസ്ഥരുടെയും ഭക്ഷണം വിൽക്കുന്നവരുടെയും മാനസിക സ്ഥിതിയും മാറണം. അല്ലെങ്കിൽ ഹോട്ടൽ ഭക്ഷണം ആരോഗ്യത്തിനു ഹാനികരം എന്നെഴുതി വച്ചിട്ട് കുഴിമന്തിയോ ബിരിയാണിയോ, ചോറോ, പായസമോ വിളമ്പട്ടെ.
Comments