Foto

മാർ മങ്കുഴിക്കരിയുടേത് ദാർശനികതയും വാത്സല്യവും സമന്വയിച്ച ഇടയജീവിതം: മേജർ ആർച്ച്ബിഷപ്

കൊച്ചി: കേരളസഭ കണ്ട ഏറ്റവും ദാർശനികതയുള്ള പുരോഹിതശ്രേഷ്ഠനാണു ബിഷപ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയെന്നു സീറോ മലബാർ സഭ മേജർ ആർ‌ച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അനുസ്മരിച്ചു. അദ്ദേഹം പങ്കുവച്ചതെല്ലാം രേഖപ്പെടുത്തപ്പെട്ടിരുന്നെങ്കിൽ, സഭയുടെ അതുല്യമായ ദാർശനിക സന്പത്താകുമെന്നും മാർ തട്ടിൽ പറഞ്ഞു.
മാർ മങ്കുഴിക്കരിയുടെ മുപ്പതാം ചരമവാർഷിക അനുസ്മരണം പാലാരിവട്ടം പിഒസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഴമാർന്ന ദാർശനികത നിറഞ്ഞ പൗരോഹിത്യ ജീവിതത്തിൽ വാത്സല്യനിധിയായ ഇടയനെയും തിരിച്ചറിയാനാകും. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങൾ മികച്ച വാഗ്മിത്വത്തിന്‍റെ അടയാളപ്പെടുത്തലുകളായി. ദാർശനികമായ സമസ്യകൾ അദ്ദേഹം കൃത്യതയോടും ലളിതമായും അവതരിപ്പിച്ചു. പറയാനുള്ളതു തുറന്നുപറയുന്പോഴും ബന്ധങ്ങളിൽ അകൽച്ചകളില്ലാതിരിക്കാൻ അദ്ദേഹം സൂക്ഷ്മത പുലർത്തി. അടുപ്പങ്ങളുടെ പര്യായമായി അദ്ദേഹം മാറി. സഭയിലും പൊതുസമൂഹത്തിലും സമാനതകളില്ലാത്ത ഇടം അടയാളപ്പെടുത്തിയ മാർ മങ്കുഴിക്കരിയുടെ ഓർമകൾ എറണാകുളത്തും നിറഞ്ഞു നിൽക്കുന്നുണ്ട്. താമരശേരി രൂപതയുടെ വളർച്ചയിൽ അദ്ദേഹത്തിന്‍റെ പങ്ക് വിസ്മരിക്കാനാവില്ലെന്നും മാർ തട്ടിൽ പറഞ്ഞു.
മുൻ ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. പിഒസിയും ന്യൂമൻ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. ന്യൂമൻ അസോസിയേഷൻ പ്രസിഡന്‍റ് ഡോ. കെ.എം. മാത്യു പ്രസംഗിച്ചു.
എറണാകുളം - അങ്കമാലി അതിരൂപത സഹായമെത്രാൻ, താമരശേരി രൂപതയുടെ പ്രഥമ മെത്രാൻ, ആലുവ പൊന്തിഫിക്കൽ സെമിനാരി പ്രഫസർ എന്നീ നിലകളിൽ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി സേവനം ചെയ്തിട്ടുണ്ട്.


ഫോട്ടോ  : പാലാരിവട്ടം പിഒസിയിൽ ബിഷപ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ മുപ്പതാം ചരമവാർഷിക അനുസ്മരണ സമ്മേളനത്തിനു മുന്നോടിയായി അദ്ദേഹത്തിന്‍റെ ഛായാചിത്രത്തിൽ, സീറോ മലബാർ സഭ മേജർ ആർ‌ച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ആദരമർപ്പിക്കുന്നു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മുൻ ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവർ സമീപം. 

Comments

leave a reply

Related News