Foto

മതം, ആത്മീയത, മതേതരത്ത്വം, മതപരിവർത്തനം തുടങ്ങിയ വിഷയങ്ങളിലെ നിലപാട്

ഫാ. എബ്രഹാം ഇരിമ്പിനിക്കൽ
സെക്രട്ടറി, കെ സി ബി സി  മീഡിയ കമ്മീഷൻ 


മിന്നല്‍ മുരളി സിനിമയില്‍ ഒരേ പേരില്‍ ശരിയും തെറ്റും ചെയ്യുന്ന രണ്ടുപേർ  ഒരു സമൂഹത്തില്‍ പ്രവര്‍ത്തിച്ചാല്‍ സംഭവിക്കുന്ന തെറ്റിദ്ധാരണയ്ക്ക് പരിഹാരമായി നായകന്‍ പേരിനോട് ചേര്‍ത്ത് ഒറിജിനല്‍ എന്ന് ബ്രായ്ക്കറ്റ് ചേര്‍ക്കുന്നത് കണ്ടു. ഇവിടെ മത, ആത്മീയത, മതപരിവര്‍ത്തനം ഇവയിലെ ക്രൈസ്തവമായ ഒറിജിനല്‍ നിലപാട് പരിശോധിക്കാം. ഇന്ത്യയിലെ ബിജെപി ഭരണത്തിലുള്ള വിവിധ സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തനം നിരോധിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള മതപ്രചരണം ആരോപിക്കപ്പെട്ടാല്‍ അവര്‍ ശിക്ഷിക്കപ്പെടും. ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമം വര്‍ദ്ധിക്കുന്നു. ന്യൂനപക്ഷം നേരിടുന്ന ആക്രമത്തെ നേരിടാന്‍ ആര്‍ക്കൊക്കെ ഒരുമിച്ചു നില്ക്കാം? ആരെ ഒഴിവാക്കണം? തിന്മയെ എതിര്‍ക്കാന്‍ നന്മ ചെയ്യുന്നതും ആഗ്രഹിക്കുന്നതുമായ എല്ലാവര്‍ക്കും ഒരുമിച്ചു നില്ക്കാം. അതിലൊരു തെറ്റുമില്ല കാരണം തിന്മ ഭൂരിപക്ഷമതത്തിന്റെയോ ന്യൂനപക്ഷമതത്തിന്റെയോ സൃഷ്ടിയല്ല. അത് സ്വാര്‍ത്ഥമായ അധികാരമോഹത്തിന്റെ ഉല്‍പ്പന്നമാണ്. മുഖ്യധാരാ മാധ്യമങ്ങളോടൊപ്പം സ്വീകാര്യതയുള്ള ഒരു സ്വകാര്യ യുടൂബ് ചാനലില്‍ പറയുന്നത് കേട്ടു. എല്ലാവരും അവരവര്‍ ജനിച്ച മതത്തില്‍ തുടര്‍ന്നാല്‍ മതി. വളരെ നല്ലത് പക്ഷെ ഇന്ത്യയില്‍ ഈ ഭൂമിയില്‍ ഒരാള്‍ക്ക് മതം ജീവിക്കാനോ നിഷേധിക്കാനോ പുതിയത് കണ്ടെത്താനോ അവകാശമുണ്ടാകണം. അതിന് തടയുന്നത് മനുഷ്യസ്വാതന്ത്ര്യത്തിലുള്ള അപകടകരമായ കടന്നുകയറ്റമാണ്, ഭീകരതയാണ്.

ഒരു മതത്തെയും തള്ളിപറയേണ്ടതില്ല. തള്ളികളയേണ്ടത് മതത്രീവ്രവാദമാണ്. മറ്റു മതങ്ങളെ ബഹുമാനിക്കാനുള്ള കഴിവ് പരിഷ്‌കൃതവും ആധുനികവുമായ ഏതു സമൂഹത്തിനും ഉണ്ടാകണം.

