ആത്മീയതയുടെ “അനിതരസാധാരണയായ സ്ത്രീ”
വേദപാരഗതാ പദവി - 50-ാം വാർഷികം
1. വേദപാരംഗതയായ സഭയുടെ പ്രഥമ വനിത
വേദപാരംഗതയായി വിശുദ്ധ അമ്മ ത്രേസ്യയെ സഭ പ്രഖ്യാപിച്ചതിന്‍റെ അമ്പതാം വാര്‍ഷികത്തിനു സ്പെയിനിൽ ആവിലാ യൂണിവേഴ്‌സിറ്റി കോണ്‍ഗ്രസില്‍ പങ്കെടുത്തവരെ അഭിവാദ്യംചെയ്തുകൊണ്ട് അയച്ച വീഡിയോ സന്ദേശത്തിൽനിന്നും എടുത്തതാണീ ചിന്താമലരുകൾ. 1970-ാമാണ്ടിലാണ് വിശുദ്ധയെ പോൾ 6-ാമൻ പാപ്പാ വേദപാരംഗതയായി (Doctor of the Church) ഉയർത്തുകയും ആത്മീയതയുടെ "അനിതരസാധാരാണയായ സ്ത്രീ"യെന്ന് അന്നേ ദിവസം വിശേഷിപ്പിക്കുകയും ചെയ്തത്. സഭയിലെ പ്രഥമ വനിതാവേദപാരംഗതയാണ് അമ്മ ത്രേസ്യാ. വിശുദ്ധ എപ്രകാരമാണ് അനിതരസാധാരണയായ വനിതയാകുന്നതെന്ന് പാപ്പാ സന്ദേശത്തിൽ പടിപടിയായി സമർത്ഥിക്കുന്നു :
വിശുദ്ധയുടെ നാമധേയത്തിലുള്ള സമ്മേളനത്തിന് ''അസാധാരണ വനിത'' എന്ന വിശേഷണം വിശുദ്ധ പോള്‍ ആറാമന്‍ പാപ്പായില്‍ നിന്ന് കടമെടുത്തതാണ്. അനവധി മാനങ്ങളുള്ള വിശിഷ്ടമായ ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു ആവിലായിലെ അമ്മത്രേസ്യ. വിശുദ്ധയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് എന്തായിരുന്നുവെന്നത് നാം മറക്കരുത്. ദൈവവുമായി കണ്ടുമുട്ടാനുള്ള അവരുടെ നിശ്ചയദാര്‍ഢ്യമായിരുന്നു അത്. അവിടുന്നുമായുള്ള ഐക്യം വിടാതെ പിന്തുടരുക എന്ന പ്രാര്‍ത്ഥനാ ദൗത്യമായിരുന്നു അത്. ഒരു കൃഷിക്കാരിയെ പോലെ ലളിതമായ ഭാഷയില്‍ വിശുദ്ധ പറയുകയാണ്: ''ഞാന്‍ അങ്ങയുടേതാണ്, കാരണം ഞാന്‍ ജനിച്ചിരിക്കുന്നതുതന്നെ അങ്ങയുടെ തിരുവിഷ്ടം നിറവേറ്റാനാണ്.''
2. വിശുദ്ധിയുടെ ജീവിതം
എല്ലാറ്റിനുമുപരി, വിശുദ്ധിയുടെ ജീവിതത്തിന് അവൾ ഉടമയായിരുന്നതിനാല്‍ യേശുവിന്‍റെ ത്രേസ്യാ എന്ന അപരനാമത്താലും അറിയപ്പെട്ട അമ്മ ത്രേസ്യാ അസാധാരണ വനിതയായിരുന്നു. പരിശുദ്ധാത്മാവിനോടുള്ള വിധേയത്വം അവരെ ക്രിസ്തുവുമായി ഐക്യപ്പെടുത്തിയിരുന്നു. ''അങ്ങനെയവര്‍ ദൈവസ്‌നേഹത്താല്‍ പ്രബുദ്ധയാകുന്നു.'' മനോഹരമായ വാക്കുകളിലൂടെ തന്‍റെ അനുഭവങ്ങൾ വിശുദ്ധ പങ്കുവയ്ക്കുന്നുണ്ട്: ''ഞാന്‍ എന്നെത്തന്നെ നല്‍കിക്കഴിഞ്ഞു, അങ്ങനെ ഞാന്‍ സ്വയം മാറി, എന്‍റെ എല്ലാം എന്‍റെ പ്രിയപ്പെട്ടവനാണ്, ഞാന്‍ അവിടുത്തേതാണ്.'' ആത്മാവില്‍ നിറഞ്ഞു കവിയുന്നതാണ് വാക്കുകളിലൂടെ പുറത്തേക്ക് വരുന്നതെന്ന് യേശു നമ്മെ പഠിപ്പിച്ചിട്ടുണ്ട് (ലൂക്കാ 6:45). അന്തരാത്മാവിലുള്ള ദൈവത്തിന്‍റെ സാന്നിദ്ധ്യത്തിന്‍റെ ഫലമായാണ് ധൈര്യത്തിന്‍റേയും ക്രിയാത്മകതയുടേയും വൈശിഷ്ട്യത്തിന്‍റേയും പരിവര്‍ത്തന വിധേയയായി അമ്മ ത്രേസ്യ മാറുന്നത്.
