ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ട് ഡയറക്ടര്‍
ചൈതന്യ ജീവകാരുണ്യനിധി 16666-ാമത് വിതരണോദ്ഘാടനം നടത്തപ്പെട്ടു
കോട്ടയം: മനുഷ്യ സ്‌നേഹത്തിന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാകേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍. നിര്‍ദ്ധന രോഗികള്‍ക്ക് സ്വാന്തന സ്പര്‍ശം ഒരുക്കുന്നതിനായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്ന ചൈതന്യ ജീവകാരുണ്യനിധി ചികിത്സാ സഹായ പദ്ധതിയുടെ 16666-ാമത് വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷമത അനുഭവിക്കുന്ന ജനവിഭാഗങ്ങളെ ചേര്‍ത്ത് പിടിക്കുന്ന കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. രോഗാവസ്ഥയില്‍ പ്രയാസപ്പെടുന്ന ആളുകള്‍ക്ക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും കരുതല്‍ സ്പര്‍ശം ഒരുക്കുവാന്‍ ചൈതന്യ ജീവകാരുണ്യനിധിയിലൂടെ സാധിച്ചുവെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. അഡ്വ. മോന്‍സ് ജോസഫ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അഡ്വ. വി.ബി ബിനു, കോട്ടയം ജില്ലാ സപ്ലൈ ഓഫീസര്‍ ജയപ്രകാശ് വി. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിജോ ആല്‍പ്പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു. ക്യാന്‍സര്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കിഡ്‌നി രോഗങ്ങള്‍, കരള്‍, തലച്ചോര്‍ സംബന്ധമായ അസുഖങ്ങള്‍, പെട്ടെന്നുണ്ടാകുന്ന അപകടങ്ങള്‍ തുടങ്ങിയവ മൂലം ബുദ്ധിമുട്ടുന്ന നിര്‍ദ്ധന കുടുംബങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്കാണ് പദ്ധതിയിലൂടെ ധനസഹായം ലഭ്യമാക്കി വരുന്നത്.
Comments