കാഞ്ഞിരപ്പള്ളി : സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി ചുമതലയേറ്റെടുത്തതിന് ശേഷം പ്രഥമ സന്ദർശനത്തിനായി മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്ത കാഞ്ഞിരപ്പള്ളി രൂപതയിലെത്തുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം മെത്രാസന മന്ദിരത്തിലെത്തുന്ന മാർ റാഫേൽ തട്ടിലിനെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് കൂരിയ അംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും.
സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ പഴയപള്ളിയിൽ ചൊവ്വാഴ്ച്ച രാവിലെ 6.30ന് മാർ റാഫേൽ തട്ടിൽ പരിശുദ്ധ കുർബ്ബാന അർപ്പിക്കും. തീർത്ഥാടന കേന്ദ്രത്തിലെത്തുന്ന മാർ റാഫേൽ തട്ടിലിന് കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രൽ വികാരി ആർച്ച് പ്രീസ്റ്റ് വർഗ്ഗീസ് പരിന്തിരിക്കലിൻ്റെ നേതൃത്വത്തിൽ ഔദ്യോഗിക സ്വീകരണം നല്കും.
കാഞ്ഞിരപ്പള്ളി കത്തീഡ്രലിൽ നടത്തപ്പെടുന്ന രൂപതാ വൈദിക സമ്മേളനത്തിനാമുഖമായുള്ള മാസ ധ്യാനത്തിൽ മാർ റാഫേൽ തട്ടിൽ ധ്യാന ചിന്തകൾ പങ്കുവയ്ക്കുന്നതാണ്. തുടർന്ന് കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ നടത്തപ്പെടുന്ന വൈദിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കും. കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെൻ്ററിൽ ഉച്ചകഴിഞ്ഞ് 3.00 മണിക്ക് അത്മായ പ്രതിനിധികളുമായി സംവദിക്കുന്ന മാർ റാഫേൽ തട്ടിൽ 4.30 ന് നടത്തപ്പെടുന്ന സന്യസ്ത പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്ത് ആശയ വിനിമയം നടത്തുന്നതാണ്.
സീറോ മലബാർ സഭയുടെ പിതാവും തലവനുമെന്ന നിലയിൽ ആദ്യമായി കാഞ്ഞിരപ്പള്ളിയിലെത്തുന്ന മാർ റാഫേൽ തട്ടിൽ വൈദിക സന്യസ്ത അത്മായ പ്രതിനിധികളുമായുള്ള യോഗങ്ങൾക്ക് ശേഷം വൈകുന്നേരം കാക്കനാട് മൗണ്ട് സെൻ്റ് തോമസിലേക്ക് മടങ്ങും.
മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ ചൊവ്വാഴ്ച്ച രാവിലെ 6.30 ന് അർപ്പിക്കപ്പെടുന്ന പരിശുദ്ധ കുർബാനയിൽ പങ്കുചേരുന്നതിന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ , സമീപ പ്രദേശങ്ങളിലെ ഇടവകകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിശ്വാസികൾ എത്തിച്ചേരണമെന്ന് രൂപതാ കേന്ദ്രം പത്രക്കുറിപ്പിൽ അറിയിച്ചു.
Comments