3. ഇന്നും നാം ശ്രവിക്കേണ്ട നവീകരണത്തിനുള്ള വിളി
നാം ജീവിക്കുന്നത് മാറ്റത്തിന്‍റെ ഒരു മുഹൂര്‍ത്തത്തിലല്ല, കാലം തന്നെ മാറുന്നയിടത്താണെന്ന് നമുക്ക് പറയേണ്ടിവരും. വിശുദ്ധ ജീവിച്ചിരുന്ന പതിനാറാം നൂറ്റാണ്ടിലെ സാഹചര്യവുമായി ഈ അര്‍ത്ഥത്തില്‍ നമ്മുടെ ദിനങ്ങള്‍ക്ക് പലവിധ സാമ്യവുമുണ്ട്. ഭൂമിയുടെ മുഖം നവീകരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ ശക്തിയില്‍ വര്‍ത്തിക്കാന്‍ അക്കാലത്തെ ക്രൈസ്തവര്‍ വിളിക്കപ്പെട്ടതുപോലെ ഇപ്പോള്‍ നമ്മളും വിളിക്കപ്പെടുകയാണ്.
രണ്ടാം വത്തിക്കാന്‍ സൂനഹദോസ്, ജനതകളുടെ പ്രകാശം...Lumen Gentium എന്ന പേരിൽ സഭയെക്കുറിച്ചു പ്രബോധിപ്പിക്കുന്ന പ്രമാണരേഖയിൽ പറഞ്ഞിട്ടുള്ള വിശുദ്ധിയിലേക്കുള്ള വിശ്വവ്യാപകമായ വിളിയെക്കുറിച്ച് ഓര്‍ക്കുന്നത് നല്ലതാണ് (39-42): ''ഏതവസ്ഥയിലോ പദവിയിലോ ഉള്ള ക്രിസ്ത്യാനികളെല്ലാവരും സ്‌നേഹത്തിന്‍റെ പാരമ്യത്തിലേക്കും ക്രൈസ്തവ ജീവിതത്തിന്‍റെ പൂര്‍ണ്ണതയിലേക്കും വിളിക്കപ്പെട്ടിരിക്കുകയാണ്. ഭൗമികമായ സമൂഹത്തില്‍പോലും ഈ വിശുദ്ധി മാനവികമായ മേന്മയുള്ള ജീവിതശൈലി വളര്‍ത്തുന്നു. ഈ പൂര്‍ണ്ണത കൈവരിക്കുന്നതിന് ക്രിസ്തു നല്‍കിയിരിക്കുന്ന കഴിവുകളുടെ അളവനുസരിച്ച് മറ്റുള്ളവരുടെ സേവനത്തിനും ഉയര്‍ച്ചയ്ക്കുമായി അവരുടെ ശക്തി വിശ്വാസികള്‍, ക്രൈസ്തവർ ഉപയോഗിക്കണം.''
