Foto

ദൂരെ കിഴക്കുദിച്ച സ്വർണപ്രഭയിൽ ചില അത്‌ലറ്റിക് ചിന്തകൾ

ദൂരെ കിഴക്കുദിച്ച
സ്വർണപ്രഭയിൽ
ചില അത്‌ലറ്റിക്  ചിന്തകൾ      

ഉദയ സൂയ്യന്റെ നാട്ടിൽ ഇന്ത്യൻ അത്‌ലറ്റിക്‌സിന് പുതു ജീവൻ പകർന്നു കൊണ്ട്      നീരജ് ചോപ്രയെന്ന ഇരുപത്തി മൂന്നുകാരന്റെ സുവർണ നേട്ടത്തിന് സമാനതകളില്ല. ടോക്കിയോവിലെ ഒളിംപിക് സ്റ്റേഡിയത്തിലെ, 2021 ആഗസ്റ്റ് 7 ശനിയാഴ്ചയിലെ ആ സായാഹ്നം ഇന്ത്യയുടെ കായിക ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ടു കഴിഞ്ഞു. ഉദ്ഘാടന സമാപന ചടങ്ങുകൾക്ക്  വേദിയായിരുന്ന ഒളിംപിക് സ്റ്റേഡിയത്തിൽ അന്നാദ്യമായി ഇന്ത്യയുടെ ദേശീയ ഗാനം ഈ ഒളിംപിക്‌സിൽ മുഴുങ്ങിക്കേൾക്കുമ്പോൾ 138 കോടി ജനങ്ങളുടെ തലമുറകൾ നീണ്ട സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ നിറവുണ്ടായിരുന്നു. ഹരിയാനയിൽ, ഇന്ത്യയുടെ ചരിത്രത്തിൽ നിരവധി യുദ്ധങ്ങൾക്ക് കളമൊരുങ്ങിയ പാനിപ്പട്ടിന്റെ മണ്ണിൽ നിന്നും ഒരു ചെറുപ്പക്കാരൻ ലോകത്തിന്റെ നെറുകയിലേറിയ ദിനം. നീരജ് തന്റെ കൈക്കരുത്തിൽ 101 വർഷത്തെ നമ്മുടെ ഒളിംപിക് ചരിത്രത്തിലാദ്യമായി അത്‌ലറ്റിക്‌സിൽ, ഒരു നൂറ്റാണ്ടായി കൊതിച്ചിരുന്ന ഒരു മെഡൽ സ്വർണ്ണം പൂശി നൽകിയത് അഭിമാനവും, അൽഭുതവും പകരുന്നു.
    
കാത്തിരുന്ന ജാവലിൻ ത്രോ ഫൈനലിൽ മൽസരിക്കുവാനുണ്ടായിരുന്നത് പതിനൊന്നു താരങ്ങളാണ്. 90 മീറ്ററിനപ്പുറം  തന്റെ കൈക്കരുത്തിൽ ജാവലിൻ തറപ്പിച്ചിട്ടുള്ള ജർമനിയുടെ ജൊഹാനസ് വെറ്റർ യോഗ്യതാ  റൗണ്ടിൽ തന്റെ ഫോമിലെത്താതെ പോയതിനാൽ നീരജിന് ഭീഷണിയാകുകയില്ല എന്നു തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. ക്വാളിഫൈയിങ്ങ് റൗണ്ടിലെപ്പോലെ, ആദ്യ ശ്രമത്തിൽ ജാവലിൻ കൈയ്യിലെടുത്ത് പതിവുപോലെ റൺ എടുത്ത് 87.03 മീറ്റർ യാതൊരു സമ്മർദ്ദവുമില്ലാതെ നീരജ് കൈവരിച്ചപ്പോൾ കൗതുകം  വർദ്ധിക്കുക തന്നെ ചെയ്തു. യോഗ്യതാ  റൗണ്ടിൽ 86.65 മീറ്റർ എറിഞ്ഞ നീരജ് തന്റെ ദുരെ മെച്ചപ്പെടുത്തിയത് പ്രതീക്ഷകൾ വർദ്ധിപ്പിച്ചു. എന്നാൽ അതൊരു സ്വർണ്ണക്കുതിപ്പിലേക്കാണെന്ന് കരുതാൻ കഴിയുമായിരുന്നില്ല.
    
