Foto

കോവിഡാനന്തരകാലത്തെ ആത്മീയത?

✍️ഫാ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ
       (KCBC മീഡിയ കമ്മീഷൻ  സെക്രട്ടറി)

            'Let Us Dream: The Path to a Better Future' എന്ന ഫ്രാന്‍സിസ് പാപ്പയുടെ ഏറ്റവും പുതിയ പുസ്തകം കോവിഡ് മഹാവ്യാധിയുടെ കാലത്തെ ചിന്തകളുടെ ശേഖരമാണ്. കോവിഡ് എന്ന രോഗത്തെ ഏകാന്തതയും വ്യാകുലതയും നിറയുന്ന കാലമായി കരുതി, ജീവിതത്തെ ആകമാനം പരിശോധിക്കുകയാണ് പാപ്പാ. ഇക്കാലത്ത് എല്ലാവരും ചോദിക്കുന്നു. കോവിഡിനുശേഷമുള്ള സാമ്പത്തിക വ്യവസ്ഥ എന്താകും? വിദ്യാഭ്യാസ സമ്പ്രദായം എങ്ങനെയായിരിക്കണം? മതം? സഭ? എല്ലാ കോവിഡാനുഭവങ്ങള്‍ക്കും ശേഷമുണ്ടാകുന്ന അനുഭവമാണ് ക്രിസ്തു. അങ്ങനെയെങ്കില്‍ ഇപ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങളോ? സഹനപര്‍വ്വങ്ങളിലൂടെ മനുഷ്യന്‍ വളരുന്നതങ്ങനെയാണ്. പരിണാമത്തിനു തയ്യാറാകുക എന്നതാണ് പുതുവര്‍ഷം പറയാന്‍ പോകുന്നത്. ഏതു തരം പരിണാമം? പഠിച്ചിട്ടും പഠിച്ചിട്ടും പൂര്‍ത്തിയാക്കാത്ത ക്രിസ്തുവിനെക്കുറിച്ച് പുതിയൊരു പാഠത്തിലെത്തുന്ന പരിണാമസഞ്ചാരത്തിലെ ചാലകശക്തിയാണ് ഫ്രാന്‍സിസ് എന്ന  വലിയ മുക്കുവന്‍. പുതിയ കാലത്തിലെ മനുഷ്യസഞ്ചാരത്തെ ഇത്ര മനോഹരമായി മനസ്സിലാക്കിയ ഒരു മനുഷ്യന്‍ വേറെയില്ല. അദ്ദേഹത്തിന്‍റെ വാക്കുകള്‍ മനുഷ്യന്‍റെ മതബോധത്തെ നവീകരിക്കും, ക്രിസ്ത്യാനിയുടെ മാത്രമല്ല, കത്തോലിക്കന്‍റെ മാത്രമല്ല, സകല മനുഷ്യന്‍റെയും സാംസ്കാരിക-ആത്മീയ ഭാവത്തെ നിര്‍ണ്ണയിക്കാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ജീവിതവും സന്ദേശവും വഴിയൊരുക്കും.

ശൂന്യമായ വാക്കുകളല്ല ജീവനുള്ളവയാണാവശ്യം

            സെമിനാരിയില്‍ രണ്ടാം വര്‍ഷം പഠിക്കുന്ന കാലത്തെ അനുഭവം ഫ്രാന്‍സിസ് പാപ്പ പറയുന്നു. "വേദനയുടെയും ഏകാന്തതയുടെയും ആദ്യാനുഭവം അന്നാണ്. ജീവിതദര്‍ശനം മാറ്റിയ സംഭവം. ജീവിക്കുമെന്നോ മരിക്കുമെന്നോ അറിയാതെ മാസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞു. ഡോക്ടര്‍ക്കും അറിയില്ല. അമ്മയെ കെട്ടിപ്പിടിച്ച് ഞാന്‍ ചോദിച്ചു, 'ഞാന്‍ മരിക്കുമെങ്കില്‍ അതെന്നോട് പറയുക'. മൂന്ന് മാസത്തിനുശേഷം ശ്വാസകോശത്തിനു ഗൗരവമായ ശസ്ത്രക്രിയ നടത്തി. വെന്‍റിലേറ്ററില്‍ കോവിഡ് രോഗികള്‍ ശ്വാസത്തിനായി മല്ലിടുന്നത് ഇപ്പോള്‍ എനിക്ക് മനസിലാകുന്നുണ്ട്". അവിടെ ഒരു സിസ്റ്റര്‍ ഉണ്ടായിരുന്നു, സിസ്റ്റര്‍ കൊര്‍ണേലിയ കരാലിയോ. ആശുപത്രിയിലെ അനുഭവപരിചയത്താല്‍ അവര്‍ മരുന്നിന്‍റെ അളവ് കൂട്ടി നല്കി. അങ്ങനെയാണ് അസുഖം ഭേദപ്പെട്ട് തുടങ്ങിയത്. ശൂന്യമായ വാക്കുകളുടെ അര്‍ത്ഥം അന്ന് മനസ്സിലാക്കിയതാണ്. 'എല്ലാം ശരിയാകും'. ശരിയാക്കാനുള്ള പ്രവര്‍ത്തിയോ പിന്തുണയോ അതിനു പിറകില്‍ ഇല്ലെങ്കില്‍ ഈ വാക്കുകള്‍ക്ക് എന്തര്‍ത്ഥമാണുള്ളത്? സിസ്റ്ററിന്‍റെ വാക്കുകള്‍ ജീവനുള്ളതായിരുന്നു. അതില്‍ ജീവന്‍ പകരാനുള്ള പ്രവര്‍ത്തിയുടെ തുടര്‍ച്ചയും ചേര്‍ത്തു വച്ചിരുന്നു. ആളുകളോടൊപ്പമിരിക്കാനും ചുരുങ്ങിയ വാക്കുകള്‍ പറയാനും ആ സന്ന്യാസിനിയില്‍നിന്നാണ് ഫ്രാന്‍സിസ് പാപ്പ പഠിച്ചത്. ഒരു ജെസ്വൂട്ട് പുരോഹിതനാകാന്‍ തീരുമാനിച്ചത് ഈ അനുഭവത്തിന് ശേഷമാണ്.