4. സകലരും വിശുദ്ധിയിലേയ്ക്കു വിളിക്കപ്പെട്ടവർ
അതിനാൽ, ''ചില ആത്മീയ ഗുരുക്കളുടെ മാത്രമല്ല, എല്ലാ വിശ്വാസികളുടേയും കര്‍ത്തവ്യമാണ് വിശുദ്ധി''യെന്ന് സഭാ പ്രബോധനത്തിന്‍റെ 40-ാം ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് വിശുദ്ധ ത്രേസ്യയെപ്പോലുള്ള ആത്മീയപ്രഭയുള്ള വിശുദ്ധര്‍ സവിശേഷ രീതിയില്‍ അനുഭവിച്ചറിഞ്ഞ ക്രിസ്തുവുമായുള്ള ഐക്യം ജ്ഞാനസ്‌നാനത്തിലൂടെ നാമും സ്വീകരിക്കുന്നുണ്ട്. വിശുദ്ധര്‍ നമ്മെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്, പക്ഷെ അവരെ അതേപടി അനുകരിക്കുകയല്ല വേണ്ടത്. വിശുദ്ധിയെ അതേപടി പകര്‍ത്താനാവില്ല. കാരണം, നമുക്ക് ഓരോരുത്തര്‍ക്കും ദൈവം നല്‍കിയിരിക്കുന്ന വ്യത്യസ്തവും സവിശേഷവുമായ പാതയില്‍നിന്ന് വ്യതിചലിക്കുകയാവും ഇതിന്‍റെ ഫലം. ഓരോരുത്തരും അവരവരുടെ പാത കണ്ടെത്തണം എന്നതാണ് പ്രധാനം. ദൈവത്തെ കണ്ടുമുട്ടാന്‍ നമുക്ക് ഓരോരുത്തര്‍ക്കും വിശുദ്ധിയുടെ സ്വന്തം പാതയിലൂടെ സഞ്ചരിക്കാം.
5. അനുഗ്രഹം നേടലല്ല
ജീവിതവിശുദ്ധീകരണമാണ് പ്രാർത്ഥന
വാസ്തവത്തില്‍, ക്രിസ്തുവുമായി സ്വയം ഐക്യപ്പെടാനുള്ളതാണ് പ്രാര്‍ത്ഥനയെന്നും, അല്ലാതെ അസാധാരണമായ വ്യക്തിഗത അനുഭവങ്ങള്‍ നേടാനുള്ളതല്ലെന്നും വിശുദ്ധ ത്രേസ്യ സമകാലീനരായ കന്യാസ്ത്രീകള്‍ക്ക് മുന്നറിയിപ്പ് നല്‍കാറുണ്ടായിരുന്നു. ഈ ഐക്യം യാഥാര്‍ത്ഥ്യമാകുന്നത് ഉപവി പ്രവര്‍ത്തനങ്ങളിലൂടെയാണെന്നും വിശുദ്ധ ഓര്‍മ്മിപ്പിച്ചു. “ലാസ് മൊറാദാസ്” എന്ന രചനയിൽ പ്രാര്‍ത്ഥനയെന്താണെന്ന് വിശുദ്ധ പറയുന്നുണ്ട്. ''ഇതാണ് എന്‍റെ മക്കളേ പ്രാർത്ഥന..., ആത്മീയ ജീവിതത്തില്‍നിന്ന് പിറവിയെടുക്കുന്നത് പ്രവൃത്തിയാണ്, പ്രവര്‍ത്തി തന്നെ.” അതേ പുസ്തകത്തില്‍ ഇതിനുമുമ്പേ വിശുദ്ധ പറയുന്നു: ''പ്രാര്‍ത്ഥനയെ മനസ്സിലാക്കാന്‍ ശുഷ്‌ക്കാന്തിയുള്ള ആത്മാക്കളെ ഞാന്‍ കാണുന്നുണ്ട്, പ്രാര്‍ത്ഥിക്കുമ്പോള്‍ അവര്‍ അതിൽ ആമഗ്നരാണ്,
പക്ഷെ അവരുടെ ചിന്തകളെ ഉദ്ദീപിപ്പിക്കാനോ പിടിച്ചു കുലുക്കാനോ, പ്രവൃത്തിപഥത്തിലേയ്ക്കു നീങ്ങുവാനോ അവര്‍ ധൈര്യപ്പെടുന്നില്ല.”
അവരുടെ ഭക്തിയുടെ അതേ പാതയില്‍തന്നെ സ്വയം ആവര്‍ത്തിക്കുന്ന, അതു മതിയെന്ന ചിന്തയുള്ളതിനാല്‍ അവർ ക്രിസ്തുവുമായി ഐക്യപ്പെടുന്ന പാത കണ്ടെത്തുന്നത് വിരളമാണ്. “അല്ല, സഹോദരികളേ, അല്ല. ദൈവത്തിന് പ്രവൃത്തിയാണ് വേണ്ടത്, രോഗിയായ ഒരു വ്യക്തിക്ക് അല്‍പം ആശ്വാസം പകരുമ്പോള്‍ നിങ്ങളുടെ ഭക്തിയില്‍ ഒരു നഷ്ടവും സംഭവിക്കുന്നില്ല, പക്ഷെ അവരുടെ ആത്മാവുമായി യഥാര്‍ത്ഥ ഐക്യം സ്ഥാപിക്കപ്പെടുന്നു.'' ചുരുക്കിപ്പറഞ്ഞാല്‍, ''വ്യക്തികളുടെ പൂര്‍ണ്ണത അളക്കുന്നത് അവര്‍ ആര്‍ജ്ജിച്ച വിവരമോ, വിജ്ഞാനമോ കൊണ്ടല്ല, അവരുടെ ഉപവി പ്രവൃത്തികൊണ്ടാണ്.''
