Foto

സാങ്കേതികവിദ്യ മനുഷ്യന്റെ അന്തസ്സിനും പൊതുനന്മയ്ക്കും പ്രയോജനപ്പെടണം: ലിയോ പതിനാലാമൻ പാപ്പാ

വാഹനനിർമ്മാണമേഖലയിൽ ഉൾപ്പെടെ, സാങ്കേതികവിദ്യകളിലെ മുന്നേറ്റം മനുഷ്യന്റെ അന്തസ്സും, പ്രപഞ്ചത്തിന്റെ സംരക്ഷണവും പൊതുനന്മയും ഉറപ്പാക്കുന്നതാകണമെന്ന് ലിയോ പതിനാലാമൻ പാപ്പാ. ജർമ്മനിയിൽനിന്നുള്ള വാഹനനിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് കമ്പനിയിലെ, ഉന്നത ഉദ്യോഗസ്ഥരും, പ്രവർത്തകരുടെ പ്രതിനിധികളുമടങ്ങുന്ന സംഘത്തിന് ഒക്ടോബർ 28 ബുധനാഴ്ച രാവിലെ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് സംസാരിക്കവെയാണ്, മനുഷ്യരുടെയും പ്രകൃതിയുടെയും കാര്യത്തിൽ വേണ്ട കരുതലിനെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.

"പേപ്പൽ വാഹനങ്ങളുടെ ഒരു നൂറ്റാണ്ട്" എന്ന പേരിൽ വത്തിക്കാനിൽ നടക്കുന്ന വാഹനപ്രദർശനത്തിന്റെ കൂടി പശ്ചാത്തലത്തിൽ നടന്ന ഈ കൂടിക്കാഴ്ചയിൽ, തന്റെ മുൻഗാമി ഫ്രാൻസിസ് പാപ്പായ്ക്ക്, 2025-ലെ ജൂബിലിയുടെ അവസരത്തിൽ പൂർണ്ണമായും വൈദ്യുതയിൽ പ്രവർത്തിക്കുന്ന വാഹനം മെഴ്‌സിഡസ് ബെൻസ് കമ്പനി നൽകിയതും പാപ്പാ അനുസ്മരിച്ചു.

താനുൾപ്പെടെയുള്ള പാപ്പാമാരെ സംബന്ധിച്ചിടത്തോളം വെറും യാത്രയ്‌ക്കെന്നതിലുപരി പൊതുകൂടിക്കാഴ്ചകളിലും അജപാലനയാത്രകളിലും ഉൾപ്പെടെ, വിശ്വാസികളുമായി സംവദിക്കുന്നതിനായി അവർക്കരികിലേക്ക് എ ത്തുന്നതിനായുള്ള ഉപാധിയെന്ന നിലയിലാണ്, കമ്പനി നല്കിയവയുൾപ്പെടെയുള്ള വാഹനങ്ങൾ ഉപകരിക്കുകയെന്ന് പാപ്പാ പ്രസ്താവിച്ചു. വിശ്വാസികളിലേക്ക് വിശ്വാസത്തിന്റെയും പ്രത്യാശയുടെയും കാരുണ്യത്തിന്റെയും സന്ദേശം നൽകിക്കൊണ്ട് എത്തിച്ചേരാൻ സഹായിക്കുന്നതുവഴി, സഭയുടെ മിഷനറി നിയോഗത്തെയാണ് കമ്പനി കൂടുതൽ എളുപ്പമുള്ളതാക്കി മാറ്റിയതെന്നും പാപ്പാ പ്രസ്താവിച്ചു.

വാഹനനിർമ്മാണരംഗത്ത് ഉണ്ടായിരിക്കേണ്ട വിവിധ മൂല്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച പാപ്പാ, സുസ്ഥിരവും എല്ലാവർക്കും പ്രാപ്യവുമായ ഗതാഗതസംവിധാനങ്ങൾ വികസിപ്പിക്കുന്നതിനാണ് വാഹനനിർമാതാക്കൾ പരിശ്രമിക്കേണ്ടതെന്ന് ഓർമ്മിപ്പിച്ചു.

പരിശുദ്ധ സിംഹാസനവും മെഴ്‌സിഡസ് ബെൻസ് കമ്പനിയും തമ്മിലുള്ള ഏതാണ്ട് ഒരു നൂറ്റാണ്ട് നീളുന്ന സഹകരണത്തിന്റെ ചരിത്രമാണ്, "പേപ്പൽ വാഹനങ്ങളുടെ ഒരു നൂറ്റാണ്ട്" എന്ന പേരിലുള്ള പ്രദർശനം അനുസ്മരിക്കുന്നത്. 1930-ൽ പതിനൊന്നാം പിയൂസ് പാപ്പായ്ക്ക് ആദ്യത്തെ മെഴ്‌സിഡസ് ബെൻസ് കാർ നൽകിക്കൊണ്ട് ആരംഭിച്ച ഈ ബന്ധം തുടർന്നുള്ള പാപ്പാമാരുടെ കാലത്തും തുടരുകയായിരുന്നു.

Comments

leave a reply

Related News