            ആചാരങ്ങളില്‍ മാത്രം അഭിരമിക്കുകയും, അത്തരം പെരുങ്കളിയാട്ടങ്ങള്‍ക്കപ്പുറം കഥയും അര്‍ത്ഥവും മറന്നു പോവുകയും, പിന്നീട് കമ്പോളസമാനമായ ലാഭമോഹങ്ങളാല്‍ കണക്കെടുക്കാന്‍ താല്‍പര്യപ്പെടുകയും ചെയ്യുന്നിടമായി മതരൂപത്തെ ചിലര്‍ അവതരിപ്പിക്കുന്നു, മറ്റു ചിലര്‍ ആഘോഷിക്കുന്നു. അതിലും തൃപ്തരല്ലാത്തവര്‍ ചുറ്റിലും കറുത്ത തുണിവിരിച്ച് സ്വന്തം മതരൂപങ്ങളെ സംരക്ഷിക്കുകയും അപരന്‍റെ സ്വാതന്ത്ര്യത്തിലേക്കും ജീവനിലേക്കും കത്തിയാഴ്ത്തുകയും ബോംബ് പൊട്ടിക്കുകയും ചിലപ്പോഴൊക്കെ നിറയൊഴിക്കുകയും ചെയ്ത് മതം തെരുവില്‍ കോളാമ്പികെട്ടി പടര്‍ത്തുന്നു. ഇത്തരത്തില്‍ മതങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അത്തരം പ്രചരണങ്ങളാല്‍ മതാത്മകത അവതരിപ്പിക്കുന്നവര്‍ക്കും ഫ്രാന്‍സിസ് പാപ്പ കോവിഡാനന്തരകാലത്തെ തിരുത്തല്‍ ശക്തിയാണ്. ദിക്കുകള്‍തോറും മാറ്റൊലിക്കൊള്ളുന്ന ശൂന്യപദങ്ങള്‍ക്ക് പുതുവര്‍ഷത്തില്‍ പ്രസക്തി നഷ്ടമാകും. പക്ഷെ സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പേ ഉയര്‍ന്ന 'എന്‍റെ ദൈവമെ എന്‍റെ ദൈവമെ എന്നെ കൈവിട്ടതെന്തേ'? 'നിന്‍റെ ഇഷ്ടം നിറവേറട്ടെ'യെന്ന നിലവിളിക്ക് പ്രസക്തി വര്‍ദ്ധിക്കും. കര്‍ഷകന്‍റെ പ്രതിരോധത്തിന്, ദളിതന്‍റെ കണ്ണീരിന്, അഭയാര്‍ത്ഥികളുടെ ചങ്കിടിപ്പിന്, സ്വവര്‍ഗ്ഗാനുരാഗിയുടെ ജൈവവിശേഷത്തിന് ഒക്കെ ആത്മീയതയുടെ സ്പര്‍ശം ആവശ്യമാണെന്ന് വിളിച്ചുപറയുന്ന അര്‍ജന്‍റീനക്കാരന്‍ പുതിയ കാലത്തിലെ മനുഷ്യനാണ്. എല്ലായിടത്തും പലവിധത്തില്‍ കൊല്ലപ്പെടുന്നവര്‍ക്കുവേണ്ടി അദ്ദേഹം നിലവിളിക്കുന്നു. "I Cannot stay silent over 30 to 40 million unborn lives cast aside every year through abortion'' (let us dream). പിറക്കാതെ പോകുന്ന ജീവിതങ്ങളെയോര്‍ത്ത് വിലപിക്കുന്നതും ഈ പുതുലോകമനുഷ്യന്‍ തന്നെ.