6. പിൻചെല്ലേണ്ട പ്രാർത്ഥനയുടെ പാത
വിശുദ്ധ ത്രേസ്യയെ അസാധാരണ വനിതയും നൂറ്റാണ്ടുകളായി വിശുദ്ധിയുടെ ഉത്തമ മാതൃകയാക്കുന്നതുമായ പാത പ്രാര്‍ത്ഥനയുടേതാണ്. സ്വന്തം ജീവിതം പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിന് തുറന്നുവെച്ചുകൊണ്ട്, വിനയപൂര്‍വ്വം പിന്തുടരുന്നതാണ് പ്രാര്‍ത്ഥനയുടെ പാത. ദൈവത്തിന്‍റെ വിശുദ്ധ ജനതയുടെ നല്ല മക്കളായിക്കൊണ്ട് കൂടുതല്‍ വിനയാന്വിതരായി സഹോദരങ്ങളുടെ ആവശ്യങ്ങളെ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുമ്പോഴാണ് ഈ പാതയില്‍ നാം മുന്നേറുകയാണെന്ന അടയാളം ലഭിക്കുന്നത്. സമ്പൂര്‍ണ്ണരും പരിശുദ്ധരുമാണെന്ന് സ്വയം കരുതുന്നവരുടെ മുന്നില്‍ ഈ പാത തുറക്കപ്പെടുന്നില്ല. തങ്ങളുടെ പാപങ്ങളെക്കുറിച്ചു ബോധ്യമുള്ളവരും ദൈവിക കരുണയുടെ സൗന്ദര്യം കണ്ടവരുടേയും മുന്നിലാണ് അത് തുറക്കപ്പെടുക. സ്വന്തം പാപബോധം തിരിച്ചറിയുന്നവര്‍ക്കു മുന്നില്‍ വിശുദ്ധിയുടെ മാര്‍ഗം വെളിവാക്കപ്പെടുന്നത് വളരെ കൗതുകകരമാണെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
7. പ്രചോദനമാകേണ്ട ദൈവത്തിന്‍റെ
അളവറ്റ കാരുണ്യം
വളരെ ''നികൃഷ്ടയും അധമയുമായി'' സ്വയം കരുതിയ വിശുദ്ധ ത്രേസ്യ ''നമുക്ക് ചെയ്യാവുന്ന എല്ലാ തിന്മകളേക്കാളും മഹത്വമുള്ളവനാണ് ദൈവം'' എന്നറിഞ്ഞുകൊണ്ട് ദൈവിക നന്മയെ ഉള്‍ക്കൊള്ളുന്നു. നമ്മുടെ നന്ദികേടുകളെ ദൈവം ഓര്‍ത്തുവെയ്ക്കുന്നില്ല. വിശുദ്ധ പറയുകയാണ് ''ദൈവത്തെ നിന്ദിച്ച് ഞാന്‍ പരിക്ഷീണയായി. എന്നോട് പൊറുക്കുന്നത് സര്‍വ്വശക്തന്‍ മതിയാക്കിയെന്ന് എനിക്കു തോന്നി.'' വിചിത്രമായ വഴികളിലൂടെ നടന്ന് ദൈവത്തെ നിന്ദിക്കുന്നത് മടുക്കുമ്പോള്‍പോലും ദൈവം നമുക്ക് മാപ്പു നല്കാൻ മടിക്കുന്നില്ല. മാപ്പപേക്ഷിച്ച് നമുക്കുതന്നെ മടുത്തെന്നു വരാം. അവിടെയാണ് അപകടം പതിയിരിക്കുന്നത്. ഓർക്കണം..., ''അവിടുത്തെ കാരുണ്യം അളവറ്റതാണ്, അതുപോലെ തന്നെയാണ് അവിടുത്തെ ദാനങ്ങളും.''
