വാക്സിന് പേറ്റന്റ് വേണ്ട: ലാഭക്കൊള്ള നിര്‍ത്താന്‍ ബൈഡന്റെ പ്രഖ്യാപനം
കോവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണായക നിമിഷമെന്ന് ലോകാരോഗ്യ സംഘടന
വാക്സിനുകളുടെ പേറ്റന്റ് എടുത്തുകളയാനുള്ള അമേരിക്കയുടെ തീരുമാനത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു. ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനം കോവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണായക നിമിഷമാണെന്നും ചരിത്രപരമാണെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് വിശേഷിപ്പിച്ചു.
വാക്സിന്‍ കമ്പനികളുടെ എതിര്‍പ്പ് മറികടന്നുകൊണ്ടാണ് കോവിഡ് വാക്സിന്‍ കമ്പനികളുടെ കുത്തക തകര്‍ക്കുന്ന സുപ്രധാന തീരുമാനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുതിര്‍ന്നത്.കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ ഇന്ത്യയാണ് ലോകവ്യാപാര സംഘനയ്ക്കുള്ളില്‍, കൂടുതല്‍ മരുന്നു കമ്പനികളെ വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമുന്നയിക്കുന്നതില്‍ മുന്‍നിരയില്‍ നിന്നത്. ദക്ഷിണാഫ്രിക്കയും സമാന ആവശ്യം ഉന്നയിച്ച് ലോകവ്യാപാര സംഘടനയെ സമീപിച്ചിരുന്നു. എന്നാല്‍ വാക്സിന്‍ ഉത്പാദക കമ്പനികള്‍ ഇതിനെ എതിര്‍ത്തു.
അടിസ്ഥാന സയന്‍സ് നല്‍കുന്ന വിവരങ്ങള്‍ വാക്സിനുകളും മരുന്നുകളുമൊക്കെയായി മാറുമ്പോള്‍ അതിനുമേല്‍ വലിയ 'നോക്കുകൂലി'യുമായി സ്വകാര്യ കമ്പനികള്‍ രംഗത്തു വരുന്നത് വലിയ പ്രശ്‌നമാണിപ്പോള്‍. പേറ്റന്റ് വ്യവസ്ഥ കാരണം വാക്സിനടക്കമുള്ള മരുന്നുകള്‍ ലോകജനതയില്‍ വലിയൊരു വിഭാഗത്തിന് അപ്രാപ്യമാവുന്നതായി ലോകാരോഗ്യ സംഘടന പലതവണ ചൂണ്ടിക്കാണിച്ചിരുന്നു.
ബൗദ്ധിക സ്വത്തവകാശം പ്രധാനമാണെങ്കിലും പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ ഭരണകൂടം കോവിഡ് വാക്സിനുകള്‍ക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് ട്രേഡ് പ്രതിനിധി കാതറിന്‍ തായ് പറഞ്ഞു. ഇതൊരു ആഗോള ആരോഗ്യ പ്രതിസന്ധിയാണെന്നും കോവിഡ് മഹാമാരിയുടെ അസാധാരണ സാഹചര്യത്തില്‍ അസാധാരണമായ നടപടി സ്വീകരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫൈസര്‍, മൊഡേണ അടക്കമുള്ള കമ്പനികള്‍ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് പോകരുതെന്ന് ആവശ്യപ്പെടുകയും തങ്ങളുടെ എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, അതെല്ലാം തള്ളിക്കൊണ്ടാണ് അസാധാരണ ഘട്ടത്തില്‍ അസാധാരണ തീരുമാനം അനിവാര്യമാകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്.