            'ഫ്രത്തേല്ലി തൂത്തി' (Fratelli Tutti) എന്ന പുതിയ ചാക്രികലേഖനം ഇന്നത്തെ കാലത്തിനു ലഭ്യമായ മികച്ച സാമൂഹ്യപ്രബോധനമാകുന്നതോടൊപ്പം പുതിയ ലോകത്തെ രാഷ്ട്രീയവും സമ്പത്തും അധികാരവും ജനതയും മനുഷ്യനും കലരുന്ന ജീവിതാവസ്ഥയുടെ പുതിയകാല ദര്‍ശനം കൂടിയാണ്. 'ഏവരും സഹോദരര്‍' എന്ന് ഇത്രകാലം പറഞ്ഞതിന്‍റെ പുതുപുത്തന്‍ വ്യാഖ്യാനമാണ് ഈ എഴുത്ത്. പ്രത്യാശാഭരിതവും സാഹോദര്യസങ്കല്പങ്ങളാല്‍ ദീപ്തവുമായി മനുഷ്യജീവിതാവസ്ഥയ്ക്കുവേണ്ടിയുള്ള പ്രമാണമാണിത്. "A realistic and inclusive social covenent must be a 'Cultural Covenent', one that respects and acknowledges that different world views, cultures, and life style that coexists in society (no. 219). സാഹോദര്യവും സാമൂഹ്യസൗഹാര്‍ദ്ദവുമാണ് നീതിയും സമാധാനവുമുള്ള ലോകത്തിന്‍റെ നിര്‍മിതിക്കാവശ്യമെന്ന് ഫ്രത്തേല്ലി തൂത്തി പഠിപ്പിക്കുന്നു. ഇതിനാണ് 'നല്ല രാഷ്ട്രീയത്തിന്‍റെ' ആഗോളീകരണത്തെക്കുറിച്ച് ചിന്തിക്കുന്നത്. ആഗോള കുത്തകകള്‍ സമൂല ഉല്പാദനത്തിന്‍റെയും വിതരണത്തിന്‍റെയും അധികാരം ഏറ്റെടുക്കുന്നതിനെതിരായി വികാരമുണ്ടാകുന്നത് ആത്മീയാവശ്യമാണെന്ന് പറയാന്‍ ധൈര്യമുള്ള മനുഷ്യന്‍റെ പേരാണ് ഫ്രാന്‍സിസ് പാപ്പാ. ഗ്ലോബല്‍ വാല്യു ചെയിന്‍ (GVC) എന്ന സങ്കല്‍പ്പം മഹാവ്യാധികളുടെ കാലത്ത് പരാജയമാണെന്ന് ഇപ്പോള്‍ ബോധ്യമായി. റീജണല്‍ വാല്യു ചെയിനുകളിലൂടെ, geostrategic criteria അടിസ്ഥാനമാകണമെന്ന് ലോകം ചിന്തിക്കുന്നു. പഞ്ചാബിലെയും ഹരിയാനയിലെയും യു.പി.യിലെയും കര്‍ഷകര്‍ ശീതകാല വെല്ലുവിളികളെ നേരിട്ട് ഇന്ദ്രപ്രസ്ഥത്തില്‍ സമരം ചെയ്യുന്നത് നാം കണ്ടു. ഇത് കര്‍ഷകന്‍റെ ഇന്ത്യ ആണോ എന്ന് അവര്‍ വാദിക്കുന്നു. യേസ് അല്ലെങ്കില്‍ നോ എന്ന് ഉത്തരം പറയാനാകാതെ,  ഒരുമിച്ച് ഒരു ചായ പോലും കുടിക്കാനാകാതെ ഭരണകൂടം കര്‍ഷകനെ തീവ്രവാദിയെന്നു വിളിച്ച് സ്വയം ചെറുതാകുന്ന കാഴ്ച, പൂര്‍ണ്ണമായും ഇനിയും വിലയ്ക്കെടുക്കപ്പെടാത്ത ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇതെഴുതുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാവരും ഭക്ഷണം കഴിച്ചോ?

            ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരും ഭക്ഷണം കഴിച്ചോ? ഈ ചോദ്യം ചോദിക്കേണ്ടത് ആരാണ്?  ഭക്ഷണത്തിന്‍റെ പേരില്‍ കൊലപാതകം നടക്കുന്ന നാടാണ് ഇന്ത്യ. ചില പ്രത്യേക ഭക്ഷണം വിളമ്പിയെന്നതിന്‍റെ പേരില്‍ കലാപം സൃഷ്ടിക്കുന്ന മതവിഭാഗങ്ങള്‍ ഈ ഉത്തരാധുനികയുഗത്തിലും നമ്മുടെ കേരളത്തില്‍ പോലുമുണ്ട്. "വല്ലതും കഴിച്ചോ? കഴിക്കാന്‍ നിങ്ങളുടെ പക്കല്‍ എന്തുണ്ട്?" ഇങ്ങനെ ചോദിച്ച ദൈവപുത്രന്‍ മനുഷ്യരാശിയുടെ ആത്മീയതയും മതവും പുനര്‍മൂല്യനിര്‍ണ്ണയം ചെയ്യുന്നു. കലാപങ്ങളിലൂടെയും കൊലപാതകങ്ങളിലൂടെയും മതം പറയുന്നത് കോവിഡാനന്തരലോകം കഠിനമായി തള്ളിപ്പറയും. വെറുപ്പിന്‍റെ മതരാഷ്ട്രീയമല്ല മനുഷ്യനാവശ്യം. 2019 ലെ ഭക്ഷ്യദിന സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞത് ശ്രദ്ധേയമാണ്. "It is cruel, unjust and paradoxical reality that, today, there is food for everyone and yet not everyone has access to it, and that in some areas of the world food is wasted, discarded and consumed in excess''. ഭക്ഷണം പാഴാക്കുന്നതിന്‍റെ വാര്‍ഷിക കണക്കെടുത്തപ്പോള്‍ യു.എ.ഇ.യില്‍ ഒരാള്‍ ശരാശരി 197 കിലോയും, യൂറോപ്പില്‍ 95 കിലോയും പാഴാക്കുന്നു. 700 മില്ല്യണ്‍ ആളുകള്‍ അമിതഭാരത്തിലും 820 മില്ല്യണ്‍ ആളുകള്‍ പട്ടിണിയിലും കഴിയുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ 2019 ലെ ഭക്ഷ്യദിന സന്ദേശത്തില്‍ താരതമ്യപ്പെടുത്തി.

            വിശക്കുന്നവന്‍റെ മുന്‍പില്‍ ദൈവം അപ്പത്തിന്‍റെ രൂപത്തില്‍ പ്രത്യക്ഷനാകുമെന്ന് നാം പ്രസംഗിക്കുന്നു. ദൈവപുത്രന്‍ തന്‍റെ സാന്നിധ്യം ഈ ഭൂമിയിലെ ഏറ്റവും പവിത്രമായ ആരാധനയിലൂടെ തുടരുന്നത് അപ്പത്തിന്‍റെ രൂപത്തിലാണ്. അഞ്ചപ്പം അയ്യായിരത്തിലധികം ആളുകളിലേക്ക് വ്യാപിക്കുന്നതിന്‍റെ അടയാളങ്ങള്‍ നമ്മുടെ നാട്ടിലും ധാരാളം വര്‍ദ്ധിക്കുന്നുവെന്നത് പുതുപുലരിയെ പ്രതീക്ഷയോടെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നു. 2020 ല്‍ കോവിഡ് വ്യാധിയുടെ ആദ്യ നാലുമാസം മാത്രം പട്ടിണിമൂലം 3.7 മില്ല്യണ്‍ ആളുകള്‍ മരിച്ചത്  'Let Us Dream'  എന്ന ഗ്രന്ഥത്തില്‍ പാപ്പ ഓര്‍മ്മിച്ചെടുക്കുന്നു. ഇത് മഹാവ്യാധിയിലൂടെയും മറ്റ് പ്രശ്നങ്ങളാലും തകര്‍ന്നു പോകുന്നവരെ ലോകം ഗൗരവമായി പരിഗണിക്കണമെന്ന് ഓര്‍മ്മപ്പെടുത്താനാണ്. പട്ടിണിയും അക്രമവും കാലാവസ്ഥാവ്യതിയാനവും നിഗൂഢമായ മഹാമാരികളാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെല്ലായിടത്തും വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്കാന്‍ കടല്‍കടന്ന് സഞ്ചരിച്ച മിഷനറിമാരുടെ കഥ പഴയകാലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ഇന്നും ഇത്തരം സഹായം ക്രിസ്ത്യന്‍ മിഷനറിമാര്‍ നിര്‍വ്വഹിക്കുന്നു. എന്തിന് ഉത്തരേന്ത്യന്‍ ഇടങ്ങളില്‍ കേരളത്തിലെ എത്രയോ മിഷനറി സന്ന്യാസിനിസന്ന്യാസികള്‍ ഇത്തരം കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നു. പള്ളിയുടെ ഭരണം പിടിച്ചെടുക്കാനും അധികാരത്തിന്‍റെ ആനുകൂല്യത്താല്‍ മരിച്ചവനുള്ള നീതി നിഷേധിക്കാനും കേരളത്തിലെ ക്രൈസ്തവ സമൂഹങ്ങളില്‍ ചിലര്‍ മല്‍സരിക്കുമ്പോള്‍ നാം എന്ത് സന്ദേശമാണ് ഈ ജനതയ്ക്ക് നല്കുന്നത്? ഇത്തരം തെരുവ് യുദ്ധങ്ങളില്‍ ക്രിസ്തുവിന് എന്ത് പങ്കാണുള്ളത്? ഇതായിരുന്നോ ഇത്രയും കാലം ക്രിസ്ത്യാനികള്‍ ഈ നാടിന് നല്കിയ സംഭാവനകളുടെ തുടര്‍ച്ചയായി ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ടത്?

