ഒക്ടോബർ മാസം പത്താം തീയതി, ലോകമെമ്പാടുമുള്ള വിവിധ മ്യൂസിയങ്ങളുടെ ഡയറക്ടർമാരുടെ സംഘത്തെ, ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, സന്ദേശം നൽകുകയും ചെയ്തു. ഓരോ മ്യൂസിയവും സ്മരണകളുടെയും, സൗന്ദര്യത്തിന്റെയും, ചരിത്രത്തിന്റെയും സ്ഥലമാണെന്നും, അത് തലമുറകൾ തമ്മിലുള്ള കണ്ടുമുട്ടലിനെ പ്രോത്സാഹിപ്പിക്കുകയും, സംസ്കാരത്തെയും മനുഷ്യ സർഗ്ഗാത്മകതയെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.
നൂറ്റാണ്ടുകളായി, സഭയും കലാപരമായ മാനവുമായി ഒരു പ്രത്യേക ബന്ധം വളർത്തിയെടുക്കുകയും, അതിനെ അധികമായി വിലമതിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. വാസ്തവത്തിൽ, കല എന്നത് മനുഷ്യൻ സ്വന്തം ചാതുര്യം ഉപയോഗിച്ച് ദ്രവ്യത്തെ, അതായത് ദൈവത്തിന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും വസിക്കുന്ന സൃഷ്ടിയെ,രൂപാന്തരപ്പെടുത്തുന്ന മഹത്തായ ഒന്നാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
കൂടിക്കാഴ്ചയുടെ പ്രമേയമായ 'ഭൗതികത്വം' എന്നത്, കലാസൃഷ്ടികളുടെ വസ്തുവും വ്യാഖ്യാനവും തമ്മിലുള്ള ബന്ധം പര്യവേക്ഷണം ചെയ്യുന്നതിന് മാത്രമല്ല, അവയുടെ പദാർത്ഥത്തിന്റെ പ്രത്യേക മൂല്യത്തെ കുറിച്ച് ചിന്തിക്കുവാനും ഏവർക്കും പ്രചോദനം നൽകുന്നുവെന്നും പാപ്പാ പറഞ്ഞു.
പദാർത്ഥമെന്നത്, ദൈവത്തിന്റെ ഒരു ദാനമാണെന്നും, തന്റെ വൈദഗ്ധ്യത്താൽ, കലാകാരൻ അതിനെ രൂപാന്തരപ്പെടുത്തുന്നുവെന്നും പാപ്പാ പറഞ്ഞു. അത് അപരന് ഒരു സമ്മാനായി സമർപ്പിക്കുവാനും നമുക്ക് സാധിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. സംസ്കാരത്തിന്റെ വികസനം സൃഷ്ടിയുടെ ഭംഗി വർദ്ധിപ്പിക്കുന്നത് ഇങ്ങനെയാണെന്നും പാപ്പാ പറഞ്ഞു.
പദാർത്ഥം വഴക്കമുള്ളതായതിനാൽ, കലാകാരന്റെ ആശയത്തിനനുസരിച്ച് അതിനെ രൂപപ്പെടുത്താൻ കഴിയുമെന്നും, അതിനാൽ, കല എന്നത് ഒരു സൃഷ്ടിപരമായ പ്രക്രിയയാണെന്നും, അവയ്ക്ക് അർത്ഥം നൽകുന്നുവെന്നും, അപ്രകാരം മനുഷ്യനെ ഉന്നതങ്ങളിലേക്ക് നയിക്കുന്ന സൗന്ദര്യത്തിന്റെ അടയാളമായി മാറുന്നുവെന്നും പാപ്പാ പറഞ്ഞു.
മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന കൃതികൾ തലമുറതലമുറയായി ഓരോ വ്യക്തിയെയും വെല്ലുവിളിക്കുന്ന ഒരു ചരിത്രത്തിന്റെ സാക്ഷ്യങ്ങളാണെന്നും, അവ, ഭൂതകാലത്തിന്റെ ജ്ഞാനം വർത്തമാനകാലം വരെ പ്രദാനം ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു. സഭ, കലയെ കൃത്യമായി ഈ രീതിയിൽ വെറും സൗന്ദര്യശാസ്ത്രമായിട്ടല്ല, മറിച്ച് സൗന്ദര്യത്തിലൂടെയുള്ള സുവിശേഷ പ്രഖ്യാപനത്തിന്റെ ഒരു രൂപമായിട്ടാണ് കാണുന്നതെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.










Comments