വാക്സിന്‍ ഉല്‍പ്പാദനം, വിതരണം, വില എന്നീ പ്രശ്നങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ലോകത്തിന് ആവശ്യമായത്ര വലിയ തോതില്‍ വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ല എന്നതു തന്നെയാണ് മുഖ്യ പ്രശ്നം. ഈ സാഹചര്യത്തില്‍ ലഭ്യമായ വാക്സിനുകള്‍ ധനിക രാജ്യങ്ങള്‍ വാങ്ങിക്കൂട്ടുകയും അവികസിത-വികസ്വര രാജ്യങ്ങള്‍ക്ക് വേണ്ടത്ര അവ കിട്ടാതെ വരികയും ചെയ്യുന്നു. മാത്രമല്ല, വില ഉയര്‍ന്നു തന്നെ നില്‍ക്കാനും ഇതു കാരണമാവുന്നു. ലോകാരോഗ്യ സംഘടനയും മറ്റും ചേര്‍ന്ന് രൂപംനല്‍കിയ 'കൊവാക്‌സ്' എന്ന കൂട്ടായ്മ ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്സിനുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നു.
എല്ലാവര്‍ക്കും വാക്സിനുകള്‍ വളരെ പെട്ടെന്ന് ലഭ്യമാകുന്ന രീതിയില്‍ വളരെ വേഗത്തില്‍ ഉല്‍പ്പാദനം നടക്കാത്തതിന്റെ ഒരു പ്രധാന കാരണം പേറ്റന്റ് വ്യവസ്ഥയടക്കമുള്ള നിലവിലെ ബൗദ്ധിക സ്വത്തവകാശ നിയമങ്ങളാണ്. വാക്സിനുകള്‍ വികസിപ്പിക്കാനുള്ള അടിസ്ഥാന ഗവേഷണങ്ങള്‍ പൊതു സങ്കേതങ്ങളായ യൂണിവേഴ്സിറ്റികളിലും പൊതുമേഖല ലബോറട്ടറികളിലുമായാണ് നടക്കുന്നതെങ്കിലും, ഇതിലൂടെ ലഭ്യമാവുന്ന വിവരങ്ങള്‍ ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യകളുടെ കാര്യം വരുമ്പോള്‍ ചിത്രമാകെ മാറുന്നു. അവിടെ ശക്തമായ ബൗദ്ധിക സ്വത്തവകാശ നിയമങ്ങള്‍ കടന്നുവരുന്നു.
വാക്സിന്‍ രംഗത്ത് ഏറ്റവും നൂതനമായ സാങ്കേതികവിദ്യയാണ് എംആര്‍എന്‍ഐ വാക്സിനുകള്‍. ഫൈസര്‍, മോഡേണ എന്നീ രണ്ടു കമ്പനികളാണ് ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാക്സിനുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നതെങ്കിലും ഈ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനുള്ള അടിസ്ഥാന ഗവേഷണങ്ങള്‍ മുഴുവന്‍ നടന്നത് ഇന്ത്യയിലേപ്പോലെ പൊതു മേഖലാ സ്ഥാപങ്ങളിലും സര്‍വ്വകലാശാലകളിലുമാണ്. പക്ഷേ, പേറ്റന്റ് വ്യവസ്ഥകള്‍ ഉപയോഗിച്ച് ഇതിന്റെ സാമ്പത്തിക ഗുണഫലങ്ങള്‍ മുഴുവന്‍ നിര്‍മാണ കമ്പനികള്‍ സ്വന്തമാക്കുകയാണ്. അവര്‍ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുകയും ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയുമല്ലാതെ മറ്റുള്ളവര്‍ക്ക് ഉല്‍പ്പാദന ലൈസന്‍സ് നല്‍കുന്നുമില്ല.ലോകത്തിനാവശ്യമായ വലിയ തോതിലുള്ള വാക്സിന്‍ ഉല്‍പ്പാദനത്തിന് ഇതു പ്രതിബന്ധമായി.
അതേസമയം, ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ വികസിപ്പിച്ചെടുത്ത അഡനോവൈറസ് വെക്ടര്‍ വാക്സിന്‍, അസ്ട്രാ സെനെക്ക കമ്പനിക്ക് കൈമാറിയപ്പോള്‍ അവര്‍ മുന്നോട്ടുവച്ച നിബന്ധന ഇത് ലോകമെമ്പാടും കുറഞ്ഞ വിലയ്ക്ക് ലഭ്യമാവണമെന്നായിരുന്നു. അതിന്റെ ഫലമായാണ് ഇന്ത്യയില്‍ ഈ വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാനായത്.
ബാബു കദളിക്കാട്
Comments