അവ സ്വീകരിക്കാന്‍ എളിമയോടെ നമ്മുടെ ഹൃദയങ്ങള്‍ തുറക്കുന്നതില്‍ മടുപ്പ് കാണിക്കാതിരുന്നാല്‍ മാത്രം മതി. തിരുവചനങ്ങളില്‍ വിശുദ്ധയ്ക്ക് ഏറ്റവും പ്രിയങ്കരമായിരുന്നത് 89-ാം സങ്കീര്‍ത്തനമായിരുന്നു. ഒരര്‍ത്ഥത്തില്‍ അതവര്‍ തന്‍റെ ജീവിതത്തിന്‍റെ ആപ്തവാക്യമാക്കി മാറ്റി: ''ദൈവത്തിന്‍റെ കാരുണ്യത്തെ ഞാനെന്നും പാടിപ്പുകഴ്ത്തും.'' ഇങ്ങനെ വ്യക്തി എന്നും ജീവിതത്തിൽ അംഗീകരിക്കുന്നതും ഏറ്റുപറയുന്നതുമായിരിക്കണം ദൈവത്തിന്‍റെ കരുണയെന്ന് അമ്മ ത്രേസ്യാ ഉദ്ബോധിപ്പിക്കുന്നു.
8. സാഹോദര്യത്തിൽ വിരിയുന്ന പ്രാർത്ഥനാരാമം
സര്‍ഗപ്രതിഭയും കര്‍മ്മശേഷിയുമുള്ള ഒരു അസാധാരണ വനിതയായി വിശുദ്ധ ത്രേസ്യയെ മാറ്റിയത് പ്രാര്‍ത്ഥനയാണ്. താന്‍ സ്ഥാപിച്ച കന്യകാലയങ്ങളില്‍ ഒരു യാഥാര്‍ത്ഥ്യമാക്കുവാന്‍ ആഗ്രഹിച്ചിരുന്ന ഉത്തമ മാതൃകയാണ് പ്രാര്‍ത്ഥനയിലൂടെ വിശുദ്ധി കണ്ടെത്തുകയെന്നത്. ''ഇവിടെ എല്ലാവരും സഹോദരങ്ങളായിരിക്കണം, ഇവിടെ എല്ലാവരും പരസ്പരം സ്‌നേഹിക്കണം, പരസ്പരം സഹായിക്കണം'' എന്നാണ് വിശുദ്ധ ത്രേസ്യ പറഞ്ഞത്. ''ഒരു മഠത്തിലെ കലഹം ഞാന്‍ കാണുമ്പോള്‍, അല്ലെങ്കില്‍ മഠങ്ങള്‍ തമ്മിലുള്ള പൗശന്യം കാണുമ്പോള്‍, ഞാന്‍ ഇവിടെ നിന്നാണ്, ഞാന്‍ അവിടെ നിന്നാണ്, സഭ പറയുന്നത് ഞാന്‍ സ്വീകരിക്കുന്നു, ഞാന്‍ എതിര്‍ക്കുന്നു'' എന്നൊക്കെ പറയുമ്പോള്‍, ആ പാവം സ്ത്രീകള്‍ വിസ്മരിക്കുന്നു. സഭയുടെ സ്ഥാപകനെയാണ്, അവിടുന്ന് പഠിപ്പിച്ച സത്യങ്ങളെയും നാം മറക്കുകയാണ്. ഉത്ഥിതനായ ക്രിസ്തുവിന്‍റെ കൂട്ടുകാരിയും മണവാട്ടിയുമായി തന്നെ പരിഗണിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നവരാണ് ഇത് ചെയ്യുന്നത്.
9. പ്രാർത്ഥന തുറക്കുന്ന പ്രത്യാശയുടെ പാത
പ്രാര്‍ത്ഥനയിലൂടെ പ്രത്യാശയിലേക്കുള്ള വഴിതുറന്ന വിശുദ്ധയാണ് അമ്മ ത്രേസ്യ. എന്ന ചിന്തയോടെയാണ് സന്ദേശം പാപ്പാ ഉപസംഹരിക്കുന്നത്. സഭയുടെ മക്കളെന്ന നിലയില്‍ നാം ജീവിക്കുന്നത് എളുപ്പമല്ലാത്ത കഠിനമായ ഒരു കാലമാണിത്. സന്ന്യസ്തർ ദൈവത്തിന്‍റെ ശക്തരും വിശ്വസ്തരുമായ സുഹൃത്തുക്കളാകേണ്ട സമയമാണിത്. എല്ലാം തകിടം മറിയുകയാണെന്നും, വഴിതെറ്റുകയുമാണെന്നുമുള്ള ചിന്തയോടെ നിരാശയ്ക്കും അലസതയ്ക്കും വിധേയരാകാനുള്ള പ്രലോഭനമുണ്ടാകാം. ജീവന്‍ പകര്‍ന്നു നല്‍കാന്‍ ശേഷിയില്ലാത്ത ആളുകളുടെ ഊഷരമായ അശുഭാപ്തി വിശ്വാസത്തിന് നാം കീഴ്‌പ്പെടരുത്.