നല്ല ഇടയന്‍റെ മതം: കാരുണ്യം

വത്തിക്കാനില്‍ കാരുണ്യവര്‍ഷത്തിന്‍റെ സമാപനബലിയില്‍ ഫ്രാന്‍സിസ് പാപ്പ നല്കിയ സന്ദേശം സഭയുടെ എക്കാലത്തെയും സ്വഭാവം വ്യക്തമാക്കുന്നതായിരുന്നു. നല്ല ഇടയന്‍റെ സ്വഭാവമാണത്. ''For the flock he is a shepherd, not an inspector, and he devotes himself to the mission not fifty or sixty percent, but with all he has''.നിയമങ്ങളുടെ പരിപാലനത്തില്‍ ഒരു വാതില്‍പോലും കാരുണ്യപൂര്‍വ്വം തുറക്കാതെ കഴിയുന്ന മതനിയമങ്ങളും ആചാരങ്ങളും ഇന്നും ലോകത്തിലുണ്ട്. ഇവിടെയാണ് ഈ ആചാര്യന്‍റെ വാക്കുകള്‍ പ്രസക്തമായി തുടരുന്നത്. ''Not only does he keep his doors open, but he also goes to seek out those who no longer wish to enter them''. വിശാലമായി തുറന്നിട്ട വാതിലുമായി കാത്തിരിക്കുന്ന ഇടയന്‍റെ ആലയമാണ് ദൈവാലയം. ക്രിസ്തുവിനെപ്പോലെ ഇത്ര സുന്ദരമായി മനുഷ്യലോകത്തെ കാത്തിരിക്കാന്‍ കഴിയുന്ന മറ്റൊരു ആത്മീയ ഇടം കോവിഡാനന്തരകാലത്തും മനുഷ്യനു മറ്റൊന്നില്ല. പുതിയ വര്‍ഷം എല്ലാ മതങ്ങളുടെയും ആത്മീയത ഇത്തരമൊരു വഴിയെ സഞ്ചരിക്കണം.

            പുതിയ പുസ്തകത്തിലും ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ച സമീപനം നല്ല ഇടയന്‍റേതാണ്. ലോകത്തിലെ എല്ലാ സംഭവവികാസങ്ങളും നല്ല ഇടയന്‍റെ കണ്ണിലൂടെ കാണുക. സങ്കുചിത മനസ്സ് മാറ്റിനിര്‍ത്തി വിശാലമായ ചിന്തകളിലൂടെ കടന്നുപോകാന്‍ ആത്മീയ നേതൃത്വം തയ്യാറാകണമെന്ന് എല്ലായിടത്തും അദ്ദേഹം ആവശ്യപ്പെടുന്നു. നല്ല ഇടയനായ യേശുക്രിസ്തുവിന്‍റെ വഴിയാണ് മതവും ആത്മീയതയും, അതു കാരുണ്യത്തിന്‍റേതാണ് (യോഹ. 10:11,14). നല്ല ഇടയനും കവാടവും ഒരാള്‍ തന്നെയാകുന്ന കാവ്യാത്മകമായ ദര്‍ശനമാണ് ക്രിസ്തുവിനെ അനുഗമിക്കുന്നവരുടെ ശക്തി. ആത്മാക്കളുടെ സംരക്ഷകനായ (1 പത്രോ. 2:25) ഇടയനിലാണ് നാം പ്രതീക്ഷയര്‍പ്പിക്കുന്നത്. 15 മാസത്തെ ഇടവേളയ്ക്ക് ശേഷം നല്ല ഇടയനായ മാര്‍പാപ്പ തിരഞ്ഞെടുത്ത ആദ്യത്തെ അന്തര്‍ദേശീയ സന്ദര്‍ശനം ഇറാഖിലേക്കാണ്. 2021 മാര്‍ച്ച് 5 മുതല്‍ 8 വരെ അദ്ദേഹം ബാഗ്ദാദ്, ഊര്‍, മൊസൂള്‍ തുടങ്ങിയ മുറിവുണങ്ങാത്ത നഗരങ്ങള്‍ സന്ദര്‍ശിക്കും.