രണ്ടാമത്തെ നീരജിന്റെ ത്രോ 87.58 മീറ്റർ ദുരത്താണ് ചെന്നു പതിച്ചത്. അതൊരു സ്വർണ്ണ ത്രോ ആയിരുന്നെങ്കിൽ എന്നാശിച്ചു പോയി. ആറു ത്രോകൾ അവസാന എട്ടുപേർക്ക് അവകാശപ്പെട്ടതായി ഉള്ളതിനാൽ നീരജിന്റെ രണ്ടാമത്തെ ത്രോവിലെ നേട്ടം ചരിത്രത്തിലേക്കായിരിക്കുമെന്നു ഉറപ്പിക്കുവാൻ കഴിയുമായിരുന്നില്ല. മറ്റാരും തന്നെ നീരജിന്റെ ദൂരത്തെ മറികടക്കാതിരുന്നതും ജൊഹാനസ് വെറ്റർ തന്റെ പതിവു താളം കൈവരിക്കാതിരുന്നതും ടോക്കിയോവിലെ ആ ശീതള രാവിൽ (ഇന്ത്യൻ സമയം അഞ്ച് മണി കഴിഞ്ഞിരിക്കും) പ്രതീക്ഷകൾ വാനോളമുയർത്തി. തന്റെ മൂന്നാമത്തെ ത്രോയിൽ നീരജ് 76.79 മീറ്റർ ദൂരത്തേക്കു മാത്രമേ ജാവലിൻ എറിഞ്ഞുള്ളൂ. നാലും, അഞ്ചും ശ്രമങ്ങൾ കരുതലോടെ, മികവുറ്റതായിരിക്കില്ല എന്ന കണക്കുകൂട്ടലിൽ നീരജ് ഫൗളാക്കി. അവസാന ശ്രമത്തിൽ 84.24 മീറ്റർ മാത്രം ദൂരമാണ് നീരജ് കൈവരിച്ചത്.
    
ചില ദിനങ്ങൾ അങ്ങനെയാണ്. പ്രതീക്ഷിക്കാത്ത നല്ലതു പലതും അന്നു സംഭവിക്കും. അതു ചിലപ്പോൾ ചരിത്രമാകും. ടോക്കിയോ നീരജിന്റെ ഭാഗ്യവേദിയാകുകയായിരുന്നു. ഇന്ത്യയുടെയും. അന്തിമ ഫലം വന്നപ്പോൾ ആദ്യ ശ്രമത്തിലെ 87.58 മീറ്റർ നീരജിനും, ഇന്ത്യയ്ക്കും ഒരിക്കലും മറക്കുവാൻ കഴിയാത്ത മാന്ത്രിക സംഖ്യയായി. ഇന്ത്യയുടെ കായിക ചരിത്രത്തിൽ ആദ്യമായി ഒരു അത്‌ലറ്റിക് സ്വർണ്ണം. രണ്ടാം ശ്രമത്തിൽ 86.67 മീറ്റർ കണ്ടെത്തിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കബ് വാഡെൽജിനായിരുന്നു വെള്ളി. സഹതാരം വിറ്റേസ്ലാവ് വെസ്‌ലി 85.44 മീറ്റർ എറിഞ്ഞ് വെങ്കലം ഉറപ്പാക്കി. യോഗ്യതാ  റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവച്ച പാക്കിസ്ഥാന്റെ അർഷാദ് നദീം (84.62 മീ) അഞ്ചാം സ്ഥാനത്തായപ്പോൾ, സ്വർണ്ണമെഡൽ ഉറപ്പിച്ചു വന്ന വെറ്റർക്ക് ഒമ്പതാം സ്ഥാനം മാത്രം. ഫൈനലിൽ ഫീൽഡിലിറങ്ങുന്നതിന് മുൻപ് നീരജിനെ വെല്ലുവിളിക്കാൻ മടിക്കാത്ത വെറ്റർ ടോക്കിയോവിൽ നിന്നും തലകുനിച്ച് മടങ്ങുകയായിരുന്നു.
    
പരിമിത സാഹചര്യങ്ങളിൽ നിന്ന് ഒരു അത്‌ലറ്റാവുമെന്ന് സ്വപ്നത്തിൽ കരുതാത്ത തന്റെ ശരീര ഭാരം കൊണ്ട് കുട്ടിക്കാലത്ത് കളിയാക്കലുകൾ ഏറെ സഹിച്ച ഒരു ഗ്രാമീണ ബാലൻ ചിട്ടയായ വ്യായാമ മുറകൾ കൊണ്ടും, കർശനമായ പരിശീലനം കൊണ്ടും, അതിലുപരി തികഞ്ഞ ലക്ഷ്യബോധത്താലും, ദൃഢനിശ്ചയത്താലും, കഠിനാദ്ധ്വാനത്താലുമാണ് ലോക വേദിയിൽ തന്റെ പേരു കുറിച്ചത്. ഒളിപിംക് മെഡലിനായുള്ള പോരാട്ടം ലക്ഷ്യമിട്ടിരുന്ന നീരജ് ഏഷ്യൻ ഗെയിംസിലും, കോമൺവെൽത്ത് ഗെയിംസിലും സ്വർണ്ണ മെഡലുമായാണ് ഒളിംപിക്‌സിന് ഇറങ്ങിയത്. 23 വയസ്സിൽ തന്റെ രാജ്യത്തെ അത്‌ലറ്റിക്‌സിലെ സുവർണ നേട്ടത്താൽ വൻകരയോളം വലുതാക്കിയ നീരജിന് ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയും. നീരജിന്റെ ഈ ലോകോത്തര വിജയം മറ്റു ഒളിംപിക് നേട്ടങ്ങൾക്കൊപ്പം, കപിൽ ദേവിന്റെ 1983 ലോകകപ്പ് ക്രിക്കറ്റ് നേട്ടം പോലെ ഇന്ത്യൻ കായിക രംഗത്തിൽ പുതിയൊരു ഉണർവ് പകർന്നിരിക്കുകയാണ്. ഈ ആവേശം കളയാതെ കാത്തുസൂക്ഷിക്കാം.

എൻ . എസ് . വിജയകുമാർ

Foto

Comments

leave a reply