ഒരു ബഹുമത, ബഹുസ്വര സമൂഹത്തില്‍ ഏതെല്ലാം കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്ന് 2011 ജനുവരിയില്‍ ബാങ്കോക്കില്‍ നടന്ന 3-ാമത് ഇന്റര്‍ ക്രിസ്റ്റിയന്‍ കണ്‍സള്‍ട്ടേഷന്‍ സമ്മേളനം തയ്യാറാക്കിയ 'Christians witness in multi-Religious world, Recommendations for Behavior'' പ്രതിപാദിക്കുന്നു. അതാരംഭിക്കുന്നത് ഈ നിലപാടോടെയാണ്, 'Mission belongs to the very essence of the church' സഭയുടെ അടിസ്ഥാന സ്വത്വമാണ് പ്രേഷിതപ്രവര്‍ത്തനം. ദൈവവചനം പ്രഘോഷിക്കുകയും അതിന് ലോകത്തില്‍ സാക്ഷ്യം നല്കുകയും ചെയ്യുക ഒരു ക്രൈസ്തവന്റെ അടിസ്ഥാന ധര്‍മ്മം, എല്ലാ മനുഷ്യരോടുമുള്ള പൂര്‍ണ്ണ ബഹുമാനത്തോടും സ്നേഹത്തോടും ഇത് നിര്‍വ്വഹിക്കണം.

ഏതുതരം പ്രവര്‍ത്തനങ്ങളുടെ പേരിലാണോ ഇന്ത്യയില്‍ ഇപ്പോള്‍ ക്രൈസ്തവ പീഢനം വര്‍ദ്ധിക്കുന്നത്? ചൈന, ഉത്തരകൊറിയ, പാക്കിസ്ഥാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ ന്യൂനപക്ഷ പീഢനത്തിന് തുല്യമാണ് ഇന്ത്യയിലെ ന്യൂനപക്ഷ പീഢനത്തിന്റെ നിരക്കെന്ന് 2020 ലെ റിപ്പോര്‍ട്ടില്‍ ഒരു യു. എസ് ഏജന്‍സി വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശില്‍ മാത്രം 99 കേസ്സുകള്‍, ചത്തീസ്ഗഡില്‍ 89, ഈ വര്‍ഷം രാജ്യത്ത് 478 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു എന്നാണ് ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ് ഓഫ് ഇന്ത്യയുടെ പഠനറിപ്പോര്‍ട്ട്. ഡിസംബര്‍ 30 ലെ The Hindu editorial പേജില്‍ ഡിസംബര്‍ 17 മുതല്‍ 19 വരെ ഹരിദ്വാരില്‍ നടന്ന വെറുപ്പിന്റെ മതതീവ്രവാദ സമ്മേളനത്തെക്കുറിച്ച് ഭയത്തോടെ വസുന്ധര എഴുതുന്നു.

മതേതരത്ത്വത്തിന്റെ ഭാരതീയ വ്യഖ്യാനം നമുക്കറിയാം. അത് മതനിഷേധമല്ല. എല്ലാ മതങ്ങളോടുമുള്ള തുല്യപരിഗണനയാണ്. വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും വിശ്വാസം പരിശോധിക്കാനും പുനര്‍മൂല്യനിര്‍ണ്ണയം ചെയ്യാനുമുള്ള അവകാശവും സ്വാതന്ത്ര്യവും ഭാരതത്തിലെ ജനാധിപത്യവ്യവസ്ഥ ഓരോ പൗരനും ഉറപ്പുനല്കുന്നു. ഒരു ബഹുസ്വര സമൂഹത്തില്‍ ഏതെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മൂന്നാമത്  Inter Christian Consultation പ്രസ്താവിക്കുന്നു.