പടരുന്ന വേരുകള്‍

            അടിസ്ഥാനപരമായ ചോദ്യങ്ങളാല്‍ യഥാര്‍ത്ഥ സത്തയെ കണ്ടെത്തുന്ന കാലമാണ് കോവിഡ് മനുഷ്യന് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ജീവനും അതിന്‍റെ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് എല്ലാറ്റിന്‍റെയും മൂല്യം നിര്‍ണ്ണയിക്കപ്പെടുന്നത്. അടിസ്ഥാനമൂല്യം നിര്‍ണ്ണയിക്കുന്ന ശക്തിയാണ് ആത്മീയത. "The pandemic poses fundamental questions about happiness in our lives and about the treasure of one Christian faith'' (Being Christians in the Corona virus crisis, Ed. Cardinal Walter Kasper & Fr. George Augustin). നമ്മുടെ ആഴത്തിലുള്ള വേരുകള്‍ കണ്ടെത്താന്‍ മഹാവ്യാധിയുടെ കാലം കാരണമാകുന്നു. മഹായുദ്ധങ്ങളും വ്യാധികളും സംഘര്‍ഷഭരിതമായ വ്യഥകളും മനുഷ്യനെ അവനവനിലേക്കും മനുഷ്യജീവിതാര്‍ത്ഥങ്ങളിലേക്കും സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ 'സാല്‍വിഫിച്ചി ദൊളോറിസ്' (Salvifici Doloris) ഇത്തരം വേദനകളുടെ രക്ഷാകരവഴി വരച്ചു കാട്ടുന്നു. ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ മനുഷ്യവംശത്തിന്‍റെ ആത്മീയവ്യഥകള്‍ക്ക് ദൈവിക സാന്ത്വനം പകരുന്നതാണ്. പാവപ്പെട്ടവരുടെയും ഭൂമിയുടെയും കരച്ചില്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കാന്‍  ഈ കാലഘട്ടത്തിന്‍റെ ആത്മീയാചാര്യന്‍ ആവശ്യപ്പെടുന്നത് പുതുയുഗത്തിന്‍റെ പ്രവചനസ്വരമാണ്. അര്‍ജന്‍റീനയിലെ ജീവിതം അദ്ദേഹത്തെ അതിന് ഏറെ സഹായിച്ചു. ഫ്രാന്‍സിസ് പാപ്പ പ്രധാനാചാര്യശുശ്രൂഷ  ആരംഭിച്ചതു മുതല്‍ എത്രയോ ആയിരങ്ങളാണ് സഭാജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഫുട്ബോള്‍ ഇതിഹാസം മറഡോണ ഒരുദാഹരണം മാത്രം. പുതിയ പ്രതീക്ഷകളും പുതിയ ഐക്യദാര്‍ഢ്യവും പുതുപുലരിയുടെ മന്ത്രമായി മാറുകയാണ് ഇദ്ദേഹത്തിലൂടെ.

പുതിയ കാലത്തിലെ മനുഷ്യന്‍ ആരാണ്?

