പരി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ പ്രഖ്യാപന നടപടികള്‍ക്ക് അംഗീകാരം, ആദ്യ മുളന്തുരുത്തി സുന്നഹദോസിനു നേതൃത്വം നല്‍കിയത് പത്രോസ് ബാവാ
പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയന്‍ ബാവാ വിശുദ്ധപദവിയിലേക്ക്. മുളന്തുരുത്തി മാര്‍ത്തോമന്‍ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിലായിരുന്നു വിശുദ്ധപദവിക്കായുള്ള അംഗീകാരം നല്‍കിയത്.
ആദ്യ മുളന്തുരുത്തി സുന്നഹദോസിനു നേതൃത്വം നല്‍കിയ പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ക്ക് എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ തുടക്കമായി. ആഗോള സുന്നഹദോസില്‍ മലങ്കര സഭയുടേതായി വന്ന നിര്‍ദേശത്തിനു പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ അനുമതി നല്‍കുകയായിരുന്നു. 1872 ല്‍ അന്ത്യോക്യ പാത്രീയര്‍ക്കീസ് ആയി വാഴിക്കപ്പെട്ട പരിശുദ്ധ പത്രോസ് തൃതീയന്‍ ബാവായാണു മലങ്കരയില്‍ സന്ദര്‍ശനം നടത്തിയ ആദ്യ പാത്രിയര്‍ക്കീസ് ബാവാ. 1798ല്‍ ഇറാഖിലെ മൊസൂളിലായിരുന്നു ജനനം. മലങ്കരയിലെ ആദ്യ സുന്നഹദോസ് 1876 ജൂണ്‍ 28ന് മുളന്തുരുത്തി പള്ളിയില്‍ വിളിച്ചു കൂട്ടിയത് പത്രോസ് തൃതീയന്‍ ബാവയാണ്. 150 വര്‍ഷം മുന്‍പു മലങ്കരയില്‍ ആദ്യമായി മൂറോന്‍ കൂദാശ നിര്‍വഹിച്ച പാത്രിയര്‍ക്കീസും അദ്ദേഹമായിരുന്നു. മലങ്കര സഭയെ 7 ഭദ്രാസനങ്ങളായി വിഭജിച്ച് 6 മെത്രാപ്പൊലീത്തമാരെ വാഴിച്ചു. 1877 മേയ് 16ന് ഇന്ത്യയില്‍ നിന്നു മടങ്ങി. 1894ല്‍ കാലം ചെയ്തു.










Comments