1. ദൈവസ്നേഹത്തില്‍ പ്രവര്‍ത്തിക്കുക: എന്നുപറഞ്ഞാല്‍ ദൈവമാണ് സ്നേഹത്തിന്റെ ശ്രോതസ്സ് എന്നര്‍ത്ഥം

2. യേശുക്രിസ്തുവിനെ അനുകരിക്കുക: ക്രിസ്തുവിന്റെ രക്ഷാകരമായ സഹനവും ജീവിതത്തില്‍
നിലനിര്‍ത്തിയ കരുണയും സ്നേഹവും നിറഞ്ഞ പ്രവര്‍ത്തനങ്ങളും.

3. ക്രൈസ്തവ പുണ്യങ്ങള്‍ അനുശീലിക്കുക

4. നീതിയിലും സ്നേഹത്തിലുമുറച്ച സേവനങ്ങള്‍: ഇതില്‍ വിദ്യാഭ്യാസം, ആതുരസേവനം
നീതിപ്രവര്‍ത്തനം പൊതു ഇടങ്ങളിലെ പ്രതിരോധം തുടങ്ങിയ മനുഷ്യസ്വാതന്ത്ര്യത്തിന്റേയും
നീതിയുടെയും പക്ഷത്ത് നിലയുറപ്പിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടും.

5. സൗഖ്യശുശ്രൂഷയില്‍ പുലര്‍ത്തേണ്ട വിവേചനബുദ്ധി: മനുഷ്യന്റെ ഏറ്റവും ദുര്‍ബ്ബലമായ അവസ്ഥയില്‍
അവനോടൊപ്പം നില്ക്കുന്നതും സഹായിക്കുന്നതും സുവിശേഷസാക്ഷ്യത്തിന്റെ ഭാഗമാണ്.

6. ഹിംസയെ തള്ളിക്കളയുക: സാമൂഹ്യവും മാനസികവുമായ എല്ലാത്തരം ഹിംസയേയും എതിര്‍ക്കുക.
വി. വസ്തുക്കളോടും സ്ഥലങ്ങളോടും ആരാധനാലയങ്ങളോടും അതിക്രമം പാടില്ല.
ബഹുമതസമൂഹത്തില്‍ ഇത് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ മാത്രം ആവശ്യമല്ല.
എല്ലാ മതകേന്ദ്രങ്ങളും മനുഷ്യസ്നേഹികളും ഇത്തരം നിലപാടുകള്‍ സമൂഹത്തില്‍ ഉയര്‍ത്തിപ്പിടിക്കണം.

7. മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം: വ്യക്തിയുടെ അടിസ്ഥാനപരമായി മഹത്വത്തില്‍നിന്നും
ഉടലെടുക്കുന്നതാണ് ഏതു മതം വിശ്വസിക്കണം, പ്രഘോഷിക്കണം, പ്രചരിപ്പിക്കണം എന്നുള്ളത്.
ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനില്‍ അടിസ്ഥാനമാക്കിയാണ് ഈ സ്വാതന്ത്ര്യത്തെ
മനസ്സിലാക്കുന്നത്.

8. പരസ്പര ഐക്യവും ബഹുമാനവും

9. എല്ലാ ജനതയോടുമുള്ള ആദരവ്: സംസ്‌കാരങ്ങളെ സമ്പന്നമാക്കുന്നതിനും തിരുത്തലുകള്‍
ആവശ്യമായിടത്ത് അത് നിര്‍വ്വഹിക്കാനും കഴിയുന്നതാണ് സുവിശേഷം. ഇത് എങ്ങനെ? ഇതിന്റെ
അടിസ്ഥാനം എന്താണ്? ക്രിസ്തുവില്‍ എല്ലാവരും ബഹുമാനം അര്‍ഹിക്കുന്നവരും തുല്യരുമാണ്.
ആദിവാസിജനതയെ കോര്‍പ്പറേറ്റുകളുടെ കൂടിയ മനുഷ്യത്ത്വ - അധികാരഅവകാശങ്ങള്‍ക്കുവേണ്ടി
തകര്‍ക്കുന്നതിനെ എതിര്‍ക്കുന്നത് ഇത്തരം സാംസ്‌കാരികമായ തിരുത്തലാണ്. അത് ചെയ്യുന്നവനെ അര്‍ബന്‍
നക്സലെന്ന് വിളിക്കുന്നത് ശുദ്ധ അഹന്തയാണ്.