            ജീവിതത്തിലെ സ്വഭാവികവും നൈസര്‍ഗ്ഗികവുമായ നിമിഷങ്ങള്‍ക്ക് ദൈവശാസ്ത്രദര്‍ശനം സിദ്ധിക്കുകയാണ് പോപ് ഫ്രാന്‍സിസിലൂടെ. അസീസിയിലെ ഫ്രാന്‍സിസിന്‍റെ ദര്‍ശനം നമ്മുടെ കാലത്തോട് ചേര്‍ത്തു വായിക്കാന്‍ കഴിയുന്നു. 'ഫ്രത്തേല്ലി തൂത്തി'യിലും 'ലൗദാത്തോ സി' യിലും ഈ ദര്‍ശനം ആഴത്തില്‍ വായിച്ചറിയാം. സ്നേഹത്തിന്‍റെ സാന്നിധ്യത്തില്‍ ദൈവസാന്നിധ്യം മഹത്തായ മിസ്റ്റിക് അനുഭവമുള്ള മനുഷ്യജീവിതത്തിന്‍റെ അനുദിനവ്യാപാരങ്ങളിലേക്ക് തുറന്നു വിടുകയാണ് പാപ്പ (1 യോഹ. 4:16).  പുതുമകള്‍ക്ക് വേരോട്ടം വര്‍ദ്ധിപ്പിക്കണമെന്ന് തെറ്റിദ്ധരിച്ചിരുന്ന മാനവരാശിയെ കോവിഡ് 19 വഴിമാറി ചിന്തിക്കാന്‍ പഠിപ്പിക്കുന്നു. നിലനില്‍ക്കുന്ന സാങ്കേതികതകളെ പരിപോഷിപ്പിക്കുക മാത്രമാണാവശ്യം എന്നു കരുതിയത് തെറ്റി. It is my desire that, in this time, by acknowledging the dignity of each human person, we can contribute to the rebirth of a universal aspiration to fraternity. Fraternity between all men and women' (Fratelli Tutti no. 8). മാനവസൗഹൃദത്തിന്‍റെ സുവിശേഷമാണ് ക്രിസ്തുമതത്തിന്‍റെ സന്ദേശം. തീവ്രവാദനിലപാടുകള്‍ മതത്തെയും ആചാരങ്ങളെയും 'ഹൈജാക്' ചെയ്യുന്നതിന്‍റെയും ചെയ്തതിന്‍റെയും കടുത്ത ദോഷം നാം വിവിധ ഇടങ്ങളിലും സമൂഹങ്ങളിലും കാണുന്നുണ്ട്. അത്തരമൊരു വിധി ക്രൈസ്തവദര്‍ശനത്തിനു വന്നു ഭവിക്കാതിരിക്കാന്‍ കരുതലുണ്ടാകണം. അതിതീവ്ര നിലപാടുകള്‍ മതത്തെ സങ്കുചിത താല്പര്യങ്ങളിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയാണ്. അത് അനുവദിക്കരുതെന്ന് നിര്‍ബന്ധമുള്ളവരില്‍ ഒന്നാമന്‍ ഫ്രാന്‍സിസ് പാപ്പയാണ്. സാഹോദര്യത്തിന്‍റെ ആഘോഷമാണ് ക്രിസ്തുമതം. ക്രിസ്തു എല്ലാവരുടേതുമാണ്, എല്ലാവര്‍ക്കുമുള്ളതാണ് എന്ന് എക്കാലവും നമുക്കറിയാം. പുതിയ കാലം ഇത്തരം നന്മ നിറഞ്ഞ സങ്കല്പങ്ങളിലൂടെ മാത്രമേ ആത്മീയതയും മതവും മനസ്സിലാക്കൂ. അല്ലാത്തവയെ തിരസ്ക്കരിക്കും. തീവ്രവാദികളുടെ മതസങ്കല്പങ്ങള്‍ക്ക് അധികം ആയുസ്സുണ്ടാവില്ല.

            ഫ്രാന്‍സിസ് പാപ്പയുടെ ചിന്തകളിലൂടെ പുതുകാലത്തെ മനുഷ്യനെയും മതസങ്കല്പത്തെയും ആത്മീയതയെയും വായിച്ചെടുക്കാന്‍ ശ്രമിക്കാം. പുതിയ കാലത്തെ മനുഷ്യന്‍റെ വാക്കുകള്‍ അദ്ദേഹത്തിലുണ്ട്. മനുഷ്യനെ അവന്‍റെ എല്ലാവിധ വ്യാപാരങ്ങളോടുകൂടെയും അറിയുകയും നല്ല ഇടയനെപ്പോലെ പിന്‍തുടരുകയും ചെയ്യുന്ന ഫ്രാന്‍സിസ് പാപ്പയുടെ ദര്‍ശനമാണ് കോവിഡാനന്തര ലോകത്തിനാവശ്യം.     

വി. യൗസേഫിന്‍റെ വര്‍ഷം: സാധാരണക്കാര്‍ക്കുവേണ്ടി ഒരു അസാധാരണ ആചരണം

            കോവിഡാനന്തരകാലത്തെ ആത്മീയതയ്ക്ക് മികച്ച ദര്‍ശനം ഫ്രാന്‍സിസ് പാപ്പാ നല്കുന്നതിന്‍റെ മറ്റൊരു ഉദാഹരണമാണ് 2021 നെ വി. യൗസേഫിന്‍റെ വര്‍ഷമായി പ്രഖ്യാപിച്ചത്. പാത്രിസ് കോര്‍ദെ (Patris Corde) എന്ന അപ്പസ്തോലിക തിരുവെഴുത്തിലൂടെ 2021 ഡിസംബര്‍ 8 വരെ യൗസേപ്പിതാവിനായി സമര്‍പ്പിക്കുന്നു. പാത്രിസ് കോര്‍ദെ എന്നാല്‍ 'പിതാവിന്‍റെ ഹൃദയത്തോട് കൂടെ' എന്നര്‍ത്ഥം. കരുതലും സ്നേഹവും ആര്‍ദ്രതയും പുലര്‍ത്തിയ ദൈവത്തോട് വിശ്വസ്തനും ധൈര്യശാലിയും അധ്വാനിയുമായിരുന്ന പിതാവായിരുന്നു വി. യൗസേഫ്. നിഴലില്‍ നിലനിന്ന വ്യക്തി. ഇങ്ങനെയാണ് യൗസേഫ് പിതാവിനെ മാര്‍പാപ്പാ അവതരിപ്പിക്കുന്നത്. ആഗോളസഭയുടെ രക്ഷാധികാരിയായി വി. യൗസേഫിനെ പീയൂസ് 17-ാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചതിന്‍റെ 150-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ പ്രഖ്യാപനം.

            കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം. കാരണം വെള്ളിവെളിച്ചത്തില്‍നിന്നും അകലെ നില്‍ക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന കാലമാണ് ഇത്. അവരുടെ ക്ഷമയും അധ്വാനവും മഹാവ്യാധിയുടെ കാലത്ത് മനുഷ്യനു പ്രത്യാശ പകരുന്നു. ഇത്തരത്തില്‍ അവരെല്ലാം വി. യൗസേപ്പിന്‍റെ ജീവിതത്തോട് സാമ്യം പുലര്‍ത്തുന്നു. രക്ഷാകര ചരിത്രത്തില്‍ പകരം വയ്ക്കാനാകാത്ത സാന്നിധ്യമായിരുന്നിട്ടും ആരാലും ആഘോഷിക്കപ്പെടാതെപോയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്. ഉപാധികളില്ലാതെ പരിശുദ്ധ മറിയത്തെ സ്വീകരിച്ചതിലൂടെ ദൈവിക പദ്ധതിയുടെ ഭാഗമായി മാറി. പ്രതിസന്ധികളെ നേരിട്ടപ്പോള്‍ ക്രിയാത്മകമായ ധൈര്യം പ്രകടിപ്പിച്ചവന്‍ എന്ന് പാത്രിസ് കോര്‍ദെ യൗസേപ്പിതാവിനെ വിശേഷിപ്പിക്കുന്നു. കോവിഡ് കാലം ഇത്തരം ക്രിയാത്മക ധൈര്യം പ്രകടിപ്പിച്ചവരുടെ പേരില്‍ അറിയപ്പെടും. കോവിഡാനന്തര ആത്മീയതയുടെ മാര്‍ഗ്ഗദര്‍ശികള്‍ ഇത്തരം ആളുകളായിരിക്കും. പുതിയ വര്‍ഷം നമുക്ക് നല്കുന്ന ധൈര്യം ഇത്തരം ക്രിയാത്മകമായ ആത്മീയതയുടേതാണ്. കുടുംബത്തില്‍ സംഭവിച്ച പ്രതിസന്ധിയെ നസ്രത്തിലെ മരപ്പണിക്കാരന്‍ അതിജീവിച്ച രീതി അനുകരണീയമാണ്. അധ്വാനത്തിന്‍റെ ആനന്ദവും മൂല്യവും പഠിപ്പിച്ച യൗസേപ്പിതാവിനെ ഫ്രാന്‍സിസ് പാപ്പാ അവതരിപ്പിക്കുന്നു.

            വാക്കുകളുടെ മൂര്‍ച്ചകൂട്ടി ചുറ്റുമുള്ള മനുഷ്യരെയും അവരുടെ ജീവിതങ്ങളെയും അപഹസിക്കുന്നത് എത്ര അപക്വമാണെന്ന് നമ്മള്‍ തിരിച്ചറിയണം. ധ്യാനപ്രസംഗവേദിയില്‍നിന്ന് രൂക്ഷമായ വിമര്‍ശനം നടത്തുന്നത് സത്യവിരുദ്ധവും നന്മയില്ലാത്തതുമാണെന്ന് ചിലരെങ്കിലും മനസ്സിലാക്കണം. മനുഷ്യനെ അവന്‍റെ ഏതു സാഹചര്യത്തിലും ബഹുമാനിക്കാനും കാരുണ്യപൂര്‍വ്വം ഇടപെടാനും പുതുവര്‍ഷവും ആഗ്രഹിക്കുന്നു. മനുഷ്യരക്ഷക്കായി കുരിശില്‍ മരിച്ച ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിനും പകരം തീവ്രവാദികളെ അനുകരിക്കണമെന്ന ആഗ്രഹം ക്രൈസ്തവ മതാത്മകതയല്ല. കോവിഡാനന്തര ലോകത്തിന്‍റെ ആത്മീയതയും മതദര്‍ശനവും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളിലൂടെ വെളിപ്പെടുന്ന ക്രിസ്തുദര്‍ശനത്താല്‍ ജ്വലിക്കും, തീര്‍ച്ച.        

 

Comments

leave a reply