ഈ ചിന്തകളാല്‍ ഭയചകിതരാകുന്ന ചിലയാളുകള്‍ ചെറിയ കാര്യങ്ങളില്‍ വ്യാപൃതരാകാനും സ്വയം കൊട്ടിയടക്കാനുമുള്ള പ്രവണത കാണിച്ചേക്കാം. ചെറിയ കാര്യങ്ങളില്‍ വ്യാപൃതരാകാതെ പ്രാര്‍ത്ഥനയിലൂടെ ദൈവം മഹാത്മാവാണെന്നും, ചക്രവാള സീമകള്‍ക്കും അപ്പുറമുള്ളവനാണെന്നും, ചരിത്രത്തിന്‍റെ വിധാതാവാണെന്നും കണ്ടെത്തുക. ഇരുളടഞ്ഞ വഴികളിലൂടെ നാം സഞ്ചരിക്കേണ്ടി വന്നേക്കാം. ദൈവം കൂടെയുണ്ടെങ്കില്‍ നാം ആരെ ഭയപ്പെടണം (സങ്കീര്‍ത്തനം 23:4). നാമെല്ലാം ഉറ്റുനോക്കുന്ന നിത്യജീവിതത്തിന്‍റെ ലക്ഷ്യത്തിലേക്ക് നമ്മെ നയിക്കാന്‍ അവിടുന്ന് കൂടെയുണ്ടാകും. ദൈവത്തിന് പ്രിയപ്പെട്ടവരായതിനാല്‍ നമുക്ക് മഹത്തായ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് മനസ്സിലാക്കുക. ഏതു വെല്ലുവിളിയേയും നേരിടാന്‍ അവിടുത്തോടൊപ്പം നമുക്ക് കഴിയും. നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഉദ്ദേശ്യമായ പൂര്‍ണ്ണതയുടെ ആനന്ദമാണ് നമ്മുടെ ഹൃദയം ആഗ്രഹിക്കേണ്ടതും അവിടുത്തോടൊപ്പം യഥാര്‍ത്ഥത്തില്‍ നാം കണ്ടെത്തേണ്ടതും. ഇതിനെ സംഗ്രഹിക്കുന്ന വിശുദ്ധ ത്രേസ്യയുടെ പ്രസിദ്ധമായ പ്രാര്‍ത്ഥന നിരന്തരം ചൊല്ലുവാന്‍ സകലരേയും പാപ്പാ ക്ഷണിക്കുന്നു.
10. വിശുദ്ധ അമ്മ ത്രേസ്യയുടെ പ്രാർത്ഥന :
ഒന്നും നമ്മെ അസ്വസ്ഥരാക്കാതിരിക്കട്ടെ
ഒന്നും നമ്മെ ഭയപ്പെടുത്താതിരിക്കട്ടെ
എല്ലാം കടന്നുപോകും
ദൈവം മാത്രം അചഞ്ചലനായി നില്‍ക്കും
ക്ഷമ എല്ലായിടത്തും വ്യാപരിക്കുന്നു.
ദൈവം കൂടെയുള്ളവര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല
ദൈവം മാത്രമാണ് പരിപൂര്‍ണ്ണന്‍.
യേശു നിങ്ങളെ അനുഗ്രഹിക്കട്ടെ, കന്യകാമാതാവും വിശുദ്ധ യൗസേപ്പും നമ്മോടൊപ്പമുണ്ടാകട്ടെ. തനിക്കായി പ്രാര്‍ത്ഥിക്കാന്‍ ദയവായി മറക്കരുതേയെന്നും പാപ്പാ അഭ്യർത്ഥിച്ചു.
ഈ പരിപാടിയിലെ സംഗീതശകലങ്ങൾ സ്റ്റീഫൻ ദേവസിയുടേതാണ്.
Comments