കറുത്തവനും ദളിതനും ആദിവാസിയും ജാതിയുടെയും മതനിയമങ്ങളുടെയും പേരില്‍ സമൂഹത്തിന്റെ
മുഖ്യധാരയില്‍ നിന്ദിക്കപ്പെടുന്നതും ചവിട്ടിമെതിക്കപ്പെടുന്നതും തിരുത്തല്‍ ആവശ്യമായ ഇടമാണ്.

കുഷ്ഠരോഗിയെയും അനാഥനെയും നെഞ്ചോട് ചേര്‍ത്തതും അത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്നും നിരന്തരം
തുടരുന്നതും ആത്മീയ കര്‍മ്മമാണ്, ക്രിസ്തുവിന്റെ വഴിയാണ്. അവരിലാരും തൊട്ടടുത്ത ഇടവക
പ്പള്ളിയിലെ രജിസ്റ്ററില്‍ പേരു ചേര്‍ത്തിട്ട് വന്നവരായിരുന്നില്ല, പിന്നീടും അങ്ങനെ ചെയ്തിട്ടില്ല. എന്നിട്ടും
നീലക്കരയുള്ള സന്ന്യസവസ്ത്രത്തെ ചിലർ പുലഭ്യം പറയുന്നെങ്കില്‍ അവരെ തിരുത്താന്‍ നമുക്ക് ഉത്തര
വാദിത്തമുണ്ട്.

''നരബലി കൊണ്ട് കുരുതിയാടുന്ന രുധിരകാളിതന്‍
പുരാണഭൂവില്‍, പരേദശത്തു നിന്നൊരു പിറവുപോല്‍
പറന്നുവന്നതാം പരമസ്നേഹമേ,
ജനകനില്ലാതെ ജനനിയില്ലാതെ, മതവും ജാതിയും
കുലവുമില്ലാതെ തെരുവില്‍ വാവിട്ടു കരയും കുഞ്ഞിനെ
ഇരുകൈയ്യാല്‍ കോരിയെടുത്തു ചുംബിക്കും മഹാകാരുണ്യത്തിന്‍
മനുഷ്യരൂപമേ''
എന്ന് എഴുതിയത് ബുദ്ധമതത്തിലേക്ക് മതം മാറിയ മലയാളിക്കവിയാണ്.

10. മറ്റ് മതങ്ങളോടുള്ള ബഹുമാനം: സത്യസന്ധമായും ബഹുമാനപൂര്‍ണ്ണമായും മറ്റ് മതങ്ങളോട് പെരുമാറുക,
അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും മനസ്സിലാക്കുക, അവയിലെ ശരിയും നന്മയും അറിയുക.
പരസ്പരബഹുമാനത്തിലുറച്ചതാവണം വിമര്‍ശനവും കമന്റുകളും. ഇക്കാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍
നടക്കുന്ന തീവ്രസ്വഭാവത്തിലുള്ള വാദപ്രതിവാദങ്ങള്‍ക്ക് നേതൃത്വം നല്കുന്ന വ്യക്തികളും സംഘടനകളും
ഇത് മനസ്സിലാക്കിയാല്‍ നന്നായിരുന്നു.

