മെത്രാന്മാരുടെ ഹൃദയം കർത്താവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ്, സേവനങ്ങൾ കൂടുതൽ ശാന്തവും സ്വതന്ത്രവും ഫലപ്രദവുമാകുന്നതെന്നും ലിയോ പാപ്പ. കത്തോലിക്ക സഭയിൽ, പുതുതായി അഭിഷിക്തരായ മെത്രാന്മാർക്ക് വേണ്ടി വത്തിക്കാനിൽ നടന്ന പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരിന്നു പാപ്പ. മെത്രാന്മാരും, അവരുടെ സഭകളും എപ്പോഴും തൻ്റെ പ്രാർത്ഥനകളിൽ ഉണ്ടായിരിക്കുമെന്നും, തങ്ങൾക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാവർക്കും, മെത്രാൻ്റെ ഹൃദയത്തിൽ ഒരു സ്ഥാനം കണ്ടെത്തുവാൻ ഇടയുണ്ടാകണമെന്നും പാപ്പ പറഞ്ഞു. മെത്രാന്മാരെന്ന നിലയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, യേശുവിനോടുകൂടെ ആയിരിക്കുക എന്നതാണെന്ന് പാപ്പ ഊന്നിപ്പറഞ്ഞു.
യേശുവിനെ കുറിച്ച് സംസാരിക്കുവാൻ, നാം അവനോടുകൂടെ ആയിരിക്കേണ്ടത് ഏറെ ആവശ്യമെന്നും, അവിടുത്തെ ജനത്തെ നയിക്കാൻ, എല്ലാ ദിവസവും അവനാൽ നയിക്കപ്പെടാൻ നാം സ്വയം അനുവദിക്കണമെന്നും പാപ്പ പറഞ്ഞു. വിശുദ്ധ കുർബാന, ദൈവവചന വായന, പ്രാർത്ഥന എന്നിവയെല്ലാം ശിഷ്യൻ്റെ ലളിതമായ ഹൃദയത്തോടെ കർത്താവിൻ്റെ സാന്നിധ്യത്തിൽ കഴിയാൻ കഴിയുന്ന നിമിഷങ്ങളാണെന്നു പാപ്പ ചൂണ്ടിക്കാട്ടി. മെത്രാന്മാരുടെ ഹൃദയം കർത്താവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ്, സേവനങ്ങൾ കൂടുതൽ ശാന്തവും സ്വതന്ത്രവും ഫലപ്രദവുമാകുന്നതെന്നും പാപ്പ പറഞ്ഞു. അഞ്ചു ഭൂഖണ്ഡങ്ങളിൽ നിന്നായി അടുത്തിടെ നിയമിതരായ 147 പുതിയ മെത്രാന്മാരാണ് വത്തിക്കാനിലെ പരിശീലന കോഴ്സില്‍ സംബന്ധിക്കുന്നത്.










Comments