റോ റോ സർവ്വീസ് യാത്രക്കാരെ വട്ടം ചുറ്റിക്കുന്നു
വൈപ്പിൻ -ഫോർട്ട്കൊച്ചി -വൈപ്പിൻ റോ റോ സർവ്വീസിലെ ഒരു വെസ്സൽ യന്ത്രതകരാർ മൂലം നിശ്ചലമായതോടെ റോ റോ യാത്ര ദുരിതപൂർണ്ണമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
സേതു സാഗർNo:1, No: 2 എന്ന രണ്ടു റോ റോ വെസ്സലുകളാണ് ഇവിടെ സർവീസ് നടത്തിയിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 11.30 മണിയോടുകൂടിയാണ് ഒരു വെസ്സൽ യന്ത്രതകരാർ മൂലം നിശ്ചലമായത്. തെക്കൻ ജില്ലകളിൽ നിന്ന് വടക്കൻ ജില്ലകളിലേക്കും തിരിച്ചും പോകുന്നതിനുള്ള ഒരു എളുപ്പവഴിയാണ് ഈ റോ റോ സർവീസ്. റോ റോ യിൽനിന്ന് വരുന്ന വാഹനങ്ങൾ വല്ലാർപാടം കണ്ടെയ്നർ റോഡ് വഴിയും വൈപ്പിൻ റോഡ് വഴിയും പോകുകയാണെങ്കിൽ എറണാകുളം ചുറ്റാതെ ദീർഘദൂരയാത്ര നടത്താനാകും.
ഒരെണ്ണം നിശ്ചലമായതോടെ ഇന്നലെ വൈകിട്ട് മുതൽ വാഹനങ്ങളുടെ നീണ്ട നിരയാണ് വൈപ്പിനിലും ഫോർട്ട്കൊച്ചിയിലും.
സേതുസാഗർ No:2 വെസ്സലാണ് അടിക്കടി തകരാറിലാകുന്നത്.
മൂന്നാമത് ഒരു റോ റോ കൂടി വേണമെന്ന ആവശ്യം കൊർപറേഷൻ പരിഗണിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
18 കോടിയിലധികം മുടക്കി രണ്ടു റോറോയും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടും നടത്തിപ്പിന് ഏൽപ്പിച്ച കെ എസ് ഐ എൻ സിയിൽ നിന്ന് മുതൽമുടക്ക് തിരികെ ലഭിക്കുന്നില്ലെന്നാണ് നഗരസഭയുമായി ബന്ധപ്പെടുമ്പോൾ മനസ്സിലാകുന്നത്. അതിനാൽ മൂന്നാമത്തെ റോ റോയെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്ന പ്രശ്നമേയില്ല.
അങ്ങനെയാണെങ്കിൽ കോർപറേഷന് കെ എസ് ഐ എൻ സി യിൽനിന്ന് റോ റോ സർവീസ് ഏറ്റെടുത്തുകൂടെയെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണി നടത്തിയ ബോട്ട് യാർഡിൽ കയറ്റി വച്ചിട്ട് മാസങ്ങളേറെയായി. റോ റോ ഒരെണ്ണം നിശ്ചലമാകുമ്പോൾ ബോട്ട് സർവീസ് നടത്തുകയാണെങ്കിൽ തിരക്ക് ഗണ്യമായി കുറയ്ക്കുവാനാകും.
അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഗോശ്രീ ജംഗ്ഷനിൽ നിന്ന് ഫോർട്‌കൊച്ചിയിലേക്ക് ബോട്ട് സർവീസ് ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ മറ്റൊരാവശ്യം.
കോടികൾ മുടക്കി ആധുനിക സൗകര്യമൊരുക്കിയിട്ടും ഫോർട്ട് കൊച്ചി -വൈപ്പിൻ ജലയാത്ര ഇന്നും ദുരിതപൂർണ്ണമായിത്തന്നെ തുടരുന്നു.
Comments