11. പൂര്‍ണ്ണ ബോധ്യത്തോടെ നടത്തേണ്ട വ്യക്തിപരമായ കര്‍മ്മമാണ് മതപരിവര്‍ത്തനം: സമയം, മതിയായ
ചിന്ത, ഒരുക്കം ഇവയിലൂടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തില്‍ ഒരാള്‍ ചെയ്യുന്ന കര്‍മ്മം. ഈ വിഷയത്തില്‍
ഇപ്പോള്‍ സജീവമായ ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ലൗവ് ജിഹാദെന്ന പ്രയോഗവും വിഷയവും
ഉയര്‍ന്നുവന്നതും ചര്‍ച്ചയാകുന്നതും ഈ പശ്ചാത്തലത്തിലാണ്.
മതം മാറ്റിയെടുത്ത്, സ്വന്തം മതത്തില്‍ ഏതുവിധേനെയും, കൊലപ്പെടുത്തിയും അക്രമിച്ചും ചതിച്ചും,
ആളെ ചേര്‍ക്കുന്നതരം മതം മാറ്റം ഒറിജിനലല്ല. ഒരു മതവും അതിന്റെ ആത്മീയതയും ഇതാവശ്യപ്പെടുമെന്ന്
വിശ്വസിക്കാന്‍ കഴിയില്ല. തീവ്രവാദികളും തിന്മയുടെ ശക്തികളുമാണ് ഇത്തരം പ്രവര്‍ത്തനത്തില്‍
ഏര്‍പ്പെടുന്നത്.

12. മതാന്തരബന്ധം വളര്‍ത്തണം: പരസ്പരം മനസ്സിലാക്കാനും അനുരഞ്ജനപ്പെടാനും, മനുഷ്യര്‍ക്കു
കഴിയണം. തിന്മയ്ക്കെതിരെ മാത്രമല്ല, നന്മ ചെയ്യാനും കൈകോര്‍ക്കാം. മതതീവ്രവാദത്തിനെതിരെ ദളിത്
പീഡനത്തിനെതിരെ, ആദിവാസി വേട്ടയ്ക്കെതിരെ കര്‍ഷകന്റെയും കുടിയേറ്റക്കാരന്റെയും
അഭയാര്‍ത്ഥികളുടെയും സംരക്ഷണത്തിനായി എല്ലാ മതവിശ്വാസിക്കും ഒരുമിക്കാന്‍ കഴിയണം.
മനുഷ്യര്‍ക്ക് സഹകരിക്കാനും പരസ്പരം സ്നേഹിക്കാനും കഴിയണം. അതില്‍ ആരെയും മാറ്റി
നിര്‍ത്തേണ്ട. ചോരക്കറപുരളാത്ത ഏതു കൊടിയും ഒപ്പം ചേര്‍ക്കാം.
 
ക്രിസ്തുമതത്തെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിന്റെ ജീവിതം  പ്രഘോഷിക്കാന്‍ ക്രിസ്ത്യാനിക്ക് കഴിയണം. അവകാശവുമുണ്ട്. പുതിയ മതപരിവര്‍ത്തന നിരോധന നിയമത്തിലൂടെ മുന്‍പ് നമ്മള്‍ പറഞ്ഞതരത്തിലുള്ള മനുഷ്യനന്മയും സ്വാതന്ത്ര്യവും ലക്ഷ്യമാക്കിയുള്ള ഏതുപ്രവര്‍ത്തനത്തെയും മതപരിവര്‍ത്തന ശ്രമമായി ചിത്രീകരിക്കാനും നിയമനടപടി സ്വീകരിക്കാനും ഭരണകൂടത്തിന്റെ വര്‍ഗ്ഗീയ നിറമനുസ്സരിച്ച് കഴിയും എന്നത് ആശങ്കപെടുത്തുന്നതാണ്. നമ്മുടെ രാജ്യത്തിലെ സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്ത്വവും ഏകാധിപത്യ സ്വഭാവത്തിന് വഴി മാറുന്നോ എന്നു ഭയക്കേണ്ടതുമുണ്ട്. മതപരിവര്‍ത്തനം (ഒറിജിനല്‍) മനുഷ്യ സ്വാതന്ത്ര്യത്തിന്റെ ഭാഗം തന്നെയാണ്.


 

Comments

leave a reply

Related News