ഞായറാഴ്ച ചിന്ത
കേട്ടാൽ ജീവിതമെന്തു കളർഫുൾ... കൂടും കുടുക്കയുമെടുത്ത് ഓടുന്ന ജനത്തിന്റെ കാര്യം പരമദയനീയം
റെഡ്, ഓറഞ്ച്, യെല്ലോ കേരളീയരുടെ ജീവിതം ഇപ്പോൾ കളർഫുള്ളാണെന്നു പറയാം. പക്ഷെ, സത്യമെന്താണ് ? മഴ വരുമ്പോൾ, അധികൃതർ മൈക്ക് കെട്ടി അനൗൺസ്‌മെന്റ് നടത്തും. ഏതെങ്കിലും കാലിത്തൊഴുത്ത് പോലുള്ള സർക്കാർ സ്‌കൂളിലേക്ക് എല്ലാവരെയും ആട്ടിത്തെള്ളിച്ചു കൊണ്ടുപോകും. വീട് വിട്ടിറങ്ങേണ്ടിവരുന്ന ഈ കുടുംബങ്ങളുടെ സ്ഥിതി ആരാണ് ചിന്തിക്കുന്നത് ?
കിടപ്പു രോഗികളും വൃദ്ധരുമായവരുടെ കാര്യമാണ് ഏറെ കഷ്ടം. പല ക്യാമ്പുകളിലും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യമെല്ലാം പരിമിതമായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ ദുരിതമനുഭവിക്കുന്നവരിൽ വീട്ടമ്മമാരും ഉൾപ്പെടും. ഇടുക്കി, കോട്ടയം ജില്ലകളിലെ പല പ്രദേശങ്ങളിലും, പ്രത്യേകിച്ച് കുട്ടനാട്ടിലുമുള്ള കുടുംബങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന യാതനകൾ വിവരണാതീതമാണ്. ചില രോഗികളെല്ലാം ക്യാമ്പുകളിൽ വച്ചുതന്നെ മരണമടയുന്നുണ്ട്. പത്രങ്ങളും ചാനലുകളുമെല്ലാം ഈ മരണങ്ങൾ തമസ്‌ക്കരിക്കുകയാണെന്ന പരാതിയുമുണ്ട്. ആലപ്പുഴ ജില്ലയിലെ മാന്നാറിൽ 65 കാരിയായ ലളിത കുഴഞ്ഞുവീണു മരിച്ചതും കിടപ്പുരോഗിയായ രാജപ്പനാചാരി (73) മരണമടഞ്ഞതും വലിയ വാർത്താ പ്രാധാന്യമൊന്നും നേടിയില്ല.
പൊതുപണം ചെലവഴിക്കുമ്പോൾ
ഒന്നും രണ്ടും പ്രളയങ്ങളും 2021-ലെ ഒക്‌ടോബർ മാസത്തിലെ മഴയുടെ കൂട്ടപ്പൊരിച്ചിലും ചേർന്ന് നാടാകെ വിറങ്ങലിച്ചു നിൽക്കുകയാണ്. റീബിൽഡ് കേരള എന്നെല്ലാം പറഞ്ഞുകേട്ടുവെങ്കിലും ഒന്നും സംഭവിച്ചിട്ടില്ലെന്ന് പരാതികളുമുണ്ട്. പെൻഷനുകൾ മുടങ്ങിക്കിടക്കുകയാണ്. പ്രഖ്യാപിച്ച ദുരിതാശ്വാസത്തുകകൾ പോലും ജനത്തിനു ഇതേവരെ കിട്ടിയിട്ടില്ല. കോവിഡാനന്തരകാലത്ത് പുതിയ പാർലമെന്റ് സമുച്ചയമായ 'സെൻട്രൽ വിസ്റ്റ' നിർമ്മിക്കുന്ന കേന്ദ്രസർക്കാരിനെ എതിർക്കുന്ന സി.പി.എം. ജനം ഒന്നാകെ നരകിക്കുന്ന ഈ നാളുകളിൽ കെ റെയിലിന്റെ പുറകെ പരക്കം പായുന്നത് ശരിയോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ചുരുക്കത്തിൽ കോവിഡാനന്തരകാലത്തെ നമ്മുടെ പൊതുപണം ചെലവഴിക്കലിന്റെ മുൻഗണനാക്രമം പുനർനിർണ്ണയിക്കുക തന്നെ വേണം.
