Foto

വിദേശ - സ്വകാര്യ സർവകലാശാലകൾ: സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണം; കെ സി ബി സി വിദ്യാഭ്യാസ കമ്മീഷൻ

കൊച്ചി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ നിർണ്ണായകമായ വിദേശ-സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാർ അവ്യക്തത അവസാനിപ്പിച്ച് നിലപാടുകൾ വ്യക്തമാക്കണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ.

 

കേരളത്തിൽ നിലവിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ട കടമയും ഉത്തരവാദിത്വവും സംസ്ഥാന സർക്കാരിനുണ്ട്. സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേൽ ഇന്ന് നിലനിൽക്കുന്നതും തുടർച്ചയായി  അടിച്ചേൽപ്പിച്ചു കൊണ്ടിരിക്കുന്നതുമായ അനാവശ്യമായ സർക്കാർ ഉത്തരവുകളും, നിയന്ത്രണങ്ങളും നിരോധനങ്ങളും ഒഴിവാക്കി രാജ്യാന്തര കാഴ്ചപ്പാടും മത്സര ക്ഷമതയും സാമൂഹ്യബോധവുമുള്ള ഉന്നത വിദ്യാഭ്യാസ മേഖല സൃഷ്ടിക്കുന്നതിനായി സമഗ്ര മാറ്റങ്ങളും പൊളിച്ചെഴുത്തും കേരളത്തിൽ അടിയന്തരമായി നടപ്പാക്കേണ്ടതാണ് എന്നും ഭരണഘടന ഉറപ്പാക്കുന്ന വിദ്യാഭ്യാസ ന്യൂനപക്ഷ അവകാശങ്ങൾ  രാജ്യത്തും സംസ്ഥാനത്തും സംരക്ഷിക്കപ്പെടണമെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ വ്യക്തമാക്കി.

കൊച്ചി പാലാരിവട്ടം പി  ഒ സിയി ൽ ചേർന്ന കേരളത്തിലെ കത്തോലിക്ക മെഡിക്കൽ, എഞ്ചിനീയറിംഗ്, പ്രൊഫഷണൽ,  സ്വകാര്യ / സ്വാശ്രയ / എയ്ഡഡ് ആർട്സ് ആൻഡ് സയൻസ്,  നഴ്സിങ്, ബി. എഡ് കോളെജുകളുടെ  മാനേജർമാരുടെയും പ്രിൻസിപ്പൽമാരുടെയും സംയുക്ത സമ്മേളനം കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു.

 

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങൾ ബലി കഴിക്കാൻ ആരെയും അനുവദിക്കില്ല എന്നും ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ അപലപനീയവും, എതിർക്കപ്പെടേണ്ടതുമാണ് എന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. കേരളത്തിൻറെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ  ത്യാഗപൂർണ്ണവും നിസ്വാർത്ഥവുമായ സേവനങ്ങളാണ്  നൂറ്റാണ്ടുകളായി ക്രൈസ്തവ സമൂഹം പങ്കുവയ്ക്കുന്നത്. ഇതിനെ നിസ്സാരവൽക്കരിക്കാൻ ശ്രമിക്കുന്നവർ ചരിത്രം പഠിക്കാത്തവരാണ്. ആധുനിക കാലഘട്ടത്തിലെ ആഗോള അവസരങ്ങൾ കണ്ടെത്തി മത്സരിച്ചു മുന്നേറുവാനും. ആദർശ ശുദ്ധിയിൽ അടിയുറച്ച് നിലനിൽക്കുവാനും പുതുതലമുറയെ പ്രാപ്തരാക്കുവാൻ നമുക്കാകണം. സത്യത്തിന് സാക്ഷികളായി നമ്മുടെ രാജ്യത്തോടും സമൂഹത്തോടും  കടപ്പാട് ഉള്ള ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്ന കേന്ദ്രങ്ങളായി ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തന നിരതരാകണമെന്നും ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു.
സമ്മേളനത്തിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ: ജേക്കബ് .ജി പാലക്കാപ്പള്ളി അധ്യക്ഷത വഹിച്ചു. കെ സി ബി സി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ: ആൻറണി അറക്കൽ, സിബിസിഐ ലൈയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ: വി സി സെബാസ്റ്റ്യൻ, ഫാ: ഡോ: അനിൽ ജോർജ് സി എം ഐ, ഡോ: ജിയോ ജോസ് ഫെർണാണ്ടസ്, ഡോ: അൽഫോൻസ വിജയ ജോസഫ്, ഫാ: ഡോ: റെജി പി.കുര്യൻ എന്നിവർ വിഷയാവതരണങ്ങൾ നടത്തി. ഫാ: ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, ഫാ: ഡോ. മാർട്ടിൻ കെ എ,  ഫാ: ഡോ. പോളച്ചൻ കൈത്തോട്ടുങ്കൽ എന്നിവർ സംസാരിച്ചു
 

Comments

leave a reply

Related News