കിഴക്കുദേശം കരയുമ്പോൾ
തീവ്രമഴ പെയ്തുപോയില്ലേ ? ഇനി കുഴപ്പമൊന്നുമില്ലെന്നു പറയരുത്. ഉദാഹരണത്തിന് കിഴക്കൻ മലയോരങ്ങളുടെ സ്ഥിതി നോക്കാം. ഇവിടെയുള്ള 58 പ്രധാന റോഡുകളും ഒമ്പതു പാലങ്ങളും തകർന്നു കിടക്കുന്നു. റോഡുകൾ നിർമ്മിക്കാൻ മാത്രം 48.7 കോടി രൂപ വേണമെന്ന് പൊതുമരാമത്തു വകുപ്പ് കണക്കാക്കിയിട്ടുണ്ട്. 9 പാലങ്ങൾ നിർമ്മിക്കാൻ 6.35 കോടി വേണം. തകർന്നുപോയ പഞ്ചായത്തു റോഡുകളുടെ എണ്ണം 335. ഇടുക്കി ജില്ലയിൽ മാത്രം തകർന്നുപോയ പി.ഡബ്ലിയുഡി റോഡുകൾ നന്നാക്കാൻ 55 കോടി വേണം. പീരുമേട് താലൂക്കിൽ മാത്രം 35 റോഡുകൾ തോടുകളാണിപ്പോൾ. കോട്ടയം, ഇടുക്കി ജില്ലകളിലെ ഏന്തയാർ, കൊക്കയാർ, തേൻപുഴ പാലങ്ങൾ ഉടനടി നിർമ്മിച്ചേ പറ്റൂ. റോഡുകളിലെ കുഴികളിൽ വീണ് പ്രതിവർഷം ശരാശരി 50 പേർ മരിക്കുന്ന കേരളത്തിൽ റോഡുകൾ അടിയന്തിരമായി പുനർനിർമ്മിച്ചില്ലെങ്കിൽ ഈ അനാസ്ഥയ്‌ക്ക് നാം വലിയ വിലകൊടുക്കേണ്ടിവരും.പ്രളയമായാലും ഉരുൾപൊട്ടലായാലും കേരളത്തിലെ ദുർബല വിഭാഗങ്ങളാണ് എപ്പോഴും കഷ്ടപ്പാടുകളുടെ കുത്തൊഴുക്കിൽ വീഴുന്നത്.
ദുരന്തബാധിതർക്കുള്ള ധനസഹായം 100 മണിക്കൂറിനുള്ളിൽ നൽകുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് ഒക്‌ടോബർ 28 നാണ്. എന്നാൽ 2020 ആഗസ്റ്റ് 6നുണ്ടായ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവർ 66 പേരാണെങ്കിലും 5 ലക്ഷം വീതമുള്ള ആശ്വാസ ധനം ഇതുവരെ ലഭിച്ചത് 46 പേർക്കു മാത്രമാണെന്ന കാര്യം മുഖ്യമന്ത്രി മറന്നതാണോ ? കവളപ്പാറ ദുരന്തത്തിലും (59 മരണം ) പുത്തുമല ദുരന്തത്തിലും (12 മരണം) പെട്ട കുടുംബങ്ങളുടെ പുനരധിവാസം ഇനിയും എങ്ങുമെത്തിയിട്ടില്ല. ഈ വർഷം പ്രകൃതി ദുരന്തങ്ങളിൽ മരിച്ചവർ 60 പേരാണ്. ഇതുവരെ നഷ്ടപരിഹാരവിതരണം തുടങ്ങിയിട്ടില്ല. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്നു മുഖ്യമന്ത്രി ഒരിക്കൽ പറഞ്ഞിരുന്നു. അതെല്ലാം ഉദ്യോഗസ്ഥന്മാർ മറന്നമട്ടാണ്.
ആന്റണി ചടയംമുറി
Comments